News >> തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സാന്ത്വന സങ്കേതങ്ങളാകണം
തീര്‍ത്ഥാടകരെ പ്രാര്‍ത്ഥനാലയങ്ങളിലേയ്ക്കു ഹൃദ്യമായി സ്വാഗതം ചെയ്യണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. റോമിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നവരുടെ കൂട്ടായ്മയെ ജനുവരി 21-ാം തിയതി വ്യാഴാഴ്ച വത്തിക്കാനില്‍ അഭിസംബോധന ചെയ്തുകൊണ്ടാണ് പാപ്പാ ഈ സന്ദേശം നല്കിയത്. ആഗോള സഭ ആചരിക്കുന്ന ജൂബിലിവര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ലോകമെമ്പാടുമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ റെക്ടര്‍മാര്‍ക്കും, തീര്‍ത്ഥാടനങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ക്കും, പ്രായോഗികവും പ്രസക്തവുമാകുന്ന വിധത്തിലായിരുന്നു പാപ്പായുടെ ഈ പ്രത്യേക സന്ദേശം.ദൈവജനത്തിന്‍റെ വിശ്വാസപ്രകടനവും, തലമുറകളായി പാലിച്ചുപോരുന്ന ഭക്തിയുടെ പ്രകരണവുമാണ് തീര്‍ത്ഥാടനങ്ങള്‍ എന്ന് ആമുഖമായി പാപ്പാ പ്രസ്താവിച്ചു. വളരെ ലളിതമായ ഭക്ത കൃത്യങ്ങളിലൂടെയാണ് നൂറ്റാണ്ടുകളായി ജനങ്ങള്‍ അവരുടെ ആഴമായ വിശ്വാസത്തിന് സഭയില്‍ രൂപം നല്കിയിട്ടുള്ളതെന്ന വസ്തുത പാപ്പാ സന്ദേശത്തില്‍ അനുസ്മരിപ്പിക്കുന്നുണ്ട്. തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്നവരും തീര്‍ത്ഥയാത്രകള്‍ സംഘടിപ്പിക്കുന്നവരും തീര്‍ത്ഥാടനങ്ങളെ കൂട്ടയാത്രയായി മാത്രം കാണുന്നതു തെറ്റാണ്. വ്യക്തികളിലെ വിശ്വാസ ജീവിതത്തിന്‍റെ ഇരുളും വെളിച്ചവും, സുഖവും ദുഃഖവും ഒരുപോലെ ഇടകലര്‍ന്ന ആത്മീയതയായും ആത്മീയയാത്രയായും തീര്‍ത്ഥാടനങ്ങളെ മനസ്സിലാക്കണമെന്ന് പാപ്പാ ആഹ്വാനംചെയ്തു.സാമുവേല്‍ പ്രവാചകന്‍റെ അമ്മ, അന്ന വാര്‍ദ്ധക്യത്തിലും പുത്രദാനത്തിനായി ദൈവത്തോട് ദേവാലയത്തിൽച്ചെന്ന് മുട്ടിപ്പായി അനുദിനം പ്രാര്‍ത്ഥിക്കുമായിരുന്നു. എന്നാല്‍ അവര്‍ മദ്യപയാണെന്ന് പുരോഹിതന്‍ തെറ്റിദ്ധരിക്കുക മാത്രമല്ല, അവളെ കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ദൈവം അന്നയുടെ പ്രാര്‍ത്ഥന കൈക്കൊണ്ടു. വിശ്വാസപൂര്‍ണ്ണമായ തീര്‍ത്ഥാടനത്തിന് ഉദാഹരണമായിട്ടാണ് വിശുദ്ധ ഗ്രന്ഥത്തില്‍നിന്നും അന്നയുടെ കഥ പാപ്പാ ഉദ്ധരിച്ചത് (1സാമു. 1, 12-14). കണ്ണീരും കയ്യുമായി ഇന്നും നമ്മുടെ പ്രാര്‍ത്ഥനാലയങ്ങളില്‍ ക്രൂശിതരൂപത്തിന്‍റെ മുന്നിലും, കന്യകാനാഥയുടെ ചിത്രത്തിന്‍റെ നടയിലും, വിശുദ്ധരുടെ മാദ്ധ്യസ്ഥ്യത്തിലും നിലവിളിക്കുന്ന ആയിരങ്ങളുടെ പ്രതിരൂപമാണ് നാം കണ്ട പഴയനിയമത്തിലെ അന്ന.