News >> വിശ്വാസം ക്രിസ്തീയ വിവാഹ സമ്മതത്തില്‍ സത്താപരം
അഭേദ്യവും സംയോജകവും പ്രജനനപരവുമായ വിവാഹത്തിൽ അധിഷ്ഠിതമായ കുടുംബം നരകുലത്തിന്‍റെ രക്ഷയ്ക്കായുള്ള ദൈവിക പദ്ധതിയില്‍പ്പെടുന്നതാണെന്ന് പാപ്പാ. പ്രധാനമായും, വിവാഹം അസാധുവാക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ തീര്‍പ്പു കല്പിക്കുന്ന അപ്പസ്തോലിക കോടതിയായ "റോമന്‍ റോത്ത"യുടെ കോടതിവര്‍ഷ ഉദ്ഘാടനത്തോടനുബന്ധിച്ച്, പ്രസ്തുത കോടതിയില്‍ സേവനമനുഷ്ഠിക്കുന്നവരെ വെള്ളിയാഴ്ച (22/01/16) അപ്പസ്തോലിക അരമനയില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ. റോമന്‍ റോത്തയ്ക്കുള്ള രണ്ടു വിശേഷണങ്ങള്‍, അതായത്, കുടുംബത്തിന്‍റെ കോടതി, പവിത്ര ബന്ധത്തിന്‍റെ സത്യത്തിന്‍റെ കോടതി എന്നിവയെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ ഈ രണ്ടു മാനങ്ങളും പരസ്പര പൂരകങ്ങളാണെന്ന് ഉദ്ബോധിപ്പിച്ചു. ദൈവഹിതാനുസാരമുള്ള കുടുംബത്തിന്‍റെ, അതായത് സ്ത്രീയും പുരുഷനും തമ്മിലുള്ള അഭേദ്യ ബന്ധമായ വിവാഹത്തില്‍ അധിഷ്ഠിതമായ കുടുബത്തിന്‍റെ, സ്ഥാനത്തേക്ക് കടന്നുവരാന്‍ ഇന്ന് ലോകത്തില്‍ ഇതര ബന്ധങ്ങള്‍ ശ്രമിക്കുന്ന വസ്തുത പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് പാപ്പാ ഇത്തരം ഇതര ബന്ധങ്ങളെയും, ദൈവം അഭിലഷിച്ച കുടുംബത്തെയും കുറിച്ച് ആശയക്കുഴപ്പമില്ലയെന്ന് ലോകത്തിന് കാട്ടിക്കൊടുക്കാന്‍ സഭയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പ്രസ്താവിച്ചു. കുടുംബങ്ങളോടു, വിശിഷ്യ, പാപത്താലും ജീവിത പരീക്ഷണങ്ങളാലും മുറിപ്പെട്ടവയോടു, ദൈവത്തിനുള്ള അക്ഷയമായ കരുണാര്‍ദ്ര സ്നേഹം ആവിഷ്ക്കരിക്കാനും, അതോടൊപ്പം, ദൈവിക പദ്ധതിയനുസരിച്ചുള്ള വിവാഹത്തിന്‍റെ അനിവാര്യ സത്യം പ്രഘോഷിക്കാനും സഭയ്ക്കു കഴിയുമെന്നും പാപ്പാ പറഞ്ഞു. ക്രിസ്തീയവിവാഹം ഏതാനും പേര്‍ക്ക് മാത്രമുള്ള ഒരാദര്‍ശമല്ല, മറിച്ച്, മാമ്മോദീസാ സ്വീകരിച്ചവരായ സകല വിശ്വാസികള്‍ക്കും ക്രിസ്തുവിന്‍റെ വരപ്രസാദത്തില്‍ ജീവിക്കാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യമാണെന്നും, വിശ്വാസം വിവാഹസമ്മതത്തില്‍ കാതലായ ഘടകമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ഉചിതമായ വിവാഹ ഒരുക്കത്തിനുള്ള സംവിധാനങ്ങള്‍ സഭ ഏര്‍പ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യവും പാപ്പാ എടുത്തുകാട്ടി. കുടുംബങ്ങളേയും കുടുംബങ്ങള്‍ക്ക് പിന്തുണയേകേണ്ട ഇടയന്മാരേയും സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളികളുയരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് പാപ്പാ റോമന്‍ റോത്തയിലെ അംഗങ്ങളെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. Source: Vatican Radio