News >> 'കാരുണ്യമാണ് ദൈവനാമം': പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഥമപുസ്തകം പുറത്തിറങ്ങി
സുവിശേഷ മൂല്യങ്ങളിലേയ്ക്കു തിരികെ പോകാനുള്ള ആഹ്വാനമാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഥമഗ്രന്ഥമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു. 'കാരുണ്യമാണ് ദൈവനാമം,' (
The Name of God is Mercy) എന്നാണ് ഈ പുസ്തകത്തിന്‍റെ പേര്. ജനുവരി 12-ാം തിയതി ചൊവ്വാഴ്ച രാവിലെ വത്തിക്കാനില്‍ നടന്ന പ്രകാശന കര്‍മ്മത്തിനുശേഷം ദിനപത്രം, 'ഒസര്‍വത്തോരെ റൊമാനോ'
(L'Oservatore Romano) യ്ക്കു നല്കിയ പ്രസ്താവനയിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ വിശദീകരിച്ചത്.പാപത്തെ വെറുക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന സഭ, പാപിയോടു ക്ഷമിക്കുകയും കരുണ കാണിക്കുകയുംവേണമെന്ന അടിസ്ഥാന വീക്ഷണമാണ് പാപ്പായുടെ പുസ്തകം പുറത്തുകൊണ്ടുവരുന്നതെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ പ്രസ്താവിച്ചു. നല്ലിടയനും, ധൂര്‍ത്തപുത്രനെ ആശ്ലേഷിച്ചു സ്വീകരിക്കുന്ന പിതാവും, ഏഴെഴുപതു പ്രാവശ്യം ക്ഷമിക്കാനുള്ള ആഹ്വാനവും, സക്കേവൂസും, ചുങ്കക്കാരന്‍ മത്തായിയും, കുരിശില്‍ മരിക്കുമ്പോള്‍ ക്ഷമ കാണിച്ച ക്രിസ്തുവും, 99 നീതിമാന്മാരെക്കാള്‍ അനുതപിക്കുന്ന പാപിയെ ഓര്‍ത്തുള്ള സ്വര്‍ഗ്ഗത്തിലെ സന്തോഷവുമെല്ലാം വാക്കുകളില്‍ പാപ്പാ ഫ്രാന്‍സിസ് ലളിതമായി വരച്ചുകാട്ടുന്നു.ലോകത്തെ വന്‍ സാമൂഹ്യ-രാഷ്ട്രീയ സംഘട്ടനങ്ങളിലും, രാജ്യാന്തര ബന്ധങ്ങളിലും ദൈവിക കാരുണ്യത്തിന്‍റെ പ്രത്യാശ പകരാമെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ആഴമായ ബോധ്യങ്ങള്‍ വെളിപ്പെടുന്ന ഗ്രന്ഥമാണ്, 'കാരുണ്യമാണ് ദൈവനാമ'മെന്ന് കര്‍ദ്ദിനാള്‍ പരോളില്‍ വിശേഷിപ്പിച്ചു. ക്ഷമിക്കാതെയും കരുണകാണിക്കാതെയും ലോകത്ത് നീതി നടപ്പാക്കാനാവില്ല. വേദനിക്കുന്ന സഹോദരന്‍റെ ഹൃദയത്തിലെ ചുക്കുംചുളിവും, പൊട്ടലുംപോറലും മായിച്ചുകളയുവാന്‍ മനുഷ്യന്‍റെ കാരുണ്യ പ്രവൃത്തികള്‍ക്കാവുമെന്നു വ്യക്തമാക്കാന്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവയ്ക്കുന്ന ചെറിയ സംഭവങ്ങളും ജീവിതാനുഭവങ്ങളുമാണ് പുസ്തകത്തിന്‍റെ ഉള്ളടക്കം.ദൈവികകാരുണ്യത്തെക്കുറിച്ചുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ 'വെളിപാടു'കളോ 'ദൈവശാസ്ത്ര രഹസ്യ'ങ്ങളോ തേടി പോകുന്നവര്‍ക്ക് ഈ പുസ്തകം നിരാശജനകമായിരിക്കാമെന്നും, എന്നാല്‍ കാലത്തിന്‍റെ ദൗര്‍ബല്യങ്ങളെ സുഖപ്പെടുത്തുവാനും മായിച്ചുകളയുവാനും പോരുന്ന ദൈവിക കാരുണ്യത്തിന്‍റെയും കൃപയുടെയും ലേപനം, അല്ലെങ്കില്‍ സാന്ത്വനസ്പര്‍ശമാണ് 'കാരുണ്യമാണ് ദൈവനാമം' എന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ പ്രസ്താവിച്ചു. പല ദിവസങ്ങളിലായി പത്രപ്രവര്‍ത്തകന്‍, അന്ത്രയ തൊര്‍ണിനേലിയുമായി പങ്കുവച്ച അഭിമുഖത്തിലൂടെയാണ് പുസ്തകത്തിന്‍റെ ഉള്‍പ്പൊരുള്‍ പാപ്പാ പങ്കുവച്ചത്.Source: Vatican Radio