News >> മാതൃസഭയോടു ചേര്‍ന്നു യുവജനങ്ങള്‍ സാക്ഷികളാകണം: മാര്‍ ആലഞ്ചേരി

കൊച്ചി: യുവജനങ്ങള്‍ മാതൃസഭയോടു ചേര്‍ന്ന് ലോകത്തില്‍ ക്രിസ്തുവിനു സാക്ഷ്യം നല്‍കുന്നവരാകണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ യൂത്ത് കമ്മീഷന്റെയും സീറോ മലബാര്‍ യൂത്ത് മൂവ്മെന്റിന്റെയും (എസ്എംവൈഎം) ഓഫീസ് കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ ആശീര്‍വദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഭയുടെ സുപ്രധാനമായ അജപാലന മേഖലയാണ് യുവജന ശുശ്രൂഷ. എസ്എംവൈഎമ്മിനു തുടക്കം കുറിച്ചതോടെ ലോകത്തെമ്പാടുമുള്ള സീറോ മലബാര്‍ യുവജനങ്ങളെ ഒരു കുടക്കീഴിലാക്കുന്നതിനുള്ള സഭയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായിരിക്കുകയാണ്. സീറോ മലബാര്‍ സഭയുടെ അജപാലന ശുശ്രൂഷകളോടു ചേര്‍ന്നുനിന്ന് യുവജന ശുശ്രൂഷ ചെയ്യാനും ലോകത്തിന്റെ പ്രകാശമായ ഈശോയുടെ സത്യവെളിച്ചം തങ്ങളുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ പ്രസരിപ്പിക്കാനും കര്‍ദിനാള്‍ യുവജനങ്ങളെ ആഹ്വാനം ചെയ്തു. 

ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ മാത്യു മൂലക്കാട്ട്, അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍, യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍, യൂത്ത് കമ്മീഷന്‍ സിനഡല്‍ അംഗങ്ങളായ ബിഷപ്പുമാരായ മാര്‍ എഫ്രേം നരികുളം, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, മൈഗ്രന്റസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്യന്‍ വടക്കേല്‍, ബിഷപ് മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്, യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്യന്‍ കൈപ്പന്‍പ്ളാക്കല്‍, എസ്എംവൈഎം പ്രസിഡന്റ് സിജോ അമ്പാട്ട്, ജനറല്‍ സെക്രട്ടറി ടിജോ പടയാട്ടില്‍ എന്നിവരും മറ്റു ഭാരവാഹികളും വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാരും സമര്‍പ്പിതരും പങ്കെടുത്തു.
Source: Deepika