News >> അബ്ദുള്‍ കലാമിന് കേരള സഭയുടെ ആദരാഞ്ജലി!


മരണംവരെ നന്മയുടെ ദര്‍ശനം രാഷ്ട്രത്തിന് നല്കിയ മഹാനുഭാവനായിരുന്നു അന്തരിച്ച മുന്‍പ്രസിഡന്‍റ് അബ്ദുള്‍ കാലാമെന്ന് ദേശീയ മെത്രാന്‍ സമിതിയുടെ ഇപ്പോഴത്തെ അദ്ധ്യക്ഷന്‍ കൂടിയായ കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ചെയര്‍മാന്‍, കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ് പ്രസ്താവിച്ചു.

ജൂലൈ 27-ാം തിയതി തിങ്കളാഴ്ച വൈകുന്നേരം  ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ (IIM Shillong) വിദ്യാര്‍ത്ഥികള്‍ക്കായി പ്രഭാഷണം നല്കവെ അനുഭവപ്പെട്ട  ഹൃദയാഘാതത്തെ തുടര്‍ന്നാണ് അബ്ദുള്‍ കലാം അന്തരിച്ചത്.

83-വയസ്സുവരെയ്ക്കും കര്‍മ്മധീരനായി ജീവിച്ച രാഷ്ട്രത്തിന്‍റെ മുന്‍പ്രഥമ പൗരനെ അനുസ്മരിച്ചുകൊണ്ട് കൊച്ചിയിലെ സഭയുടെ ആസ്ഥാനമായ പി.ഒ.സിയില്‍നിന്നും ജൂലൈ 28-ാം തിയതി ചൊവ്വാഴ്ച ഇറക്കിയ മാധ്യമ പ്രസ്താവനയിലാണ്  കര്‍ദ്ദിനാള്‍ ക്ലീമിസ് ഇങ്ങനെ പ്രസ്താവിച്ചത്.

ജീവിതത്തില്‍ വലിയ സ്ഥാനങ്ങളുടെ സാക്ഷാത്ക്കാരത്തിന് കുറുക്കുവഴികളില്ലെന്ന് സ്വന്തം ജീവിതംകൊണ്ട് പഠിപ്പിച്ച കര്‍മ്മയോഗി, അബ്ദുള്‍ കലാം 20 വര്‍ഷക്കാലം തിരുവനന്തപുരത്തെ തുമ്പ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചതും പലവട്ടം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ളതും കര്‍ദ്ദിനാള്‍ ക്ലീമിസ് ആദരവോടെ പ്രസ്താവനയില്‍ അനുസ്മരിച്ചു.  

(Source: Vatican Radio, William Nellikkal)