News >> അസൂയ കളകള്‍ പോലെ ക്രൂരമാണെന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ വചനചിന്ത


കളപോലെ പടര്‍ന്നുപിടിക്കുന്ന നശീകരണത്തിന്‍റെ പാപമാണ് അസൂയയെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.  ജനുവരി 21-ാം തിയതി, വ്യാഴാഴ്ച അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ വചനചിന്തകള്‍ പങ്കുവച്ചത്.

യുവാവായ ദാവീദിനോട് ഇസ്രായേല്‍ ജനത്തിനുണ്ടായ പ്രീതിയില്‍ അസൂയാലുവായ സാവൂള്‍ രാജാവ് കൊലപാതകത്തിനു മുതിരുന്നു. സാമുവേല്‍ പ്രവാചകന്‍റെ ഒന്നാം പുസ്തകം പറയുന്ന ഈ സംഭവം വ്യാഖ്യാനിച്ചുകൊണ്ടാണ് അസൂയയുടെ മ്ലേച്ഛതയെയും പൈശാചികതയെയും കുറിച്ചു പാപ്പാ ഉദ്ബോധിപ്പിച്ചത്. ചരിത്രത്തില്‍, ദാവീദു രക്ഷപ്പെട്ടത് സാവൂള്‍ രാജാവിന്‍റെ മകന്‍, ജോനാഥന്‍റെ സത്യസന്ധവും സ്നേഹമസൃണവുമായ ഇടപെടല്‍ മൂലമാണ്.

വ്യക്തികളെ തേജോവധം ചെയ്യുവാനും വഞ്ചിക്കുവാനും, ചിലപ്പോള്‍ കൊല്ലുവാന്‍ പോലും പ്രേരിപ്പിക്കുന്ന പാപമാണ് അസൂയയെന്ന് വചനത്തെ ആധാരമാക്കി പാപ്പാ പ്രസ്താവിച്ചു.  കളകള്‍ നല്ല ചെടിയെ നശിപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നതുപോലെ, അസൂയയാകുന്ന കളകള്‍ മൂത്തു വളര്‍ന്ന് വ്യക്തികളെ ഇല്ലായ്മ ചെയ്യുന്നത് അനുദിന ജീവിത സംഭവങ്ങളായി ഇന്നു മാറിയിട്ടുണ്ടെന്ന് പാപ്പാ സമര്‍ത്ഥിച്ചു.

ചെയ്യാത്ത കുറ്റം അപരന്‍റെ മേല്‍ ചുമത്താല്‍ അസൂയ പ്രേരിപ്പിക്കുന്നു. അസൂയ മൂത്താണ് മനുഷ്യ ഹൃദയങ്ങള്‍ അസ്വസ്ഥമാകുന്നത്. പിന്നെ സഹോദരനെക്കുറിച്ച് പരദൂഷണം പറഞ്ഞു പരത്തുന്നു, അവനെയും അവളെയും തേജോവധം ചെയ്യുന്നു.  ക്രൂരമായ കൊലപാതകത്തിലേയ്ക്കു നയിക്കുവാനും അസൂയയ്ക്കു കരുത്തുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു.

സമൂഹത്തിലെ മതാചാര്യന്മാരുടെ അസൂയയാണ് ക്രിസ്തുവിനെ ആദ്യം തേജോവധം ചെയ്തത്. പാപികളുടെ സ്നേഹിതനും, സാമൂഹ്യ ദ്രോഹിയുമായി പ്രതിയോഗികള്‍ ആദ്യം അവിടുത്തെ  ചിത്രീകരിച്ചു. അതു പറഞ്ഞുപരത്തി. പിന്നീടാണ് പീലാത്തോസിന്‍റെ കരങ്ങളില്‍  വധശിക്ഷയ്ക്ക് ഏല്പിച്ചുകൊടുത്തതെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

മര്‍ക്കോസ് സുവിശേഷകന്‍ അടിവരയിട്ടു പ്രസ്താവിക്കുന്നതുപോലെ, പീലാത്തോസ് ബുദ്ധിമാനായിരുന്നു. അസൂയകൊണ്ടാണ് ക്രിസ്തുവിലെ കൊലക്കുറ്റം ചുമത്തി തന്‍റെ പക്കലേയ്ക്കു യഹൂദാചാര്യന്മാര്‍ പറഞ്ഞു വിട്ടതെന്ന് അയാള്‍ക്കു മനസ്സിലായി (മര്‍ക്കോസ് 15, 10). എന്നാല്‍ പീലാത്തോസ് ഭീരുവായിരുന്നെന്നും സുവിശേഷകന്‍റെ വാക്കുകളില്‍ത്തന്നെ പാപ്പാ സ്ഥാപിച്ചു (മര്‍ക്കോസ് 15, 15).  അങ്ങനെ, ജനപ്രമാണികളുടെ അസൂയയും, ബുദ്ധിമാനായിരുന്ന പീലാത്തോസിന്‍റെ ഭീരുത്വവും, ചിലരെ പ്രീതിപ്പെടുത്തുവാനുള്ള ശ്രമവുമാണ് യേശുവിനെ കുരിശില്‍ തറച്ചു കൊന്നത്.

Source: Vatican Radio