News >> ലോകയുവജന മേള റെജിസ്ട്രേഷന്‍ ആരംഭിച്ചു

ജൂലൈ 26-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥനാ പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് പോളണ്ടിലെ ക്രാക്കോയില്‍ 2016 ജൂലൈ 21-മുതല്‍ 31-വരെ അരങ്ങേറുന്ന മേളയുടെ റെജിസ്ട്രേഷന്‍ പാപ്പാ ഫ്രാന്‍സിസ് ഉത്ഘാടനംചെയ്തത്.

  പ്രതീകാത്മകമായി ഇന്‍റെര്‍നെറ്റിലൂടെ തന്‍റെ പേര് ആദ്യം റെജിസ്റ്റര്‍ ചെയ്തുകൊണ്ട് മേളയുടെ ഔദ്യോഗിക ബുക്കിംഗ്, അല്ലെങ്കില്‍ റജീസ്ട്രേഷന്‍ ഉത്ഘാടനം ചെയ്യപ്പെടുകയാണെന്ന് പാപ്പാ പ്രഖ്യാപിച്ചു.

31-ാമത് ലോക യുവജന മേളയുടെ സന്നദ്ധസേവകരായ രണ്ടുപേരുടെ - ഒരു പോളണ്ടുകാരി യുവതിയുടെയും ഇറ്റലിക്കാരന്‍ യുവാവിന്‍റെയും-  സാന്നിദ്ധ്യത്തിലാണ് പാപ്പാ പ്രതീകാത്മകമായ ഉത്ഘാടനം  നിര്‍വ്വഹിച്ചത്. 

മേളയുടെ ഔദ്യോഗിക ചിഹ്നമുള്ള ടി-ഷേര്‍ട്ട് അണിഞ്ഞ് സന്നിഹിതരായിരുന്ന യുവാവും യുവതിയും ചത്വരത്തിലെ വന്‍ജനക്കൂട്ടത്തോടു ചേര്‍ന്ന് പാപ്പായുടെ പ്രതീകാത്മകമായ റെജിസ്ട്രേഷന്‍ ​​അംഗീകരിച്ചുകൊണ്ട് ഹസ്താരവും മുഴക്കി. യുവജനമേളയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

ആഗോളസഭ ആചരിക്കുന്ന 'കാരുണ്യത്തിന്‍റെ വിശുദ്ധ വത്സര'ത്തില്‍ തന്നെയാണ് യുവജന മഹോത്സവവും അരങ്ങേറുന്നത്. 'കരുണയുള്ളവര്‍ അനുഗ്രഹീതരാകുന്നുഎന്തെന്നാല്‍ അവര്‍ക്ക് കരുണ ലഭിക്കും', (മത്തായി 5,7), എന്ന സുവിശേഷ സൂക്തം ആപ്തവാക്യമാക്കിക്കൊണ്ടാണ് യുവജനങ്ങള്‍ പോളണ്ടിലെ ക്രാക്കോയില്‍ സംഗമിക്കുവാന്‍ പോകുന്നത്. 

ആചരിക്കാന്‍ ഒരുങ്ങുന്ന യുവജനോത്സവം ദൈവികകാരുണ്യത്തിന്‍റെ ജൂബിലിയാവട്ടെ, മഹോത്സവമാവട്ടെ എന്ന് പാപ്പാ ആശംസിച്ചു. ഒപ്പം ലോകയുവതയെ ആ മഹാസംഗമത്തിലേയ്ക്ക് ക്ഷണിക്കുകയും, പങ്കെടുക്കുന്ന സകലര്‍ക്കും അവരുടെ സമൂഹങ്ങള്‍ക്കും കൃപയുടെയും അനുഗ്രഹത്തിന്‍റെയും അവസരമാവട്ടെ, എന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു. 

(Source : Vatican Radio)