News >> ദളിത് ക്രൈസ്തവര്‍ക്കു സംവരണം നിഷേധിക്കരുത്: ഡിസിഎംഎസ്

തിരുവനന്തപുരം: മതേതരത്വ മുഖമുദ്രയായി ഭരണം നടത്തുന്ന ഭാരതത്തില്‍ ക്രിസ്തുമതം സ്വീകരിച്ചതിന്റെ പേരില്‍ ഭാരതീയരായ ദളിത് ക്രൈസ്തവര്‍ക്കു സംവരണം നിഷേധിക്കുന്ന പ്രവണത ഇനിയെങ്കിലും ഭാരത സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നു ദളിത് കത്തോലിക്കാ മഹാജനസഭ (ഡിസിഎംഎസ്) സംസ്ഥാന പ്രസിഡന്റ് എ. അംബി കുളത്തൂര്‍ ആവശ്യപ്പെട്ടു.

1950 ഓഗസ്റ് 10-ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഹിന്ദുക്കളല്ലാത്ത ദളിതരെയെല്ലാം സംവരണത്തിനായുള്ള പട്ടികയില്‍നിന്ന് ഒഴിവാക്കി. ഭരണഘടനാവിരുദ്ധമായ ഈ ഉത്തരവിനെതിരേ അന്നു മുതല്‍ ദളിത് ക്രൈസ്തവര്‍ സമരംചെയ്തുവരുന്നു. ഹിന്ദുമതം, ബുദ്ധമതം, സിക്കുമതം മുതലായ മതത്തില്‍ വിശ്വസിക്കുന്ന ദളിതര്‍ക്കു സംവരണം നല്‍കുമ്പോള്‍ ക്രിസ്തുമതം സ്വീകരിച്ച ദളിതര്‍ക്കു സംവരണം നല്‍കാത്തത് എന്തുകൊണ്ടാണെന്നു ഭരണവര്‍ഗം വെളിപ്പെടുത്തണം. ഇത് അനീതിയും മനുഷ്യത്വമില്ലായ്മയുമാണ്. ന്യൂനപക്ഷ സമുദായങ്ങളുടെ ഉന്നമനത്തിനുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന രാഷ്ട്രീയക്കാര്‍ മറുപടി പറയണം.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ദളിത് ക്രൈസ്തവരും ഇതര ദളിത് സമൂഹങ്ങളും ദയനീയമായി കൊല്ലപ്പെടുന്നു. അവരുടെ ഭവനങ്ങള്‍ കത്തിച്ചുകളയുന്നു. ദളിത് സമുദായങ്ങളെ കൂട്ടത്തോടെ തീവച്ചും കൊല്ലുന്നു. ദളിത് സാഹിത്യകാരന്മാര്‍ പലതരത്തിലുള്ള ഭീഷണി നേരിടുന്നു. ഇതിനെതിരേ ഒരു ചെറുവിരല്‍പോലും അനക്കാന്‍ ഈ രാജ്യത്തെ ഭരണവര്‍ഗവും ഇതര രാഷ്ട്രീയക്കാരും തുനിഞ്ഞില്ല.

