News >> കര്‍ഷകരോഷം ഇരമ്പി: ഇന്‍ഫാമിന്റെ പിന്നോട്ടു നടത്തം

വാഴക്കുളം: കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ വിവിധ കര്‍ഷക സംഘടനകള്‍ പിന്നോട്ട് നടന്നു പ്രതിഷേധിച്ചു. കര്‍ഷകരെ അരനൂറ്റാണ്ടിലേറെ പിന്നിലേക്കു നയിച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുടര്‍ച്ചയായ കര്‍ഷക വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചായിരുന്നു ഗാന്ധിവേഷത്തിലും കര്‍ഷകവേഷത്തിലും പിന്നോട്ട് നടപ്പ് സമരം സംഘടിപ്പിച്ചത്. കല്ലൂര്‍ക്കാട് കവലയില്‍നിന്ന് ആരംഭിച്ച പിന്നോട്ടു നടപ്പ് സമരം ഇന്‍ഫാം സെക്രട്ടറി ജനറല്‍ ഷെവ.വി.സി. സെബാസ്റ്യന്‍, സംസ്ഥാന കണ്‍വീനര്‍ ജോസ് എടപ്പാട്ടിന് പതാക കൈമാറി ഉദ്ഘാടനംചെയ്തു. പ്രതിഷേധ സമരത്തിനു ദേശീയ ട്രസ്റി ഡോ.എം.സി. ജോര്‍ജ്, സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് മോനിപ്പിള്ളില്‍, വൈസ് ചെയര്‍മാന്‍ മൈതീന്‍ ഹാജി, ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, ജോയി തെങ്ങുംകുടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കര്‍ഷകരെ രക്ഷിക്കാനെന്ന പേരില്‍ ഉദ്യോഗസ്ഥ വിഭാഗങ്ങള്‍ക്കു ശമ്പള പരിഷ്കരണം നടപ്പാക്കുമ്പോള്‍ 95 ശതമാനം വരുന്ന കര്‍ഷകരെ സര്‍ക്കാരുകള്‍ അവഗണിക്കുകയാണ്. ഒരു മാസം 600 കോടി രൂപ അധിക ശമ്പളം നല്‍കുമ്പോള്‍ കര്‍ഷക സമൂഹത്തിനു വാഗ്ദാനം മാത്രമാണു നല്‍കുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കര്‍ഷക പ്രശ്നങ്ങളില്‍നിന്നു ജനശ്രദ്ധ തിരിച്ചുവിടാന്‍ നടത്തുന്ന വ്യാജരക്ഷായാത്രകള്‍ കോടതി ഇടപെട്ടു നിര്‍ത്തിവയ്പ്പിക്കണമെന്നും ആവശ്യമുയര്‍ന്നു. 

നാടിന്റെയും കര്‍ഷകരുടെയും രക്ഷയ്ക്കായി റബറൈസ്ഡ് റോഡുകള്‍ സര്‍ക്കാര്‍ നടപ്പാക്കാത്തതില്‍ ദുരൂഹതയുണ്ട്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിലസ്ഥിരത ഉറപ്പാക്കുക, റബര്‍ ഉത്പന്നങ്ങളുടെ വില കുറയ്ക്കുക, കൃഷിനാശത്തിന് ഇന്‍ഷ്വറന്‍സ് സംവിധാനം ഏര്‍പ്പെടുത്തുക, പരുത്തി കര്‍ഷകര്‍ക്കുള്ള പരിഗണന മറ്റ് കര്‍ഷകര്‍ക്കും നല്‍കുക, റബറൈസ്ഡ് റോഡുകള്‍ ഉടന്‍ നടപ്പാക്കുക എന്നീ പ്ളേകാര്‍ഡുകളും കൈയിലേന്തിയാണ് സമരക്കാര്‍ പിന്നോട്ടുനടന്നത്. സമാപന യോഗം കട്ടപ്പന ഇമാം മുഹമ്മദ് റഫീക്ക് അല്‍ കൌസരി ഉദ്ഘാടനംചെയ്തു. ഫാ.പോള്‍ ചെറുവള്ളി, പി.എസ്. മൈക്കിള്‍, കെ.എസ്. മാത്യു, ജോയി പള്ളിവാതുക്കല്‍, ഉണ്ണി താണിക്കല്‍, സെബാസ്റ്യന്‍ തുരുത്തിപ്പിള്ളില്‍, തങ്കച്ചന്‍ താമരശേരില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Source: Deepika