News >> അമ്പത്തിയൊന്നാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ്


അമ്പത്തിയൊന്നാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന് ഫിലിപ്പീന്‍സിലെ സെബു പട്ടണത്തില്‍ ഞായറാഴ്ച (24/01/2016) തുടക്കമാകും.

     മ്യന്മാറിലെ യംഗൂണ്‍ അതിരൂപതയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ചാള്‍സ് മൗംഗ് ബൊ ഫ്രാന്‍സീസ്‍ പാപ്പായുടെ പ്രത്യേക പ്രതിനിധിയായി ഇതില്‍ സംബന്ധിക്കും.

     മഹത്വത്തെക്കുറിച്ചുള്ള പ്രത്യാശയായ ക്രിസ്തു നിങ്ങളില്‍ ഉണ്ട്, (കൊളോ.1:27). ഈ വാക്യമാണ് ഈ അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസ്സിന്‍റെ പ്രമേയം.

     ദിവ്യകാരുണ്യവും പ്രേഷിതദൗത്യവും ക്രിസ്തീയ പ്രത്യാശയും തമ്മിലുള്ള ബന്ധം ഈ പ്രമേയം സുവ്യക്തമായി അവതരിപ്പിക്കുന്നുവെന്ന് ഫ്രാന്‍സീസ് പാപ്പാ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സുകള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയെ 2014 സെപ്റ്റമ്പര്‍ 27 ന് വത്തിക്കാനില്‍ വച്ച് സംബോധന ചെയ്യവെ ഉദ്ബോധിപ്പിച്ചിരുന്നു.

     ലോകത്തിന് ഇന്ന് പ്രത്യാശയുടെ അഭാവമുണ്ടെന്നും അതുകൊണ്ടുതന്നെയാണ് ക്രിസ്തുവില്‍ നമുക്കുള്ള പ്രത്യാശയു‌ടെ സന്ദേശം ശ്രവിക്കുകയെന്ന ആവശ്യം നരകുലത്തിനുള്ളതെന്നും പാപ്പാ തദവസരത്തില്‍ കൂട്ടിച്ചേര്‍ത്തു.

     കര്‍ത്താവിന്‍റെ വചനത്തിലും അവിടത്തെ സ്നേഹബലിയിലും അവിടന്നുമായുള്ള പരിവര്‍ത്തന ദായകമായ കൂടിക്കാഴ്ചയായി ദിവ്യകാരുണ്യത്തെ അനുഭവിക്കാനും മനസ്സിലാക്കാനും ഈ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് അവസരമേകുന്നുമെന്നും പാപ്പാ പറഞ്ഞു.

പതിനായിരത്തിലേറെ വരുന്ന രാജ്യന്തര പ്രതിനിധികളുടെയും, അതിലേറെ ഫിലിപ്പീന്‍സിലെ കത്തോലിക്കാ വിശ്വാസികളുടെയും സാന്നിധ്യം സെബു അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസ്സില്‍ പ്രതീക്ഷിക്കപ്പെടുന്നു.  

1881 ജൂണ്‍ 21 നായിരുന്നു പ്രഥമ അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസ്സ്. ഇതിന്‍റെ വേദി ഫ്രാന്‍സിലെ ലീല് ആയിരുന്നു.

കഴിഞ്ഞ അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസ്സ് നടന്നത് 2012 ജൂണ്‍ 10 മുതല്‍ 17 വരെ അയര്‍ലണ്ടിലെ ഡബ്ലിനിലായിരുന്നു.

Source: Vatican Radio