News >> കാരുണ്യപ്രവര്‍ത്തികളിലൂടെ സാമൂഹ്യനന്മ കൈവരിക്കാമെന്ന് പാക്കിസ്ഥാനിലെ മെത്രാന്മാര്‍


ജൂബിലിവര്‍ഷത്തില്‍ കുട്ടികളെ കാരുണ്യപ്രവര്‍ത്തികളില്‍ പരിശീലിപ്പിക്കുമെന്ന് പാക്കിസ്ഥാനിലെ ദേശീയ മെത്രാന്‍ സമിതിയുടെ മാധ്യമ കമ്മീഷൻ സെക്രട്ടറി, ബിഷപ്പ് ജോസഫ് ആര്‍ഷദ് അറിയിച്ചു.

കുട്ടികൾക്കും യുവജനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ കാരുണ്യ പ്രവര്‍ത്തികളില്‍ പരിശീലനം നല്‍കിക്കൊണ്ടും വ്യാപൃതരാക്കിക്കൊണ്ടും, പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചിരിക്കുന്ന കാരുണ്യത്തിന്‍റെ ജൂബിലിവത്സരം പാക്കിസ്ഥാനില്‍ പ്രസക്തമാക്കുവാന്‍ കത്തോലിക്കാ നേതൃത്വം പരിശ്രമിക്കുകയാണ്. 

വിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെ, വിശിഷ്യാ കത്തോലിക്കാ സ്ക്കൂളുകളിലൂടെയും കോളെജുകളിലൂടെയും, യുവജനങ്ങളെ കാരുണ്യപ്രവര്‍ത്തികളില്‍ വ്യാപൃതരാക്കിക്കൊണ്ടാണ് പദ്ധതി പുരോഗമിക്കുന്നത്. ഇന്ന് പാക്കിസ്ഥാനില്‍ നിലനില്ക്കുന്ന മത-മൗലിക ചിന്തയുടെയും വിഭാഗീയതയുടെയും കലുഷിതമായ അന്തരീക്ഷത്തില്‍ സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ചിന്ത വളര്‍ത്താന്‍ കാരുണ്യപ്രവൃത്തികളുടെ പരിശീലനം വളരുന്ന തലമുറയ്ക്ക് പ്രയോജനപ്രദമാകുന്നുണ്ടെന്ന് ബിഷപ്പ് ആര്‍ഷദ് വിശദമാക്കി.

വര്‍ഗ്ഗീയതയുടെയും മതവിദ്വേഷത്തിന്‍റെയും അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന ഇടങ്ങളിലെ സ്ഥാപനങ്ങളാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം. അവിടങ്ങളിലെ യുവജനങ്ങളെയും കുട്ടികളെയും കാരുണ്യപ്രവൃത്തികളില്‍ വ്യാപൃതരാക്കിക്കൊണ്ട് കരുണയുടെ സന്ദേശം പങ്കുവയ്ക്കുവാനും, അതുവഴി സമൂഹത്തെ സാഹോദര്യത്തിലേയ്ക്കും സമാധാനത്തിലേയ്ക്കും ഉണര്‍ത്തുവാനുമാകുമെന്ന പ്രത്യാശയാണ് ജൂബിലിവര്‍ഷം നൽകുന്നത്: ബിഷപ്പ് ആര്‍ഷദ് പ്രസ്താവനയില്‍ വ്യക്തമാക്കി.

 രാജ്യത്തെ സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ നിരന്തരമായ സംഘര്‍ഷങ്ങള്‍ക്കിടയില്‍ വരുംതലമുറയെ നന്മയില്‍ വളര്‍ത്തുവാനും പ്രകാശപൂര്‍ണ്ണമാക്കുവാനും മൂല്യാധിഷ്ഠത വിദ്യാഭ്യാസത്തിനു മാത്രമേ സാധിക്കുകയുള്ളൂ. 

Source: Vatican Radio