News >> ആരാധനാക്രമ പഠനം സഭയുടെ അടിസ്ഥാന ഘടകം: മാര്‍ ജോസഫ് പെരുന്തോട്ടം
ചങ്ങനാശേരി: ആരാധനക്രമ പഠനം സഭയുടെ അടിസ്ഥാന ഘടകമാണെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. കത്തോലിക്കാ സഭയുടെ ആരാധനാക്രമ ദൈവശാസ്ത്ര മേഖലകളിലും പൊതുസമൂഹത്തിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസരംഗങ്ങളിലും നേതൃത്വം നല്കിവരുന്ന ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ബഹുമാനാര്‍ഥം ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തില്‍ സ്ഥാപിച്ച ആരാധനക്രമ ഗവേഷണ പഠനകേന്ദ്രമായ ബേസ് മര്‍ദൂസായുടെ (ജ്ഞാനനികേതന്‍) ആശീര്‍വാദവും മാരിയോസ് ലിറ്റര്‍ജിക്കല്‍ സ്റഡി ഫോറം ഉദ്ഘാടനവും നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആരാധനക്രമം കൂടാതെ ദൈവശാസ്ത്രം, ആധ്യാത്മികത, ശിക്ഷണം എന്നീ ആധാരശിലകളാണു സഭയുടെ അടിസ്ഥാനമെന്നും ആര്‍ച്ച്ബിഷപ് ചൂണ്ടിക്കാട്ടി.
പൌരസ്ത്യ ക്രിസ്തീയ വൈജ്ഞാനിക ശാഖകളുടെ ഗവേഷണ പഠനങ്ങള്‍ക്കായുള്ള ഈ സ്ഥാപനത്തിന്റെ സാക്ഷാത്കാരത്തിന് ഓസ്ട്രിയയിലെ ഐസന്‍സ്റാറ്റ് രൂപത നല്‍കിയ സഹായവും പ്രോത്സാഹനവും ഏറെ വിലപ്പെട്ടതാണെന്നും മാര്‍ പെരുന്തോട്ടം അഭിപ്രായപ്പെട്ടു.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ആരാധാക്രമ പഠനങ്ങളെക്കുറിച്ച് ഗവേഷണങ്ങളും ആഴമായ പഠനങ്ങളും ഉണ്ടാകണമെന്നും സീറോമലബാര്‍ സഭയുടെ വ്യക്തിത്വത്തെക്കുറിച്ച് അവബോധം നേടണമെന്നും മാര്‍ പവ്വത്തില്‍ നിര്‍ദേശിച്ചു.
ഓസ്ട്രിയയിലെ ഐസന്‍സ്റാറ്റ് ബിഷപ് ഡോ.എജിഡീയൂസ് യോഹാന്‍ സിഫ്കോവിച്ച് മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി മെത്രാനായിരിക്കെ മാര്‍ പവ്വത്തില്‍ ഐസന്‍സ്റാറ്റ് രൂപതയുമായി തുടങ്ങിവച്ച ബന്ധം ഇപ്പോഴും ഊഷ്മളമായി തുടരുകയാണ്. ഈ ബന്ധമാണ് മാര്‍ പവ്വത്തിലിന്റെ പേരില്‍ ആരാധനാക്രമ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ ഇടയാക്കിയതെന്നും സഭയുടെ അടിസ്ഥാന പ്രഘോഷണവും ആരാധനക്രമ പഠനവുമാണ് ഈ കേന്ദ്രത്തിലൂടെ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോള സഭയുമായി യോജിച്ചു നീങ്ങുന്ന ഈ ഗവേഷണ കേന്ദ്രത്തിന് ഐസന്‍സ്റാറ്റ് രൂപതയുടെ പ്രോത്സാഹനമുണ്ടാകുമെന്നും ഡോ. എജിഡീയൂസ് യോഹാന്‍ കൂട്ടിച്ചേര്‍ത്തു.
വികാരിജനറാള്‍മാരായ മോണ്‍. ജോസഫ് മുണ്ടകത്തില്‍, മോണ്‍. മാത്യു കിളിരൂര്‍, ഐസന്‍സ്റാറ്റ് രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. കാള്‍ ഹീര്‍ട്ടണ്‍ ഫെല്‍ഡര്‍, ഗവേഷണകേന്ദ്രം ഡയറക്ടര്‍ റവ. ഡോ.ജോസ് കൊച്ചുപറമ്പില്‍, ഫാ. തോമസ് പാടിയത്ത്, സീറോമലബാര്‍ സെന്‍ട്രല്‍ ലിറ്റര്‍ജിക്കല്‍ കമ്മിറ്റിയംഗം ഡോ.പി.സി. അനിയന്‍കുഞ്ഞ്, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി അഡ്വ. ജോജി ചിറയില്‍, അസിസ്റന്റ് സെക്രട്ടറി ജോസഫ് മറ്റപ്പറമ്പില്‍, പ്രഫ. സെബാസ്റ്യന്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ പ്രഫ. തോമസ് കണയംപ്ളാവന്‍ രചിച്ച ക്രിസ്തുഗീതാമൃതം എന്ന മഹാകാവ്യത്തിന്റെ പ്രകാശനം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ആര്‍ച്ച്ബിഷപ് മാര്‍ പവ്വത്തിലിനു കോപ്പി നല്‍കി പ്രകാശനം ചെയ്തു.
Source: Deepika