News >> സിനിമ മനോഹരമെങ്കില്‍ പാപ്പായുടെ പുസ്തകം അതിമനോഹരമെന്ന് നടന്‍ റൊബേര്‍ത്തൊ ബനീഞ്ഞി


നടന്‍ റൊബേര്‍ത്തോ ബെനീഞ്ഞി 'ദൈവനാമം കാരുണ്യമാണ്'  The Name of God is Mercy എന്ന ശീര്‍ഷകത്തിലുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഥമ പുസ്തകത്തിന്‍റെ  പ്രകാശന കര്‍മ്മത്തില്‍ പങ്കെടുത്തു. ഗ്രന്ഥാവലോകനം നടത്തി.

പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഥമ പുസ്തകത്തിന്‍റെ പ്രകാശന കര്‍മ്മത്തിനാണ് ഓസ്ക്കര്‍ ജേതാവും, സാമൂഹ്യപ്രതിബദ്ധതയുള്ള സിനിമാ സംവിധായകനും നടനുമായ റൊബേര്‍ത്തോ ബനീഞ്ഞി വത്തിക്കാനിലെത്തിയത്. ജനുവരി 12-ാം തിയതി ചൊവ്വാഴ്ചയായിരുന്ന പാപ്പായുടെ പുസ്തകത്തിന്‍റെ പ്രകാശനം. 

Life is beautiful - ജീവിതം മനോഹരമാണ് എന്ന സിനിമയിലൂടെ ലോകപ്രശസ്തനായ ബനീഞ്ഞി, 'അതിമനോഹരമാണ്' പാപ്പാ ഫ്രാന്‍സിസിന്‍റെ പുസ്തകമെന്നു പ്രസ്താവിച്ചു. വത്തിക്കാനില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ ബനീഞ്ഞി ഇങ്ങനെയാണ് പുസ്തകാവലോകനം ആരംഭിച്ചത്.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍റെ സാന്നിദ്ധ്യത്തില്‍ നടന്ന പ്രകാശന കര്‍മ്മത്തിനുശേഷം പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെത്തി പാപ്പാ ഫ്രാന്‍സിസിനെ കണ്ട് ആദരം പ്രകടമാക്കുവാനും അഭിനന്ദിക്കുവാനും ആശയങ്ങള്‍ കൈമാറുവാനും സാധിച്ചത് ഭാഗ്യമായെന്ന് ബെനീഞ്ഞി വത്തിക്കാന്‍ ടെലിവിഷനു നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു. 

കാരുണ്യത്തിന്‍റെ സ്രോതസ്സായ ഒരു വെള്ളച്ചാട്ടംപോലെയാണെന്ന് ഇന്ന് സഭയ്ക്കും ലോകത്തിനും പാപ്പാ ഫ്രാന്‍സിസെന്ന്, പതിവുള്ള വലിയ പുഞ്ചിരിയുമായി സംവിധായകനും നടനും തിരക്കഥാകൃത്തുമായ ബെനീഞ്ഞി പ്രസ്താവിച്ചു. ഇറ്റാലിയന്‍ ചാനല്‍ 'റായി'യില്‍ 2015 ഏപ്രില്‍ മാസത്തില്‍ ബനീഞ്ഞി അവതരിപ്പിച്ച സാമൂഹ്യ അവബോധമുണര്‍ത്തിയ '10 കല്പനകള്‍' എന്ന പരിപാടിയെ പ്രശംസിച്ചുകൊണ്ട് ടെലിഫോണിലൂടെ പാപ്പാ നല്കിയ അഭിനന്ദനാശംസകള്‍ ബെനീഞ്ഞി അഭിമുഖത്തില്‍ നന്ദിയോടെ അനുസ്മരിച്ചു.

ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ അന്ത്രയ തൊര്‍ണിയേലിയുമായി പാപ്പാ ഫ്രാന്‍സിസ് നടത്തിയ 40 അഭിമുഖങ്ങള്‍ 9 അദ്ധ്യായങ്ങളായി തരിച്ചിരിക്കുന്നതാണ് പുസ്തകത്തിന്‍റെ ഘടന. ജീവല്‍ബന്ധിയായ കാരുണ്യസംവാദത്തിന്‍റെ 100 താളുകളാണ് ഇതിനുള്ളത്. ഇംഗ്ലിഷ് ഉള്‍പ്പെടെ 5 ഭാഷകളില്‍ 86-രാജ്യങ്ങളില്‍ പാപ്പായുടെ പ്രഥമ പുസ്തകം പ്രകാശനംചെയ്യപ്പെട്ടുവെന്ന്, മിലാന്‍ കേന്ദ്രീകരിച്ചുള്ള Piemme Publications-നുവേണ്ടി മരീനാ ബര്‍ളുസ്ക്കോണി പ്രകാശനവേളയില്‍ പ്രസ്താവിച്ചു. പുസ്തകത്തിന്‍റെ ആദ്യപ്രതി ജനുവരി 11-ാം തിയതി തിങ്കളാഴ്ച പേപ്പല്‍ വസതിയിലെത്തി മരീന ബര്‍ലുസ്ക്കോണി പാപ്പാ ഫ്രാന്‍സിസിന് സമ്മാനിക്കുകയുണ്ടായി.

Source: Vatican Radio