News >> പാലിയം ഉത്തരീയത്തിനുള്ള ആടുകളെ പാപ്പായ്ക്കു സമ്മാനിച്ചു


രക്തസാക്ഷിണിയായ വിശുദ്ധ ആഗ്നസ്സിന്‍റെ തിരുനാളില്‍ പാപ്പായ്ക്ക് ആടുകളെ സമ്മാനിക്കുന്ന പാരമ്പര്യം വത്തിക്കാനില്‍ തുടര്‍ന്നു.  ജനുവരി 21-ാം തിയതി സഭ ആചരിക്കുന്ന വിശുദ്ധ ആഗ്നസ്സിന്‍റെ തിരുനാളിലാണ് വെളുത്ത രണ്ടു ചെമ്മരിയാടുകളെ പാപ്പായ്ക്ക് സമ്മാനിച്ചത്.

വിശുദ്ധ ഊര്‍ബന്‍ എട്ടാമന്‍ പാപ്പായുടെ നാമത്തിലുള്ള വത്തിക്കാനിലെ കപ്പേളയില്‍വച്ച് പാപ്പാ ഫ്രാന്‍സിസ് ആടുകളെ സ്വീകരിച്ചു. രക്തസാക്ഷിണിയായ വിശുദ്ധ ആഗ്നസിന്‍റെ ജീവിത നൈര്‍മ്മല്യം സൂചിപ്പിച്ചുകൊണ്ട് ആടുകളില്‍ ഒന്നിനെ വെളുത്ത പൂക്കളും, വിശുദ്ധയുടെ രക്തസാക്ഷിത്വത്തിന്‍റെ പ്രതീകമായി രണ്ടാമത്തേതിനെ ചുവന്ന പൂക്കളും ശിരസ്സില്‍ അണിയിപ്പിക്കുന്നതും ചടങ്ങിന്‍റെ ഭാഗമാണ്.

4ാം നൂറ്റാണ്ടില്‍ ജീവിച്ച്, രക്തസാക്ഷിത്വം വരിച്ച കന്യകയായ വിശുദ്ധ ആഗ്നസ്സിന്‍റെ സ്മൃതിമണ്ഡപം സ്ഥിതിചെയ്യുന്ന റോമിലെ "നൊമന്താന" എന്ന സ്ഥലത്തെ വിശുദ്ധയുടെ നാമത്തിലുള്ള ബസിലിക്കയില്‍നിന്നുമാണ് ചെമ്മരിയാടുകളെ വത്തിക്കാനില്‍ എത്തിക്കുന്നത്. ആഗ്നസ് (Agnus) എന്ന വാക്കിന് 'ആട്' എന്നാണ് ലത്തീന്‍ ഭാഷയില്‍ അര്‍ത്ഥം.  വിജാതിയ ദൈവങ്ങളെ ആരാധിക്കാന്‍ വിസമ്മതിച്ചതിന്‍റെ പേരിലാണ് യുവതിയായിരുന്ന ആഗ്നസ് കൊല്ലപ്പെട്ടതെന്ന് റോമിലെ ആദിമക്രൈസ്തവ സമൂഹത്തിന്‍റെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

 വെളുത്ത ആട്ടിന്‍രോമംകൊണ്ടു നെയ്തുണ്ടാക്കുന്നതും മെത്രാപ്പോലീത്തമാര്‍ ഔദ്യോഗിക കര്‍മ്മങ്ങള്‍ക്ക് കഴുത്തില്‍ ധരിക്കുന്നതുമായ സ്ഥാനിക ഉത്തരീയമാണ് പാലിയം. സഭാതലവനായ പാപ്പായുമായുള്ള ആത്മീയഐക്യത്തിന്‍റെ പ്രതീകമായി ധരിക്കുന്ന ഉത്തരീയത്തില്‍ ആറു ചെറിയ കുരിശുകളും നെയ്തു ചേര്‍ത്തിരിക്കുന്നു.

നെയ്തു തീര്‍ന്ന പാലിയങ്ങള്‍ ഒരു കുംഭത്തില്‍ പത്രോസ്ലീഹായുടെ വത്തിക്കാനിലുള്ള സ്മൃതിമണ്ഡപത്തില്‍ സൂക്ഷിക്കുകയാണു പതിവ്. എല്ലാവര്‍ഷവും ജൂണ്‍ 29-ാം തിയതി പത്രോസ് - പൗലോസ് ശ്ലീഹന്മാരുടെ തിരുനാളില്‍ പാപ്പായുടെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയില്‍ ആശീര്‍വ്വദിച്ച് അവ നല്‍കപ്പെടുന്നു. അതാതു രാജ്യങ്ങളിലുള്ള വത്തിക്കാന്‍റെ സ്ഥാനപതിവഴി പാലിയങ്ങള്‍ ഔദ്യോഗ്യമായി പുതിയ മെത്രാപ്പോലീത്തമാര്‍ക്കു നല്കുന്ന പതിവിന് തുടക്കമിട്ടത് പാപ്പാ ഫ്രാന്‍സിസാണ്. അതിനാല്‍ 2014-മുതല്‍, 'പാലിയ'ങ്ങള്‍ അതാതു രൂപതകളില്‍ നടത്തപ്പെടുന്ന ചടങ്ങില്‍വച്ച് ഓരോ രാജ്യത്തെയും അപ്പസ്തോലിക് നൂണ്‍ഷിയോ മെത്രാപ്പോലീത്തയ്ക്ക് നല്‍കുന്നതാണ് ഇപ്പോഴത്തെ രീതി.

Source: Vatican Radio