News >> റബര്‍: സര്‍ക്കാരുകളുടെ ക്രിയാത്മക ഇടപെടല്‍ വേണമെന്നു മാര്‍ ആലഞ്ചേരി

കൊച്ചി: ആയിരക്കണക്കിനു കര്‍ഷക കുടുംബങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയ റബര്‍ വിലത്തകര്‍ച്ചയ്ക്കു ശാശ്വത പരിഹാരമുണ്ടാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. റബര്‍ വിലയിടിവുമൂലമുള്ള പ്രതിസന്ധിക്കു പരിഹാരം ആവശ്യപ്പെട്ടു നടക്കുന്ന നിരാഹാര സമരം ഉള്‍പ്പെടെയുള്ള കര്‍മപരിപാടികളെ സഭ പിന്തുണയ്ക്കുന്നു. ഒരു രാഷ്ട്രീയകക്ഷി മാത്രമല്ല, മുന്നണിഭേദമെന്യേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉദ്യോഗസ്ഥരും സര്‍ക്കാരുകളും റബര്‍ മേഖലയിലെ ഗുരുതരമായ പ്രതിസന്ധിയെ അതിജീവിക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളികളാകേണ്ടതുണ്ട്. റബര്‍ ഉള്‍പ്പെടെ കാര്‍ഷിക മേഖലയുടെയും കര്‍ഷകരുടെയും ക്ഷേമത്തിനായി നടക്കുന്ന ക്രിയാത്മക പദ്ധതികളും പരിപാടികളും സ്വാഗതാര്‍ഹമാണ്. 

കേരളത്തിന്റെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുന്നതാണ് ഇപ്പോഴത്തെ കടുത്ത റബര്‍ വിലയിടിവ്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക സംഭാവന നല്‍കിയിട്ടുള്ള റബര്‍ മേഖലയെ സംരക്ഷിക്കേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും പ്രധാന ഉത്തരവാദിത്തമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കാണണം. കര്‍ഷകര്‍ നാടിന്റെ സമ്പത്തും അഭിമാനവും നല്ല സംസ്കാരത്തിന്റെ കാവല്‍ക്കാരുമാണ്. അവരെ മറന്നുകൊണ്ടുള്ള വികസനപ്രക്രിയ സര്‍ക്കാരുകള്‍ക്കു ഭൂഷണമാവില്ല. 

കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവ് കര്‍ഷകരുടെ മാത്രം പ്രശ്നമായി കാണാതെ രാജ്യത്തിന്റെ പൊതുവായ പ്രതിസന്ധിയായി കണക്കാക്കി ക്രിയാത്മക പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാരുകള്‍ നട പടിയെടുക്കണം. റബര്‍ പ്രതിസ ന്ധി വേഗത്തില്‍ പരിഹരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കണമെന്നും കര്‍ദിനാള്‍ ആവശ്യപ്പെട്ടു.
Source: Deepika