News >> സമര്‍പ്പിതര്‍ സ്നേഹത്തിന്റെ സാക്ഷികള്‍: മാര്‍ ആലഞ്ചേരി

ഫാ. ജോസഫ് സ്രാമ്പിക്കല്‍ 

റോം: ദൈവത്തിനു സ്വയം സമര്‍പ്പിക്കുന്ന സന്യസ്തര്‍ ലോകത്തില്‍ ദൈവസ്നേഹത്തിന്റെയും പരസ്നേഹത്തിന്റെയും സാക്ഷികളാണെന്നു സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. റോമിലെ സീറോ മലബാര്‍ സഭ സമര്‍പ്പിത വര്‍ഷ സമാപനസമ്മേളനം ഇന്നലെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ദൈവസ്നേഹം അനുഭവിക്കുന്ന സമര്‍പ്പിതര്‍ ഈ സ്നേഹം തന്നെയാണു മറ്റുള്ളവര്‍ക്കു പകര്‍ന്നുനല്കുന്നതെന്നു മാര്‍ ആലഞ്ചേരി പറഞ്ഞു. സീറോ മലബാര്‍ സഭയിലെ സമര്‍പ്പിതര്‍ മാര്‍ത്തോമ്മാ ശ്ളീഹായുടെ വിശ്വാസ പ്രേഷിതചൈതന്യം ഉള്‍ക്കൊണ്ടു സഭയെ പടുത്തുയര്‍ത്തുന്നവരാണ്. സീറോ മലബാര്‍ സഭയുടെ ശ്ളൈഹിക പാരമ്പര്യം പൂര്‍ണതയില്‍ ഉള്‍കൊണ്ട് അതിനെ വളര്‍ത്താനുള്ള ദൌത്യവും സമര്‍പ്പിതര്‍ക്കുണ്ട്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ഏഴു ലക്ഷത്തോളം വരുന്ന സീറോ മലബാര്‍ സഭയിലെ പ്രവാസികള്‍ക്കുവേണ്ടി സമര്‍പ്പിതരായ വൈദികരും സന്യസ്തരും ചെയ്യുന്ന വിശ്വാസത്തിന്റെയും പ്രേഷിതത്വത്തിന്റെയും ശുശ്രൂഷ ശ്ളാഘനീയമാണ്. പ്രവാസികള്‍ക്കുവേണ്ടിയുള്ള അജപാലനശുശ്രൂഷയ്ക്കായി സഭാക്രമീകരണങ്ങള്‍ ഇനിയും ഉണ്ടാകേണ്ടതുണ്െടന്നും അതിനായി സമര്‍പ്പിതര്‍ പ്രത്യേകമായി പ്രാര്‍ഥിക്കണമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. 

സമര്‍പ്പിതര്‍ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്നേഹത്തിന്റെയും ആള്‍രൂപങ്ങളാണെന്ന് ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ വചനസന്ദേശം നല്കിക്കൊണ്ടു പറഞ്ഞു. ത്രിത്വൈക ദൈവത്തിന്റെ കൂട്ടായ്മയില്‍ ആയിരിക്കുന്ന സമര്‍പ്പിതര്‍ക്കു മാത്രമേ മറ്റുള്ളവര്‍ക്കുവേണ്ടി സ്വയം സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. 

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു. മാര്‍ ബോസ്കോ പുത്തൂര്‍, മോണ്‍. സ്റീഫന്‍ ചിറപ്പണത്ത്, ഫാ. സെബാസ്റ്യന്‍ വാഴക്കാലായില്‍, റവ.ഡോ. ചെറിയാന്‍ തുണ്ടുപറമ്പില്‍ തുടങ്ങി നൂറോളം വൈദികര്‍ സഹകാര്‍മികരായിരുന്നു. 

രാവിലെ നടന്ന സമ്മേളനത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബോസ്കോ പുത്തൂര്‍, മോണ്‍. സ്റീഫന്‍ ചിറപ്പണത്ത്, ഫാ. സെബാസ്റ്യന്‍ വാഴക്കാലായില്‍, സിസ്റര്‍ സീന സിഎംസി എന്നിവര്‍ പ്രസംഗിച്ചു. സ്നേഹവിരുന്നിലും കാലാപരിപാടികളിലും റോമിലുള്ള മലയാളികളായ നൂറുകണക്കിനു സമര്‍പ്പിതര്‍ പങ്കുചേര്‍ന്നു.
Source: Deepika