News >> ഏപ്രില്‍ 24: കുട്ടികളുടെ കാരുണ്യദിനം:- പാപ്പായുടെ സന്ദേശം


ജൂബിലിവര്‍ഷത്തിന്‍റെ ഭാഗമായി ജനുവരി 14-ാം തിയതി  ലോകത്തെമ്പാടുമുള്ള കുട്ടികള്‍ക്കായി വത്തിക്കാനില്‍നിന്നും അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

13-നും 16-നും  ഇടയ്ക്കു പ്രായമുള്ള കുട്ടികളെ ഉദ്ദേശിച്ചാണ് പാപ്പാ സന്ദേശം അയച്ചത്. പെസഹാക്കാലത്തെ നാലാം ഞായറാഴ്ച, (ഏപ്രില്‍ 24-ാം തിയതി) കുട്ടികളുടെ കാരുണ്യദിനമായി വത്തിക്കാനില്‍ മാത്രമല്ല, പ്രാദേശിക സഭകളിലും ആഘോഷിക്കുമെന്ന് സന്ദേശത്തിലൂടെ പാപ്പാ കുട്ടികളെ അറിയിച്ചു.

ദൈവപിതാവിന്‍റെ മക്കളാണു നാം. പിതാവ് നമ്മെ സ്നേഹിക്കുന്നതുപോലെ നാമും പരസ്പരം സ്നേഹത്തില്‍ ജീവിക്കണം. അങ്ങനെ ലോകത്തെ സമാധാനത്തിലേയ്ക്കു നയിക്കണമെന്ന് പാപ്പാ കുട്ടികളോട് ആഹ്വാനം ചെയ്തു.

ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ഒത്തുചേരല്‍ അല്ലെങ്കില്‍ പാര്‍ട്ടിയാണ് ജൂബിലിവത്സരമെന്നു പാപ്പാ കുട്ടികള്‍ക്കുവേണ്ടി വിവരിച്ചു. ആരെയും മാറ്റിനിറുത്താതെ എല്ലാവരെയും ക്ഷണിക്കുകയും ഉള്‍ച്ചേര്‍ക്കുകയും ചെയ്യേണ്ട ക്രിസ്തുവിന്‍റെ പാര്‍ട്ടിയാണിത്. അവിടുത്തെ അരൂപി, ദൈവാരൂപിയാണ് നമ്മെ പാര്‍ട്ടിയിലേയ്ക്ക് ക്ഷണിക്കുന്നത്. അതിനാല്‍ കുട്ടികളുമായുള്ള ഒരാഘോഷം വത്തിക്കാനില്‍ വേണമെന്ന് സന്ദേശത്തില്‍ പാപ്പാ ആഗ്രഹം പ്രകടമാക്കുന്നുണ്ട്. അത് ഏപ്രില്‍ മാസത്തിലായിരിക്കും. "കുട്ടികളായ എല്ലാവരെയും കാണാന്‍ സാധിക്കില്ലെന്നറിയാം. എങ്കിലും നിങ്ങളുടെ പ്രതിനിധികളായ കുറെപ്പേരെയെങ്കിലും കാണാന്‍ അതിയായി ആഗ്രഹിക്കുന്നു. മറ്റുള്ളവര്‍ക്ക് നിങ്ങളുടെ പ്രാദേശിക സഭകളില്‍ ഒത്തുചേരുവാനും കാരുണ്യത്തിന്‍റെ ആഘോഷത്തില്‍ പങ്കുചേരുവാനും ഇടയാകട്ടെ"യെന്ന് പാപ്പാ പ്രത്യാശിച്ചു.

ദൈവം നമ്മോട് കരുണയുള്ളവനായിരിക്കുന്നതുപോലെ നാമും ജീവിതത്തില്‍ പരസ്പരം കരുണ കാണിക്കണമെന്ന്, ജൂബിലി വത്സരത്തിന്‍റെ പ്രതിപാദ്യവിഷയം കുട്ടികള്‍ക്കായി പാപ്പാ വിവരിച്ചു.  

ധൈര്യത്തോടും ഔദാര്യത്തോടുംകൂടെ കുട്ടികള്‍ യഥാര്‍ത്ഥമായ സ്നേഹത്തില്‍ വളരാന്‍ പരിശ്രമിക്കണം. നാം ജീവിക്കുന്ന ലോകം പെട്ടെന്നു മാറുന്നതും ക്ലേശപൂര്‍ണ്ണവുമാണ്; അതിനാല്‍ ഒഴുക്കിനെതിരെ നീന്തണമെന്നായിരുന്നു പാപ്പാ കുട്ടികള്‍ക്കു നല്‍കിയ പ്രത്യേക ഉപദേശം. ഒഴുക്കിനെതിരെ നീന്തുന്നതു ഹൃദയത്തിനും, പൊതുവെ ആരോഗ്യത്തിനും, നല്ലതാണെന്നു പാപ്പാ പ്രായോഗിക ജീവിതത്തില്‍നിന്നും കുട്ടികളെ അനുസ്മരിപ്പിച്ചു.  ജീവിതത്തിന്‍റെ ആത്മീയതലത്തില്‍ പ്രതികൂല സഹാചര്യങ്ങളെ മറികടന്നു മുന്നേറുവാനുള്ള കരുത്തു നല്കുവാന്‍ ക്രിസ്തുവിനു സാധിക്കുമെന്നു സന്ദേശത്തിലൂടെ പാപ്പാ കുട്ടികളെ ഉദ്ബോധിപ്പിച്ചു.

കുട്ടികള്‍ ക്രിസ്തുവിന്‍റെ ശിഷ്യരും സാക്ഷികളുമാകണമെന്നും, അങ്ങനെ വിശ്വാസജീവിതത്തിലൂടെ പടിപടിയായി വിശുദ്ധിയിലും നന്മയിലും വളരണമെന്നും പാപ്പാ അവരോട് ആഹ്വാനംചെയ്തു.  യുദ്ധം, അഭ്യന്തരകലാപം, ദാരിദ്ര്യം എന്നിങ്ങനെയുള്ള പ്രതികൂല സാഹചര്യങ്ങളില്‍ ജീവിക്കുന്ന കുട്ടികളെ പാപ്പാ സന്ദേശത്തില്‍ പ്രത്യേകമായി അഭിസംബോധന ചെയ്യുന്നുണ്ട്.

അനുരജ്ഞനകൂദാശ സ്വീകരിച്ചുകൊണ്ട് രമ്യതയില്‍ കര്‍ത്താവിന്‍റെ ബലിയില്‍ കുട്ടികള്‍ പങ്കെടുക്കട്ടെ! കാരുണ്യത്തിന്‍റെ കവാടങ്ങള്‍ കടക്കുമ്പോള്‍ ക്രിസ്തുവിന്‍റെ ആത്മീയ സന്തോഷം അനുഭവിക്കാന്‍ നിങ്ങള്‍ക്ക് ഇടയാവട്ടെ! അതുവഴി നീതിയും സമാധാനവും ഉള്ളൊരു ലോകത്തിന്‍റെ നിര്‍മ്മിതിയില്‍ കുട്ടികളും പങ്കുകാരാകണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു. കാരുണ്യത്തിന്‍റെ കവാടമായ പരിശുദ്ധ കന്യകാനാഥയുടെ മാദ്ധ്യസ്ഥം എല്ലാ കുട്ടികള്‍ക്കുംവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിക്കുന്നത്.

Source: Vatican Radio