News >> മതാന്തര സംവാദത്തിന്‍റെ പാതയിലെ നാഴികക്കല്ലായി പാപ്പാ ഫ്രാന്‍സിസ് സിനഗോഗ് സന്ദര്‍ശിക്കും
'യഹൂദമത വിരുദ്ധരായിരിക്കാന്‍ ക്രൈസ്തവര്‍ക്കാവില്ലെന്ന്' ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസഡന്‍റ് കര്‍ദ്ദിനാള്‍ കേര്‍ട്ട് കോഹ് പ്രസ്താവിച്ചു. ജനുവരി 12-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍റെ ദിനപത്രം 'ഒസര്‍വത്തോരെ റൊമാനോ'യ്ക്കു നല്കിയ
(L'Oservatore Romano) അഭിമുഖത്തിലാണ് പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ കോഹ് ഇപ്രകാരം പ്രസ്താവിച്ചത്.ക്രൈസ്തവികത വളരും മുന്‍പേ ദൈവത്തില്‍ വിശ്വാസവും പ്രത്യാശയും അര്‍പ്പിച്ചു ജീവിച്ച യഹൂദ സമൂഹവുമായുള്ള ആത്മീയവും സാമൂഹികവുമായ സഭയുടെ ബന്ധത്തിന്‍റെ പ്രതീകമായാണ് പാപ്പാ ഫ്രാന്‍സിസ് റോമിലെ യഹൂദപ്പള്ളി സന്ദര്‍ശിക്കുന്നത്. ജനുവരി 17-ാം തിയതി ഞായറാഴ്ചയാണ് പാപ്പായുടെ സന്ദര്‍ശനം. വത്തിക്കാനില്‍നിന്നും രണ്ടു കിലോമീറ്റര്‍ മാത്രം അകലെ, ടൈബര്‍ നദിയുടെ തീരത്താണ് റോമിലെ പുരാതനമായ "തേംപിയെ മജോരെ" പള്ളിയും യഹൂദ സമൂഹവും സ്ഥിതിചെയ്യുന്നത്. റാബായ് റിക്കാര്‍ദോ സേഞ്ഞിയാണ് യഹൂദസമൂഹത്തിന്‍റെ ഇപ്പോഴത്തെ നേതാവും പ്രധാനപുരോഹിതനും. ഈ കൂടിക്കാഴ്ച ക്രൈസ്തവ-യഹൂദ സമൂഹങ്ങളുടെ സാഹോദര്യബന്ധത്തിന്‍റെ പ്രതീകമാണെന്ന് കര്‍ദ്ദിനാള്‍ കോഹ് അഭിപ്രായപ്പെട്ടു.തന്‍റെ മുന്‍ഗാമികളായ വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ (1986 ഏപ്രില്‍ 13), മുന്‍പാപ്പാ ബനഡിക്ട് (2010 ജനുവരി 17) എന്നിവര്‍ അവിടേയ്ക്കു നടത്തിയിട്ടുള്ള സന്ദര്‍ശനങ്ങളുടെ ചുവടുപിടിച്ചും അതു പുനരാർജ്ജിച്ചുമാണ് പാപ്പാ ഫ്രാന്‍സിസ് ഈ സന്ദര്‍ശനം നടത്തുന്നതെന്ന് കര്‍ദ്ദിനാള്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. തന്‍റെ സുഹൃത്തായ അര്‍ജന്‍റീനാക്കാരന്‍, റാബായ് അബ്രാഹം സ്കോര്‍ക്കിയെ വിശുദ്ധനാടു സന്ദര്‍ശനത്തില്‍ പാപ്പാ ഫ്രാന്‍സിസ് കൂട്ടുചേര്‍ത്തത്, ബ്യൂനസ് ഐരസില്‍ മെത്രാനായിരിക്കെ യഹൂദ മതസ്ഥരുമായി എപ്പോഴും നിലനിര്‍ത്തിയിരുന്ന സൗഹൃദത്തിന്‍റെ പ്രതീകമായിരുന്നെന്നു കര്‍ദ്ദിനാള്‍ കോഹ് അഭിമുഖത്തില്‍ അനുസ്മരിച്ചു.2016-ാമാണ്ടിലെ ക്രൈസ്തവൈക്യവാരം തുടങ്ങുന്നതിന് തൊട്ടുമുന്‍പു റോമിലെ യഹൂദ സമൂഹവുമായി പാപ്പാ ഫ്രാന്‍സിസ് നടത്തുന്ന കൂടിക്കാഴ്ച ഇതര മതങ്ങളുമായുള്ള സഭയുടെ സൗഹൃദബന്ധത്തിന്‍റെ പാതയിലെ നാഴികക്കല്ലാകുമെന്നും കര്‍ദ്ദിനാള്‍ കോഹ് വിശേഷിപ്പിച്ചു.Source: Vatican Radio