News >> തൊഴില്‍ ഒരു വിളി: പാപ്പാ


 തൊഴില്‍ ഒരു വിളിയാണെന്നും, പ്രസ്തുത വിളിയുടെ ഉത്ഭവം പൊതുഭവനമായ ഭൂമിയില്‍ കൃഷിചെയ്യാനും അതിനെ സംരക്ഷിക്കാനും ദൈവം ആദിയില്‍ മനുഷ്യനേകിയ കല്പനയില്‍നിന്നാണെന്നും പാപ്പാ.

     ഇറ്റലിയിലെ ക്രൈസ്തവ തൊഴിലാളി പ്രസ്ഥാനത്തിന്‍റെ 7000 ത്തോളം പ്രതിനിധികളടങ്ങിയ സംഘത്തെ ശനിയാഴ്ച (16/01/2016) വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ വച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

     തിന്മ ലോകത്തെയും മനുഷ്യന്‍റെ പ്രവര്‍ത്തനങ്ങളെയും  ദുഷിപ്പിച്ചുവെങ്കിലും സ്വതന്ത്രവും സര്‍ഗാത്മകവും പങ്കാളിത്തപരവും പര്സപരം പിന്തുണയ്ക്കുന്നതുമായ തൊഴിലിലൂടെ മനുഷ്യവ്യക്തി സ്വന്തം ജീവിതത്തിന്‍റെ അന്തസ്സ് ആവിഷ്ക്കരിക്കുകയും വളര്‍ത്തുകയും ചെയ്യുന്നുവെന്ന് പാപ്പാ 'എവഞ്ചേലി ഗൗതിയും', "സുവിശേഷത്തിന്‍റെ  ആനന്ദം" എന്ന തന്‍റെ അപ്പസ്തോലികോപദേശത്തില്‍നിന്നുദ്ധരിച്ചുകൊണ്ട് ഉദ്ബോധിപ്പിച്ചു.

     തൊഴിലെന്ന വിളിയോടു സമുചിതം പ്രത്യുത്തരിക്കുന്നതിന് സഹായകമായി പാപ്പാ  മൂന്നു കാര്യങ്ങള്‍ നിര്‍ദ്ദേശിച്ചു:വിദ്യാഭ്യാസം,പങ്കാളിത്തം,സാക്ഷ്യം.

     സ്വന്തം ഹൃദയത്തില്‍നിന്ന് ഏറ്റവും നല്ലത് പുറത്തേക്കെടുക്കുന്നതാണ് വിദ്യഭ്യാസമെന്നും എന്തെങ്കിലും സാങ്കേതികവിദ്യ പഠിപ്പിക്കുകയൊ ആശയങ്ങള്‍ പകര്‍ന്നു നല്കുകയൊ മാത്രമല്ല, നമ്മെയും നമ്മെ വലയംചെയ്യുന്ന യാഥാര്‍ത്ഥ്യങ്ങളെയും  കൂടുതല്‍ മാനുഷികങ്ങളാക്കി മാറ്റുന്നതുമാണ് വിദ്യഭ്യാസമെന്നും പാപ്പാ വിശദീകരിച്ചു.

     തൊഴില്‍ ഒരു വ്യക്തിയുടെ മാത്രം വിളിയല്ല, പ്രത്യുത, മറ്റുള്ളവരുമായി ബന്ധത്തിലാകുന്നതിനുള്ള അവസരമാണ് അതെന്നും വ്യക്തികളെ തമ്മില്‍ അകറ്റുന്നതല്ല മറിച്ച് ഐക്യത്തിലാക്കുന്നതാണ് തൊഴിലെന്നും  "പങ്കാളിത്തം" എന്ന പദത്തെക്കുറിച്ചു വിശദീകരിക്കവെ പാപ്പാ പറഞ്ഞു.

     സാക്ഷ്യത്തെക്കുറിച്ച് വിശദീകരിച്ച പാപ്പാ, അലസതയെ ജയിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങളിലൂ‍ടെ വിശ്വാസത്തിന് സാക്ഷ്യമേകാന്‍ പൗലോസപ്പസ്തോലന്‍ ഉപദേശിക്കുന്നത് അനുസ്മരിക്കുകയും "അദ്ധ്വാനിക്കാത്തവന്‍ ഭക്ഷിക്കാതിരി ക്കട്ടെ"യെന്ന പൗലോസിന്‍റെ വാക്കുകള്‍ ആവര്‍ത്തിക്കുകയും ചെയ്തു. എന്നാലിന്ന് തൊഴില്‍ ചെയ്യാന്‍ ആഗ്രഹമുള്ളവരുണ്ടെങ്കിലും അവര്‍ക്ക് തൊഴിലില്ലായെന്നും അങ്ങനെ ഭക്ഷിക്കാനാകാതെ കഷ്ടപ്പെടുകയാണെന്നും പാപ്പാ അനുസ്മരിച്ചു.

     സകലര്‍ക്കും തൊഴില്‍ ലഭിക്കണമെന്നതാണ് മാനുഷിക നീതിയുടെ ആവശ്യ മെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

Source: Vatican Radio