News >> മാര്‍ പവ്വത്തില്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ ആശീര്‍വാദം നാളെ (15-01-2016)
ചങ്ങനാശേരി: കത്തോലിക്കാ സഭയുടെ ആരാധനക്രമ ദൈവശാസ്ത്ര മേഖലകളിലും പൊതുസമൂഹത്തിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസരംഗങ്ങളിലും ഉജ്വല നേതൃത്വം നല്‍കിവരുന്ന ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ബഹുമാനാര്‍ഥം ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തില്‍ സ്ഥാപിതമായ ആരാധനക്രമ ഗവേഷണ പഠനകേന്ദ്രമായ ബേസ് മര്‍ദൂസായുടെ (ജ്ഞാനനികേതന്‍) ആശീര്‍വാദകര്‍മം നാളെ നടക്കും. പൌരസ്ത്യ ക്രിസ്തീയ വൈജ്ഞാനിക ശാഖകളുടെ ഗവേഷണ പഠനങ്ങള്‍ക്കായുള്ള മാരിയോസിന്റെ (മാര്‍ അപ്രേം റിസേര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഓറിയന്റല്‍ സയന്‍സ്) ആരാധനക്രമ ഗവേഷണ വിഭാഗമായാണ് ലിറ്റര്‍ജിക്കല്‍ റിസേര്‍ച്ച് സെന്റര്‍ സ്ഥാപിച്ചിരിക്കുന്നത്. സഭയുടെ ആധ്യാത്മിക സിരാകേന്ദ്രമായ ആരാധനക്രമത്തെ കേന്ദ്രീകരിച്ചുള്ള ക്രിസ്തീയ ജീവിതപരിപോഷണമാണ് ഈ കേന്ദ്രം ലക്ഷ്യം വയ്ക്കുന്നത്. ആരാധനക്രമ ഉറവിടങ്ങള്‍ ശേഖരിച്ച ലൈബ്രറി, ലിറ്റര്‍ജിക്കല്‍ ഡോക്യുമെന്റേഷന്‍ സെന്റര്‍, ഓഡിയോ-വിഷ്വല്‍ ഹാള്‍, സെമിനാര്‍ ഹാളുകള്‍, വിവിധ ഓഫീസുകള്‍ എന്നിവയാണ് പുതുതായി ആരംഭിക്കുന്ന കെട്ടിടസമുച്ചയത്തിലുള്ളത്.
സെന്ററിന്റെ ആശീര്‍വാദകര്‍മം നാളെ വൈകുന്നേരം 4.45ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിക്കും. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, ഓസ്ട്രിയയിലെ ഐസന്‍സ്റാറ്റ് രൂപതാ ബിഷപ് മാര്‍ എജിഡിയുസ് യോഹാന്‍ സിഫ്ക്കോവിച്ച്, ഫാ.കാള്‍ ഹീര്‍ട്ടന്‍ഫെല്‍ഡര്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മാരിയോസ് ലിറ്റര്‍ജിക്കല്‍ സ്റഡി ഫോറം ഉദ്ഘാടനം ചെയ്യും. മാര്‍ ജോസഫ് പവ്വത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തും. വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് മുണ്ടകത്തില്‍ മോണ്‍.ജെയിംസ് പാലയ്ക്കല്‍, കുടുംബകൂട്ടായ്മാ കേന്ദ്രം ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട്, ഡോ.പി.സി. അനിയന്‍കുഞ്ഞ്, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി അഡ്വ.ജോജി ചിറയില്‍, ജോസഫ് മറ്റത്തില്‍ എന്നിവര്‍ പ്രസംഗിക്കും.
ആരാധനക്രമ സംബന്ധമായ ഗവേഷണ കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍, പുസ്തക പ്രസാധനം, ദൃശ്യ ശ്രവ്യോപാധികള്‍, പ്രാദേശിക-അന്തര്‍ദേശീയ കോണ്‍ഫറന്‍സുകള്‍, മരിയോസ് ലിറ്റര്‍ജിക്കല്‍ സ്റഡി ഫോറം, ആരാധനക്രമ പഠന കോഴ്സുകള്‍ എന്നിവ ഈ കേന്ദ്രത്തില്‍ നടത്തും. ആരാധനക്രമ സംബന്ധമായ വിവിധ മേഖലകളായ കൂദാശകള്‍, കൂദാശാനുകരണങ്ങള്‍, യാമപ്രാര്‍ഥനകള്‍, ഭക്താനുഷ്ഠാനങ്ങള്‍, ആരാധനക്രമ കലണ്ടര്‍, ആരാധനക്രമ സംഗീതം, ദേവാലയ കലകള്‍ എന്നീ വിഷയങ്ങള്‍ സംബന്ധിച്ച പഠനഗവേഷണങ്ങള്‍ക്കു പുറമേ എക്യൂമെനിക്കല്‍, മതാന്തര ആരാധനാ പൈതൃകങ്ങളെക്കുറിച്ചുള്ള താരതമ്യപഠനവും ക്ളാസിക്കല്‍, ആധുനിക ഭാഷാ പഠനവും നടത്താനുള്ള പദ്ധതികളും ഈകേന്ദ്രത്തില്‍ ആവിഷ്ക്കരിക്കും.
പത്രസമ്മേളനത്തില്‍ വികാരി ജനറാള്‍ മോണ്‍.ജോസഫ് മുണ്ടകത്തില്‍, ഡയറക്ടര്‍ ഡോ.ജോസ് കൊച്ചുപറമ്പില്‍, ഫാ.സാവിയോ മാനാട്ട്, പ്രഫ.ജോസഫ് ടിറ്റോ, പ്രഫ.പി.സി. അനിയന്‍കുഞ്ഞ്, പ്രഫ.ജെ.സി. മാടപ്പാട്ട്, പ്രഫ.സെബാസ്റ്യന്‍ വര്‍ഗീസ്, അഡ്വ.ജോജി ചിറയില്‍ എന്നിവര്‍ സംബന്ധിച്ചു.
Source: Deepika