News >> കാരുണ്യത്തിന്‍റെ വിശുദ്ധാത്മാക്കളെ ജൂബിലിനാളില്‍ സഭ വണങ്ങും


കാരുണ്യം ജീവിതസൂക്തമാക്കിയ വിശുദ്ധാത്മാക്കളുടെ തിരുശേഷിപ്പുകള്‍ ജൂബിലിനാളില്‍ വത്തിക്കാനിലെത്തും. വിശുദ്ധവത്സര പരിപാടികളുടെ ഉത്തരവാദിത്തം വഹിക്കുന്ന ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേലായാണ് റോമില്‍ ജനുവരി 14-ാം തിയതി വ്യാഴാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ആധുനികയുഗത്തില്‍ ജീവിച്ചുകൊണ്ട് മാനവികതയ്ക്ക് ക്രിസ്തുവിന്‍റെ കാരുണ്യസ്പര്‍ശം ലഭ്യമാക്കിയ വിശുദ്ധരായ പാദ്രെ പിയോയുടെയും ലിയോപോള്‍ഡ് മാന്‍ഡിക്കിന്‍റെയും തിരുശേഷിപ്പുകളാണ് വണക്കത്തിനായി ജൂബിലിനാളില്‍ വത്തിക്കാനില്‍ എത്തിക്കുന്നത്.

ദൈവിക കാരുണ്യത്തിന്‍റെ പ്രേഷിതരായ ഈ രണ്ടു ഫ്രാന്‍സിസ്ക്കന്‍ വിശുദ്ധാത്മാക്കളുടെ തിരുശേഷിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന പേടകങ്ങള്‍  ഫെബ്രുവരി‍ 3-മുതല്‍ 11-വരെ തിയതികളിലാണ് റോമിലെ പ്രധാനപ്പെട്ട ദേവാലയങ്ങളിലും, പിന്നീട് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലുമായി വിശ്വാസികളുടെ വണക്കത്തിന് ലഭ്യമാക്കുവാന്‍ പോകുന്നതെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല പ്രസ്താവനയില്‍ വ്യക്തമാക്കി.

ദൈവികകാരുണ്യത്തിന്‍റെ പ്രയോക്താക്കളായ  വിശുദ്ധാത്മാക്കള്‍ സഭയിൽ നിരവധിയാണ്. എന്നാല്‍ ആധുനികയുഗത്തില്‍ കാരുണ്യത്തിന്‍റെ പ്രേഷിതപ്രവര്‍ത്തനങ്ങളിലൂടെ ലോകത്തിൽ ക്രിസ്തുവിന്‍റെ കാരുണ്യവും സ്നേഹവും ലഭ്യമാക്കിയ പുണ്യാത്മാക്കളാണ് പാദ്രെ പിയോയും ലിയോപോള്‍ഡ് മാന്‍ഡിക്കും.  ഇവരുടെ ഭൗതികശേഷിപ്പുകള്‍ പ്രദര്‍ശിപ്പിക്കാനാവുന്ന വിധത്തില്‍ ഇറ്റലിയില്‍ത്തന്നെ ലഭ്യമായതിനാലും, പ്രായോഗികത മാനിച്ചുമാണ് പ്രതീകാത്മകമായി ഈ രണ്ടു ഫ്രാന്‍സിസ്ക്കന്‍ വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം തിരഞ്ഞെടുത്തതെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Source: Vatican Radio