News >> കര്‍ഷകര്‍ക്കായി അടിയന്തര നടപടി വേണം: ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍

ചങ്ങനാശേരി: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അനങ്ങാപ്പാറനയം മാറ്റി കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ഒരുമിച്ച്ു അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. കര്‍ഷകരുടെ വേദന രാഷ്ട്രീയക്കാര്‍ കണ്ടില്ലെന്നു നടിക്കരുതെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 

നാടിന്റെ നട്ടെല്ലാണു കര്‍ഷകര്‍ എന്നു വാതോരാതെ നാം പറയാറുണ്ട്. പച്ചപുതച്ചു കിടക്കുന്ന കേരളത്തില്‍ 60-70 ശതമാനം ആളുകളും കൃഷിയെ ആശ്രയിച്ചു കഴിയുന്ന ചെറുകിട കര്‍ഷകരാണ്. താരതമ്യേന സത്യസന്ധമായി പ്രവര്‍ത്തനം നടക്കുന്ന മേഖലയുമാണ് കാര്‍ഷികരംഗം. പക്ഷേ കാര്‍ഷികരംഗം ആകെ തകര്‍ച്ചയിലാണെന്നത് എല്ലാവര്‍ക്കും അറിയാം. നെല്ല്, തെങ്ങ്, റബര്‍, തേയില, ഏലം ഇതെല്ലാമാണു നമ്മുടെ പ്രധാനവിളകള്‍. അവയെല്ലാം തകര്‍ച്ചയിലാണ്. റബറാണ് ഇവിടെ ഇന്ന് ഏറ്റം വിപുലമായ കാര്‍ഷിക മേഖല. പണ്ടു വന്‍കിട കര്‍ഷകരായിരുന്നവര്‍ പോലും ഇന്നു കടത്തിലാണ്. 

കര്‍ഷകര്‍ക്കു സ്വയം സംഘടിച്ചു കാര്യങ്ങള്‍ നേടിയെടുക്കാന്‍ തക്ക ശേഷിയില്ല. ചെറുകിടക്കാരും അസംഘടിതരുമാണ് അവര്‍. രാഷ്ട്രീയപാര്‍ട്ടികളെല്ലാം ഇന്നു 'ഘോഷയാത്ര'കളിലാണ്. അവരിലധികമാരും കര്‍ഷകര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ ശ്രമിക്കുന്നില്ല എന്നതു ഖേദകരമാണ്. ഭൂരിപക്ഷം വരുന്ന കര്‍ഷകരെ മറന്നുകൊണ്ട് ഭരണത്തിലേറാന്‍ ശ്രമിക്കുന്നതില്‍ അര്‍ഥമില്ല.

ഇന്നിപ്പോള്‍ സര്‍ക്കാരുദ്യോഗസ്ഥരുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള തീരുമാനമായിക്കഴിഞ്ഞു. ജനപ്രധിനിധികളുടെ ശമ്പളവും (അലവന്‍സ്?) മറ്റാനുകൂല്യങ്ങളും ഇരട്ടിയാക്കണമെന്ന ചിന്തയുമുണ്ടല്ലോ. റവന്യൂവരുമാനത്തിന്റെ എണ്‍പത് ശതമാനമോ അതിലധികമോ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും! കുഴപ്പമില്ല, പക്ഷേ ഇവരെയെല്ലാം പോറ്റുന്ന കര്‍ഷകര്‍ക്കുവേണ്ടി സര്‍ക്കാരുകള്‍ (സര്‍ക്കാരിലാകാന്‍ ആഗ്രഹിക്കുന്നവരും) എന്താണ് ചെയ്യുന്നത്? ഇങ്ങനെയൊരു പാതയാണ് ഗ്രീസിലെ ഭരണാധികാരികള്‍ പിന്തുടര്‍ന്നത് എന്നോര്‍ത്താല്‍കൊള്ളാം. 

നമ്മുടെ സംസ്ഥാനത്തിന്റെ പൊതുകടബാധ്യതയും വര്‍ധിച്ചുവരുകയാണല്ലോ. അതോടൊപ്പം കേരളത്തിലെ ഗ്രാമീണജനതയിലെ 49 ശതമാനവും കടബാധ്യതയിലാണെന്നാണ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമെല്ലാംവേണ്ടി ഫണ്ട് കണ്െടത്താന്‍ കഴിയുന്നവര്‍ക്ക് ഈ കര്‍ഷകര്‍ക്കായി ഒന്നും ചെയ്യാന്‍ കഴിയാത്തത് വേദനാജനകമാണ്.

ഈ പശ്ചാത്തലത്തിലാണു കേരളത്തില്‍ ചിലപ്പോഴെങ്കിലും കര്‍ഷകര്‍ക്കുവേണ്ടി നടത്തുന്ന പ്രകടനങ്ങളെയും നിരാഹാര സത്യഗ്രഹത്തെയും മറ്റും കാണേണ്ടത്. പ്രതിഷേധത്തിന്റെ ഏറ്റവും ശക്തമായ രൂപമായിട്ടാണു ഗാന്ധിജി ഉപവാസയജ്ഞത്തെ കണ്ടത്. ഒരു പാര്‍ലമെന്റ് അംഗം ഇന്നു നിരാഹാരത്തിലാണല്ലോ. കര്‍ഷകര്‍ക്കുവേണ്ടിയുള്ള ഇത്തരം സമരങ്ങളെ കക്ഷിഭേദമന്യേ എല്ലാവരും പിന്തുണച്ച് സര്‍ക്കാരുകളെക്കൊണ്ട് കര്‍ഷകാശ്വാസത്തിനായി വേണ്ട നടപടികളെടുപ്പിക്കാന്‍ ഇടയാക്കേണ്ടതാണ്. 

ആരാണു സമരം നടത്തുന്നതെന്നു നോക്കാതെ കര്‍കരോടൊപ്പം സ്വര്‍മുയര്‍ത്താനാണ് കര്‍ഷകസ്നേഹമുള്ളവര്‍ ഇപ്പോള്‍ ചെയ്യേണ്ടതെന്നു മാര്‍ പവ്വത്തില്‍ പറഞ്ഞു.
Source: Deepika