ദളിത് ക്രൈസ്തവര്‍ക്കു സംവരണം നല്‍കണമെന്നു സര്‍ക്കാര്‍ നിയമിച്ച വിവിധ കമ്മീഷനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും ഭരണകര്‍ത്താക്കള്‍ ഈ പാവങ്ങളുടെ നേരേ കണ്ണുതുറക്കുന്നില്ല. എന്നാല്‍, ഇന്ത്യയില്‍ ബംഗാള്‍, ഉത്തര്‍പ്രദേശ്, ആന്ധ്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ ദളിത്ക്രൈസ്തവ സംവരണം നല്‍കണമെന്നു ബില്‍ പാസാക്കി. എന്നാല്‍, കഴിഞ്ഞ പത്തുവര്‍ഷം രാജ്യം ഭരിച്ച യുപിഎ സര്‍ക്കാരും തുടര്‍ന്ന് അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാരും ദളിത് ക്രൈസ്തവരുടെ സംവരണാവകാശത്തോടു കാട്ടുന്ന ക്രൂരത ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന സംവരണ ഉറപ്പിന്റെ ലംഘനമാണ്. കേരള നിയമസഭയില്‍ ജമീല പ്രകാശവും റോഷി അഗസ്റിനും ദളിത് ക്രൈസ്തവ വിഷയം അവതരിപ്പിച്ചു. എന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മറുപടി വളരെ ദയനീയമായിപ്പോയി. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെപ്പോലെ നീതി നടപ്പാക്കാനുള്ള ഒരു മനസ് കേരള മുഖ്യമന്ത്രിക്ക് ഉണ്ടാകുമെന്ന പ്രതീക്ഷയും ഇപ്പോള്‍ ഞങ്ങള്‍ക്ക് അസ്ഥാനത്തായി. അടുത്തകാലത്ത് പാര്‍ലമെന്റില്‍ തമിഴ്നാട്ടിലെ ഒരു എംപി ദളിത് ക്രൈസ്തവര്‍ക്കു സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ബിജെപി മന്ത്രിസഭയിലെ ഒരു അംഗം ഒരിക്കലും സാധ്യമല്ല എന്നു പറഞ്ഞതും പത്രമാധ്യമങ്ങളില്‍ വായിക്കാനിടയായി.ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി സ്ഥാനമേറ്റ കുമ്മനം രാജശേഖരന്‍ സ്ഥാനമേല്‍ക്കുന്നതിനു മുമ്പുതന്നെ പ്രധാനമന്ത്രി മോദിക്കു നല്‍കിയ നിവേദനത്തില്‍ രംഗനാഥമിശ്ര കമ്മീഷന്‍ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ടിരിക്കുന്നു. ഭാരതം എന്റെ രാജ്യമാണ്, എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ് എന്ന് അഭിമാനത്തോടു പറയുമ്പോള്‍ കുമ്മനം രാജശേഖരനെപ്പോലെ ഒരാള്‍ ഈ പാവങ്ങളെ തള്ളിപ്പറയുന്നതു ശരിയല്ല.

ഇന്ത്യന്‍ ഭരണഘടനയില്‍ പൌരന്മാര്‍ക്ക് അനുവദിച്ചിട്ടുള്ള മതസ്വാതന്ത്യ്രത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തകാലത്തു വ്യക്തമാക്കിയിരുന്നു. തുല്യാവകാശം നിയമത്തിനു മുന്നില്‍ മാത്രമല്ല, സമൂഹത്തിനു മുന്നിലുമാണെന്നു മോദി പറഞ്ഞു. അതു സത്യമാണെങ്കില്‍ ഈ ഭാരതത്തില്‍ ജനിച്ചതും വളര്‍ന്നതും ക്രിസ്തുമതം സ്വീകരിച്ചവരുമായ ദളിത് ക്രൈസ്തവര്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി സംവരണം നല്‍കണം.

അടുത്തുവരുന്ന തെരഞ്ഞെടുപ്പില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ പ്രകടനപത്രികയില്‍ ദളിത് ക്രൈസ്തവര്‍ക്കു സംവരണം നല്‍കുമെന്ന് ഉറപ്പുനല്‍കണം. എങ്കില്‍ ലക്ഷക്കണക്കിനു വരുന്ന ദളിത് ക്രൈസ്തവര്‍ സംവരണം നല്‍കുന്ന പ്രസ്ഥാനത്തോടൊപ്പം എന്നും ഉണ്ടാകും. ഇല്ലെങ്കില്‍ മാറിവരുന്ന പുതിയ രാഷ്ട്രീയ സ്ഥിതിഗതികള്‍ അനുസരിച്ചു ദളിത് ക്രൈസ്തവര്‍ ചിന്തിക്കേണ്ടിവരുമെന്ന് അംബി കുളത്തൂര്‍ പറഞ്ഞു.
Source: Deepika