News >> മനുഷ്യനെയും പരിസ്ഥിതിയെയും വേറിട്ടു കാണരുതെന്ന് പാപ്പാ
മനുഷ്യനെയും പരിസ്ഥിതിയെയും വേര്‍തിരിക്കരുതെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. വത്തിക്കാനില്‍ സംഗമിച്ച നഗരസഭാദ്ധ്യക്ഷന്മാരുടെ ആഗോള സംഗമത്തെ അഭിസംബോധനചെയ്തുകൊണ്ടു സംസാരിക്കവെയാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.പരിസ്ഥിതിയോട് അനുഭാവമുള്ള മനോഭാവം മനുഷ്യരോടു തന്നെ അനുഭാവവും സ്നേഹമുള്ള മനോഭാവമാണെന്നും, പരിസ്ഥിതിയുടെ കേന്ദ്രസ്ഥാനത്ത് മനുഷ്യനാണെന്നും പാപ്പാ പ്രസ്താവിച്ചു. പരിസ്ഥിതി പൂര്‍ണ്ണമാകുന്നത് മനുഷ്യന്‍ അതിന്‍റെ ഭാഗമാകുകയും, അതിന്‍റെ കേന്ദ്രസ്ഥാനത്ത് ജീവിക്കുകയും ചെയ്യുന്നതുകൊണ്ടാണെന്ന് പാപ്പാ സമര്‍ത്ഥിച്ചു. ഈ സാഹചര്യത്തില്‍ തന്‍റെ പുതിയ പ്രബോധനം, Laudato Si' അങ്ങേയ്ക്കു സ്തുതി! ഒരു സാമൂഹ്യപ്രബോധനമാണെന്നും, ഈ അര്‍ത്ഥത്തില്‍ അതൊരു പരിസ്ഥിതി സംബന്ധിയായ പ്രബോധനമല്ലെന്നുx പ്രഭാഷണത്തില്‍ പാപ്പാ മേയര്‍മാരെ ധരിപ്പിച്ചു. പരിസ്ഥിതിയെ ഉപയോഗിക്കുന്നതു മനുഷ്യനാണ്. അത് മോശമായും സ്വാര്‍ത്ഥമായും ഉപയോഗിച്ചാല്‍ അതനുസരിച്ച് പ്രകൃതി വികൃതമാകുകയും, അത് മനുഷ്യന് എതിരാവുകയും ചെയ്യുന്നതാണ് കാലാവസ്ഥാവ്യതിയാനവും, ആഗോളതാപനവുമെന്ന് പാപ്പാ വിശദീകരിച്ചു.മേയര്‍മാരെ ഈ സമ്മേളനത്തിലേയ്ക്ക് വിളിക്കുവാനുള്ള പ്രത്യേക കാരണം തുടര്‍ന്ന് പാപ്പാ വ്യക്തമാക്കി. കാരണം പരിസ്ഥിതി വിനാശത്തിന്‍റെ കെടുതികള്‍മൂലം ഗ്രാമങ്ങള്‍ വാസയോഗ്യമല്ലാതാകുമ്പോള്‍ മനുഷ്യന്‍ വന്‍നഗരങ്ങളിലേയ്ക്കാണ് കുടിയേറുന്നത്.