News >> ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ജന്മശതാബ്ദി സംഗമം നാളെ(16-01-2016)

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ശതാബ്ദി സംഗമം നാളെ രാവിലെ 8.30ന് പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ ആരംഭിക്കും. രാവിലെ 8.30ന് കബര്‍ ചാപ്പലില്‍നിന്നു പ്രദക്ഷിണത്തോടെയാണ് പരിപാടികള്‍ക്കു തുടക്കം. 

തുടര്‍ന്നു നടക്കുന്ന സമൂഹബലിയില്‍ മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികനായിരിക്കും. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ വചനസന്ദേശം നല്‍കും. മലങ്കര കത്തോലിക്കാ സഭയിലെയും സീറോ മലബാര്‍, ലത്തീന്‍ റീത്തുകളിലെയും ബിഷപ്പുമാര്‍ സഹകാര്‍മികരായിരിക്കും. 100 അംഗങ്ങളുള്ള ഗായകസംഘം സമൂഹബലിയില്‍ ഗാനങ്ങള്‍ ആലപിക്കും.

ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിനകത്തും പുറത്തുമായി വത്തിക്കാന്‍ ഉള്‍പ്പെടെ 100 കേന്ദ്രങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തിയതായി കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജന്മശതാബ്ദിയോടനുബന്ധിച്ച് നിര്‍ധനരായ നൂറു യുവതികള്‍ക്ക് ധനസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

രാവിലെ 10.30ന് ആരംഭിക്കുന്ന ശതാബ്ദി സംഗമസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ശതാബ്ദി സ്മാരകമായി പിരപ്പന്‍കോട് സെന്റ് ജോണ്‍സ് മെഡിക്കല്‍ വില്ലേജില്‍ ആരംഭിച്ച ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് കാന്‍സര്‍ കെയര്‍ ഹോം ചടങ്ങില്‍ മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കും. ചടങ്ങില്‍ മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് അധ്യക്ഷത വഹിക്കും. 

ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. സാല്‍വത്താറെ പെനാക്കിയോ മുഖ്യപ്രഭാഷണവും മാര്‍ത്തോമ സഭയുടെ ഫിലിപ്പോസ് മാര്‍ ക്രിസോസ്റം വലിയ മെത്രാപ്പോലീത്ത, ലത്തീന്‍ ആര്‍ച്ച് ബിഷപ് ഡോ.എം. സൂസപാക്യം, കാനഡയില്‍ നിന്നുള്ള ആര്‍ച്ച് ബിഷപ് റിച്ചാര്‍ഡ് സ്മിത്ത് എന്നിവര്‍ അനുഗ്രഹപ്രഭാഷണവും നടത്തും. 
Source: Deepika