തുറന്ന മനസ്സോടും ഹൃദയത്തോടുംകൂടെ തീര്‍ത്ഥാടകരെ നമ്മുടെ പ്രാര്‍ത്ഥനാലയങ്ങളിലേയ്ക്കും ആത്മീയകേന്ദ്രങ്ങളിലേയ്ക്കും സ്വീകരിക്കേണ്ടതാണ്. പാപികളെയും രോഗികളെയും സ്വീകരിച്ച ക്രിസ്തുവിന്‍റെ മാതൃകയാണു സുവിശേഷത്തില്‍നിന്നും നാം ഉള്‍ക്കൊള്ളേണ്ടത്. ചുങ്കക്കാരന്‍ മത്തായിയുടെയും ധനാഢ്യനായ സക്കേവൂസിന്‍റെയും ആതിഥേയത്വം ക്രിസ്തു സ്വീകരിച്ചതല്ലേ! അതിനു കാരണം, അവിടുന്ന് ആദ്യം അവരെ ഉള്‍ക്കൊണ്ടു എന്നതാണ്. അവര്‍ തന്‍റെ പക്കല്‍ വന്നപ്പോള്‍ അവരെ സ്വീകരിച്ചാശ്ലേഷിച്ചു (മത്തായി 10, 40). തന്‍റെ പക്കല്‍ വന്നവരെ, റോമില്‍ ഒരു കാരാഗൃഹവാസിയായിരുന്നപ്പോള്‍ സ്വീകരിച്ച പൗലോസ് അപ്പസ്തോലന്‍റെ ശ്രദ്ധേയമായ മാതൃകയും പാപ്പാ ചൂണ്ടിക്കാട്ടി (നടപടി 28, 30). സുവിശേഷവത്ക്കരണത്തിന്‍റെ അടിസ്ഥാന മനോഭാവവും ഘടകവുമാണ് അന്യരെ, വിശിഷ്യാ എളിയവരായവരെ, നമ്മുടെ ജീവിതത്തില്‍ സ്വീകരിക്കുക, സ്വാഗതംചെയ്യുക എന്നത്. ചിലപ്പോള്‍ അപരനെ സ്വീകരിക്കുവാനും ഉള്‍ക്കൊള്ളുവാനും ഒരു ചെറുപുഞ്ചിരി മതിയാകുമെന്നും പാപ്പാ ഫ്രാന്‍സിസ് കത്തില്‍ ഉദ്ബോധിപ്പിക്കുന്നു.തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ വന്നെത്തുന്നവര്‍ നീണ്ട യാത്രയ്ക്കു ശേഷം ശാരീരികമായി ക്ഷീണിതരാണെന്നും, അതിനാല്‍ പ്രാര്‍ത്ഥനാലയത്തിന്‍റെ ഉമ്മറത്തെത്തുന്നവരെ അതിഥിയെപ്പോലെ സ്വീകരിക്കുകയും പരിഗണിക്കുകയും വേണമെന്നും പാപ്പാ ആവശ്യപ്പെടുന്നു. അവര്‍ സ്വീകൃതരാകുമ്പോള്‍, ആ സ്വീകരണം സ്നേഹമായും സാന്ത്വനമായും പരിചരണമായും അനുഭവവേദ്യമാകും. അങ്ങനെ മനസ്സിനും ശരീരത്തിനും ഒരുപോലെ അനുഭവവേദ്യമാകുന്ന സ്നേഹസങ്കേതത്തിന്‍റെയും ശാന്തിനികേതനത്തിന്‍റെയും അന്തരീക്ഷം തീര്‍ത്ഥാടന കേന്ദ്രങ്ങളിലും പ്രാര്‍ത്ഥനാകേന്ദ്രങ്ങളിലും സൃഷ്ടിക്കണമെന്നാണ് പാപ്പാ ആവശ്യപ്പെടുന്നത്.ദൈവത്തിന്‍റെ ആലയത്തില്‍ ലഭിച്ച സ്വീകരണത്തിന്‍റെ ഗൃഹാതുരത്വം മടങ്ങിപ്പോകുന്ന തീര്‍ത്ഥാടകര്‍ അനുഭവിക്കണമെന്നും, അവര്‍ സ്വീകരിക്കപ്പെടുകയും മനസ്സിലാക്കപ്പെടുകയും ചെയ്തതിന്‍റെ സന്തോഷം അയവിറക്കാന്‍ അവര്‍ക്ക് ഇടവരികയും വേണമെന്നും സന്ദേശത്തില്‍ പാപ്പാ ഉദ്ബോധിപ്പിക്കുന്നു. പ്രാര്‍ത്ഥനാലയങ്ങളില്‍ എപ്പോഴും ലഭ്യമായിരിക്കേണ്ട അനുരഞ്ജനത്തിന്‍റെ കൂദാശയ്ക്കായുള്ള സൗകര്യങ്ങളെക്കുറിച്ചും, കുമ്പസാരക്കൂടിനെക്കുറിച്ചും പാപ്പാ സന്ദേശത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. മനുഷ്യര്‍ക്ക് ദൈവത്തിന്‍റ ക്ഷമ ലഭ്യമാക്കുകയും കാരുണ്യം അനുഭവവേദ്യമാക്കുകയും ചെയ്യുന്ന അനുരഞ്ജനത്തിന്‍റെ വേദികളായിരിക്കണം തീര്‍ത്ഥാടന ദേവാലയങ്ങളെന്നും പാപ്പാ നിഷ്ക്കര്‍ഷിക്കുന്നു.ദൈവം പാപികളെ തിരസ്ക്കരിക്കുന്നില്ല. മറിച്ച്, കരുണയുള്ള പിതാവിനെപ്പോലെ അവിടുന്ന് അവരെ ആശ്ലേഷിച്ചു സ്വീകരിക്കുന്നു. ദൈവം അനന്ത കാരുണ്യമാണെന്ന് അങ്ങനെ നമ്മുടെ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൂടെ ജനങ്ങള്‍ അറിയണമെന്നും, ദേവാലയശുശ്രൂഷകര്‍ കരുണയുടെ സ്രോതസ്സുക്കളായി മാറണമെന്നും ഉദ്ബോധിപ്പിച്ചുകൊണ്ടാണ് ഈ പ്രത്യേക സന്ദേശം പാപ്പാ ഉപസംഹരിച്ചത്.Source: Vatican Radio