News >> ഇന്‍ഫാം കര്‍ഷക ദിനാചരണം നാളെ (15-01-2016)

കൊച്ചി: ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ നാളെ കര്‍ഷകദിനമായി ആചരിക്കും. കാര്‍ഷികമേഖലയോടുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകളില്‍ പ്രതിഷേധിച്ചു വിവിധ കേന്ദ്രങ്ങളില്‍ സമ്മേളനം നടത്തും. സംസ്ഥാനതല കര്‍ഷകദിനാചരണ പരിപാടി മൂവാറ്റുപുഴയ്ക്കടുത്തു വാഴക്കുളത്തു നടക്കും. കാര്‍ഷിക പ്രശ്നത്തില്‍ മുഖംതിരിഞ്ഞു നില്‍ക്കുന്ന സര്‍ക്കാരിനെതിരേ വൈകുന്നേരം നാലിനു പിന്നോട്ടുനടന്നുള്ള കര്‍ഷക പ്രകടനം നടക്കും. 

കര്‍ഷകദിനാചരണവും പ്രതിഷേധപ്രകടനവും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ.വി.സി.സെബാസ്റ്യന്‍ ഉദ്ഘാടനംചെയ്യും. സംസ്ഥാന കണ്‍വീനര്‍ ജോസ് എടപ്പാട്ടിനു പതാക കൈമാറിയാണ് ഉദ്ഘാടനം. പ്രകടനത്തെത്തുടര്‍ന്നുള്ള സമ്മേളനത്തില്‍ ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പള്ളി അധ്യക്ഷതവഹിക്കും. കട്ടപ്പന ഇമാം മുഹമ്മദ് മൌലവി അല്‍ കൌസാരി മുഖ്യപ്രഭാഷണം നടത്തും. 

ഇന്‍ഫാം ദേശീയ പ്രസിഡന്റ് പി.സി. സിറിയക്, വൈസ് ചെയര്‍മാന്‍ കെ. മൈതീന്‍ ഹാജി, ജനറല്‍ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാല്‍, സെക്രട്ടറി ഫാ.ജോര്‍ജ് പൊട്ടയ്ക്കല്‍, ട്രസ്റി ഡോ.എം.സി.ജോര്‍ജ്, ട്രഷറര്‍ ജോയി തെങ്ങുംകുടി, ഫാ.ജോസ് തറപ്പേല്‍, ഫാ.പോള്‍ ചെറുപിള്ളി, ഫാ.മാത്യു പൊന്നാമ്പേല്‍ എന്നിവര്‍ പ്രസംഗിക്കും.

സമരം വിജയിപ്പിക്കാന്‍ എല്ലാ കര്‍ഷകരും മുന്നോട്ടുവരണമെന്നു ഇന്‍ഫാം തൊടുപുഴ, കോതമംഗലം, മൂവാറ്റുപുഴ സംയുക്തമേഖല കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന കണ്‍വീനര്‍ ജോസ് ഇടപ്പാട്ട് അധ്യക്ഷതവഹിച്ചു. ഡയറക്ടര്‍ ഫാ. ജോസ് മോനിപ്പള്ളി ആമുഖപ്രസംഗം നടത്തി. ഡോ.എം.സി. ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ ജോയി ജോണ്‍, ജോയി പള്ളിവാതുക്കല്‍, റോയി വള്ളമറ്റം, കെ.വി. വര്‍ക്കി, പി.ടി. ഫ്രാന്‍സിസ്, സണ്ണി കുറുങ്ങാട്ട്, ജെയിംസ് കപ്യാരുമല എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.


Source: Deepika