News >> റവ.ഡോ. ജോസ് പുളിക്കല്‍ കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍
സ്വന്തം ലേഖകന്‍
കൊച്ചി: കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ സഹായമെത്രാനായി റവ.ഡോ. ജോസ് പുളിക്കല്‍ നിയമിതനായി. കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടന്ന സീറോ മലബാര്‍ സഭാ സിനഡിലായിരുന്നു തെരഞ്ഞെടുപ്പ്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12-നു വത്തിക്കാനിലും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു 4.30ന് കാക്കനാട് സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയായിലും നടന്നു. കാഞ്ഞിരപ്പള്ളി രൂപത സിഞ്ചെല്ലൂസാണു നിയുക്ത മെത്രാന്‍. നിയുക്ത മെത്രാന്റെ അഭിഷേകം ഫെബ്രുവരി നാലിന് ഉച്ചകഴിഞ്ഞു രണ്ടിനു നടക്കും.
കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മേജര്‍ ആര്‍ച്ച്ബിഷപ്പും കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കലും ചേര്‍ന്നു നിയുക്ത മെത്രാനെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു. കൂരിയ വൈസ് ചാന്‍സലര്‍മാരായ റവ.ഡോ. സെബാസ്റ്യന്‍ വാണിയപ്പുരയ്ക്കലും ഫാ. പോള്‍ റോബിന്‍ തെക്കത്തും നിയമന ഉത്തരവ് വായിച്ചു.
കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നിയുക്ത മെത്രാനു ബൊക്കെ നല്‍കി. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ആശംസകള്‍ നേര്‍ന്നു. സീറോ മല ബാര്‍ സഭാ സിനഡിലെ എല്ലാ മെത്രാന്മാരും ചടങ്ങില്‍ പങ്കെടുത്തു.
1964 മാര്‍ച്ച് മൂന്നിനു കാഞ്ഞിരപ്പള്ളി രൂപതയിലെ ഇഞ്ചിയാനി ഇടവകയിലാണ് റവ.ഡോ. ജോസ് പുളിക്കലിന്റെ ജനനം. പുളിക്കല്‍ പരേതരായ ആന്റണി- മറിയാമ്മ ദമ്പതികളുടെ ഏക മകനാണ്. ഇഞ്ചിയാനി ഹോളി ഫാമിലി സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും മുണ്ടക്കയം സിഎംഎസില്‍ ഹൈസ്കൂള്‍ പഠനവും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കോളജില്‍ പ്രീഡിഗ്രിയും പൂര്‍ത്തിയാക്കി. വൈദികപരിശീലനത്തിനായി പൊടിമറ്റത്തുള്ള കാഞ്ഞിരപ്പള്ളി രൂപതാ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു.
വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ തത്ത്വശാസ്ത്രപഠനവും ദൈവശാസ്ത്രപഠനവും നടത്തിയ നിയുക്തമെത്രാന്‍ 1991 ജനുവരി ഒന്നിന് ബിഷപ് മാര്‍ മാത്യു വട്ടക്കുഴിയില്‍ നിന്നു പൌരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കത്തീഡ്രലില്‍ സഹവികാരിയായി ശുശ്രൂഷ ചെയ്തു.
സെമിനാരി പഠനകാലം മുതലേ ജീവകാരുണ്യപ്രവര്‍ത്തനമേഖലയില്‍ അതീവ തത്പരനായിരുന്ന റവ.ഡോ. പുളിക്കല്‍ രണ്ടു വര്‍ഷം തൃശൂര്‍ വെട്ടുകാട് സ്നേഹാശ്രമത്തില്‍ സേവനം ചെയ്തു. ബംഗളൂരു സെന്റ് പീറ്റേഴ്സ് ഇന്‍സ്റിറ്റ്യൂട്ടിലും ധര്‍മാരാം വിദ്യാക്ഷേത്രത്തിലുമായി ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി രൂപതാ വിശ്വാസജീവിത പരിശീലന കേന്ദത്തിന്റെയും മിഷന്‍ ലീഗിന്റെയും ഡയറക്ടറായി എട്ടു വര്‍ഷം സേവനം ചെയ്തു. പത്തനംതിട്ട ഫൊറോനാ വികാരിയായും റാന്നി- പത്തനംതിട്ട റീജണിന്റെ പ്രത്യേക ചുമതലയുള്ള വികാരി ജനറാളായും നിയമിക്കപ്പെട്ടു. നിലവില്‍ രൂപതയിലെ ഇടവകകളുടെയും വൈദികരുടെയും മേല്‍നോട്ടം വഹിക്കുന്ന സിഞ്ചെല്ലൂസാണ് റവ.ഡോ. പുളിക്കല്‍.
മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവരുടെ ഏക സന്താനമായ അച്ചന്‍, സ്വന്തം വീടും സ്ഥലവും സ്നേഹാശ്രമം എന്ന പേരില്‍ കുട്ടികളുടെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുകൊടുത്തു.
അറിയപ്പെടുന്ന വാഗ്മിയും ഗ്രന്ഥകാരനുമായ നിയുക്ത മെത്രാന്‍ ഇംഗ്ളീഷിലും മലയാളത്തിലുമായി അഞ്ചു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. വിവിധ സെമിനാരികളിലും ഇന്‍സ്റിറ്റ്യൂട്ടുകളിലും അധ്യാപ കനാണ്.
Source: Deepika