News >> കാലു കഴുകല്‍ ശുശ്രൂഷാ ക്രമത്തില്‍ വത്തിക്കാന്‍ മാറ്റം വരുത്തി


പെസഹാവ്യാഴാഴ്ചത്തെ കാലുകഴുകല്‍ ശുശ്രൂഷയുടെ പരികര്‍മ്മത്തില്‍ പാപ്പാ ഫ്രാന്‍സിസ് ഭേദഗതി വരുത്തി.

ജനുവരി 6-ാം തിയതി പൂജരാജാക്കളുടെ തിരുനാളില്‍ പുറപ്പെടുവിച്ച പ്രബോധനത്തിലൂടെയാണ് (Decree) ആരാധനക്രമപരമായ ഈ മാറ്റം പാപ്പാ ഫ്രാന്‍സിസ് കത്തോലിക്കാ സഭയില്‍ വരുത്തുന്നത്. പെസഹാവ്യാഴാഴ്ചത്തെ  'കാലുകഴുകൽ ശുശ്രൂഷ' പരികര്‍മ്മം ചെയ്യുന്ന പരമ്പരാഗത രീതിയിലാണ് പാപ്പാ ഭേദഗതി വരുത്തിയിരിക്കുന്നത്.

പുരുഷന്മാരുടെ മാത്രം കാലുകഴുകല്‍ നടത്തിയിരുന്ന സ്ഥാനത്ത്, വിശ്വാസ സമൂഹത്തില്‍നിന്നും പ്രായമായവരുടെയും യുവജനങ്ങളുടെയും, സ്ത്രീകളുടെയും പുരുഷന്മാരുടെയും, രോഗികളുടെയും വൈകല്യമുള്ളവരുടെയും, സന്ന്യസ്തരുടെയും വൈദികരുടെയും അല്‍മായരുടെയും പ്രതിനിധികളെ തിരഞ്ഞെടുത്ത് കാലുകഴുകൽ ശുശ്രൂഷ നടത്തുവാനുള്ള അനുമതിയാണ് നവീകരണ പ്രബോധനത്തിന്‍റെ പ്രധാന ഭാഗം.

അപ്പസ്തോലന്മാരെ പ്രതിനിധീകരിച്ച് പരമ്പരാഗതമായി 12 പേരുടെ കാലു കഴുകിയിരുന്ന സ്ഥാനത്ത് അജപാലനപരമായി യുക്തമാകുന്നതും പ്രായോഗികത മാനിച്ചുകൊണ്ടുള്ളതുമായ ഒരു ചെറുസംഘത്തെ തിരഞ്ഞെടുക്കാമെന്ന് ഡിക്രി വ്യക്തമാക്കുന്നു. മനുഷ്യരക്ഷയ്ക്കായി അനന്തമായ സ്നേഹം പ്രകടമാക്കിയ ക്രിസ്തു അന്ത്യ അത്താഴവിരുന്നില്‍ തന്‍റെ ശിഷ്യന്മാരുടെ കാലുകഴുകിയ പ്രതീകാത്മകമായ പ്രവൃത്തിക്ക് കുറെക്കൂടെ ആത്മീയ വ്യാപ്തി വരുത്തുകയാണ് പാപ്പാ ഫ്രാന്‍സിസ് കൊണ്ടുവരുന്ന മാറ്റത്തിന്‍റെ ലക്ഷ്യം. ഇത് പാപ്പാ തന്‍റെ ദീര്‍ഘകാല അജപാലന ശുശ്രൂഷയില്‍ മെത്രാനായിരിക്കെ പ്രാവര്‍ത്തികമാക്കിയിട്ടുള്ളതാണ്.

'ശുശ്രൂഷിക്കപ്പെടുവാനല്ല ശുശ്രൂഷിക്കുവാനും ജീവന്‍ സമര്‍പ്പിക്കുവാനുമാണ് ഞാന്‍ വന്നത്' (യോഹ.13, 1) എന്ന ക്രിസ്തുവിന്‍റെ വാക്കുകളാണ്  പരിഷ്ക്കരണത്തിന് ആധാരമായി പാപ്പാ ഉദ്ധരിക്കുന്നത്. അതിനാല്‍, കാലുകഴുകല്‍ ശുശ്രൂഷ പരികര്‍മ്മം ചെയ്യുന്ന മെത്രാന്മാരും വൈദികരും ആത്മീയമായും ആഴമായും മേലുദ്ധരിച്ച വചനത്തിന്‍റെ ധ്യാനത്തിലൂടെ ക്രിസ്തുവിനോട് സാരൂപ്യപ്പെടണമെന്നും ഈ ആരാധനക്രമ മാറ്റത്തിലൂടെ പാപ്പാ നിഷ്ക്കര്‍ഷിക്കുന്നു.

കാലുകഴുകള്‍ ശുശ്രൂഷയില്‍ വരുത്തുന്ന പ്രായോഗികമായ ഈ മാറ്റങ്ങള്‍ അതിന്‍റെ അര്‍ത്ഥപൂര്‍ണ്ണിമയില്‍ വിശ്വാസികള്‍ ഉള്‍ക്കൊള്ളുന്നതിനും, അറിവോടും ബോധ്യത്തോടും ഫലപ്രദമായും അതില്‍ പങ്കുചേരുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങളും പരിശീലനവും ഉത്തരവാദിത്വപ്പെട്ടവര്‍ നല്കേണ്ടതാണെന്നും പാപ്പാ ഡിക്രയിലൂടെ ആഹ്വാനംചെയ്യുന്നു.

അടുത്തു വരുന്ന പെസഹാവ്യാഴം മുതല്‍ (24 മാര്‍ച്ച് 2016) ആഗോളസഭയില്‍ പ്രയോഗത്തില്‍ വരുത്തേണ്ട പാപ്പായുടെ ഡിക്രി ആരാധനക്രമ കാര്യങ്ങള്‍ക്കും കൂദാശകള്‍ക്കുമായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ റോബര്‍ട്ട് സറായാണ് ജനുവരി 21-ാം തിയതി വ്യാഴാഴ്ച രാവിലെ റോമില്‍ പരസ്യപ്പെടുത്തിയത്. ഇതു സംബന്ധിച്ച് ആരാധനക്രമത്തിലും പ്രാമാണിക ഗ്രന്ഥങ്ങളിലും വരുത്തേണ്ട മാറ്റങ്ങളും വിവരണങ്ങളും വത്തിക്കാന്‍റെ ആരാധനക്രമകാര്യാലയം ദേശീയ-പ്രാദേശിക സഭാദ്ധ്യക്ഷന്മാരെയും ആരാധനക്രമ കമ്മിഷനുകളെയും രേഖാമൂലം അറിയിക്കുന്നതാണെന്നും കര്‍ദ്ദിനാള്‍ സറാ റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തി.

ഭാഗ്യസ്മരണാര്‍ഹനായ 12-ാം പിയൂസ് പാപ്പാ 1955 നവംബര്‍ 30-ാം തിയതി പ്രബോധിപ്പിച്ച വിശുദ്ധവാരത്തെ സംബന്ധിക്കുന്ന ഡിക്രിയിലെ (Maxima Redemptionis) ആരാധനക്രമ ചിട്ടകളിലൊന്നിലാണ് പാപ്പാ ഫ്രാന്‍സിസ് ഇന്ന് ഭേദഗതി വരുത്തുന്നത്.

Source: Vatican Radio