News >> അന്തര്‍ദേശീയ ദിവ്യകാരുണ്യകോണ്‍ഗ്രസ്സ് ഫിലിപ്പീന്‍സ് അണിഞ്ഞൊരുങ്ങി
പ്രത്യാശയുടെ പ്രമേയവുമായി അന്തര്‍ദേശീയ ദിവ്യകാരുണ്യകോണ്‍ഗ്രസ്സിന് ഫിലിപ്പീന്‍സില്‍ ഞായറാഴ്ച തിരിതെളിയും. ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതിനിധിയായി കര്‍ദ്ദിനാള്‍ ചാള്‍സ് മാവൂങ് ബോ പങ്കെടുക്കും. മതവൈവിധ്യങ്ങളുടെ ഏഷ്യാ ഭൂഖണ്ഡത്തില്‍ 51-ാമത് രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഫിലിപ്പീന്‍സിലെ ചെബു നഗരത്തില്‍ ജനുവരി 24-ാം തിയതി ആരംഭിക്കുന്നത് 'മഹത്വത്തിന്‍റെ പ്രത്യാശയാണ് ക്രിസ്തു' (കൊളോ. 1, 27) എന്ന പ്രമേയവുമായിട്ടാണ്. കത്തോലിക്കർ ബഹുഭൂരിപക്ഷമുള്ള ഫിലിപ്പീന്‍സിലും, പൊതുവെ ഏഷ്യഭൂഖണ്ഡത്തിലും പ്രേഷിത ചൈതന്യത്തിനും ക്രിസ്തുസാക്ഷ്യത്തിനുമുള്ള പ്രത്യാശ വളര്‍ത്തുകയെന്നത് ദിവ്യകാരുണ്യത്തിന്‍റെ ഈ ആഗോള ഉത്സവത്തിന്‍റെ ലക്ഷ്യമാണെന്ന് കര്‍ദ്ദിനാള്‍ മാവൂങ് അഭിമുഖത്തില്‍ പങ്കുവച്ചു.പതിനായിരത്തിലേറെ വരുന്ന രാജ്യന്തര പ്രതിനിധികളുടെയും, അതിലേറെ ഫിലിപ്പീന്‍സിലെ കത്തോലിക്കാ വിശ്വാസികളുടെയും സാന്നിദ്ധ്യത്താലും ചെബു നഗരമദ്ധ്യത്തിലെ "ഡോക്ടേഴ്സ് യൂണിവേഴ്സിറ്റി ക്യാമ്പസി" -ല്‍ അരങ്ങേറുന്ന കോണ്‍ഗ്രസ് ജനപങ്കാളിത്തംകൊണ്ട് സജീവവും ശ്രദ്ധേയവുമാകുമെന്നും കര്‍ദ്ദിനാള്‍ മാവൂങ് അഭിപ്രായപ്പെട്ടു. ജനുവരി 24-ാം തിയതി ഞായറാഴ്ചയാണ്
ചെബു അന്തര്‍ദേശിയ ദിവ്യാകാരുണ്യകോണ്‍ഗ്രസ്സിന് തിരിതെളിയുന്നത്.ദിവ്യകാരുണ്യ ദൈവശാസ്ത്രം പഠനവിഷയമാക്കിയിട്ടുള്ള പഠനശിബിരം ജനുവരി 20-ാം തിയതി ബുധനാഴ്ച ചെബുവിലെ വേദിയില്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയില്‍നിന്നും മുമ്പൈ അതിരൂപതാദ്ധ്യക്ഷനും, ഏഷ്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതികളുടെ ഫെഡറേഷന്‍റെ പ്രസിഡന്‍റുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഷില്ലോങിലെ ജൊവായ് രൂപതയുടെ അപ്പസ്റ്റോലിക് അഡിമിനിസ്ട്രേറ്ററും ഗൗഹാത്തി അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്തയുമായ ആര്‍ച്ചുബിഷപ്പ് തോമസ് മേനാംപറമ്പിലും സമ്മേളനത്തില്‍ പങ്കെടുത്ത് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.ഫിലിപ്പീന്‍സിലെ മനില അതിരൂപതാദ്ധ്യക്ഷനും സംഘാടക സമിതിയുടെ പ്രസിഡന്‍റുമായ കര്‍ദ്ദിനാള്‍ ആന്‍റെണി താഗ്ലയെക്കൂടാതെ, സഭയിലെ പ്രമുഖരായ മറ്റു കര്‍ദ്ദിനാളന്മാരും മെത്രാന്മാരും സന്ന്യസ്തരും അല്‍മായപ്രമുഖരും ദിവ്യകാരുണ്യ സമ്മേളനത്തിലും ബന്ധപ്പെട്ട മറ്റു പരിപാടികളിലും ശ്രുശ്രൂഷകളിലും പങ്കെടുക്കുന്നുണ്ട്.ജനുവരി 28-ാം തിയതി ഞായറാഴ്ചയാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് സമാപിക്കുന്നത്.ഫിലിപ്പീന്‍സ് ആതിഥേയത്വം നല്കുന്ന രണ്ടാമത്തെ അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സാണിത്. ആദ്യത്തേത് 1937-ല്‍ പതിനൊന്നാം പിയൂസ് പാപ്പായുടെ കാലത്തു നടന്ന 30-ാമത് രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സായിരുന്നു. 2021-ല്‍ ഫിലിപ്പീന്‍സ് ആഘോഷിക്കുവാന്‍ ഒരുങ്ങുന്ന സുവിശേഷവത്ക്കരണത്തിന്‍റെ 500-ാം വാര്‍ഷികത്തിനുള്ള (1521-2021) ആത്മീയ തയ്യാറെടുപ്പു കൂടിയാണ് ചെബു ദിവ്യകാരുണ്യ കോണ്‍ഗ്രസ്സെന്ന് കര്‍ദ്ദിനാള്‍ മാവൂങ്ങ് ജനുവരി 19-ാം തിയതി ചെബുവില്‍ നടത്തിയ അഭിമുഖത്തില്‍ അനുസ്മരിച്ചു.Source: Vatican Radio