News >> കൃപയുടെയും അനുരഞ്ജനത്തിന്‍റെയും വഴികളില്‍ നടത്തുന്ന ദൈവം: പൊതുകൂടിക്കാഴ്ചാ പ്രഭാഷണ സംഗ്രഹം


ബുധനാഴ്ച (27/01/16) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍  വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ  അതിവിശാലമായ അങ്കണത്തില്‍  പ്രതിവാരപൊതുകൂടിക്കാഴ്ച അനുവദിച്ചു.    വിവിധ രാജ്യങ്ങളില്‍ നിന്നായി മലയാളികളുള്‍പ്പടെയുള്ള തീര്‍ത്ഥാടകരും സന്ദര്‍ശകരുമായിരുന്ന പതിനായിരങ്ങള്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. റോമിലെ സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30ന് ത്രിത്വൈകസ്തുതിയോടുകൂടി പാപ്പാ  പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു.വിവിധ ഭാഷകളില്‍ വിശുദ്ധ ഗ്രന്ഥ ഭാഗം , (പുറ. 2:23-25 ), വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ ദൈവിക കാരുണ്യത്തെ അധികരിച്ച് ഒരു സന്ദേശം നല്കി. ഈ പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ സംഗ്രഹം ചുവടെ ചേര്‍ക്കുന്നു.

 ദൈവത്തിന്‍റെ കരുണ, വിശുദ്ധഗ്രന്ഥത്തില്‍  ഇസ്രായേല്‍ ജനതയുടെ ചരിത്രത്തിലുടനീളം പ്രകടമാണ്.  ‌തന്‍റെ കാരുണ്യത്താല്‍ കര്‍ത്താവ് പൂര്‍വ്വപിതാക്കന്മാരുടെ യാത്രയ്ക്ക് തുണയാകുകയും, അവരുടെ വന്ധ്യത്വത്തിലും അവര്‍ക്ക് സന്താനങ്ങളെ പ്രദാനം ചെയ്യുകയും,  ഉല്‍പ്പത്തിയുടെ പുസ്തകം 37 മുതല്‍ 50 വരെയുള്ള അദ്ധ്യായങ്ങളില്‍ വിവരിക്കപ്പെട്ടിരിക്കുന്ന ജോസഫിന്‍റെയും സഹോദരങ്ങളുടെയു കഥ കാട്ടിത്തരുന്നതുപോലെ, കൃപയുടെയും അനുരഞ്ജനത്തിന്‍റെയും വഴികളില്‍ നടത്തുകയും ചെയ്തു. കുടുംബത്തില്‍ നിന്നകറ്റപ്പെട്ടവരും പരസ്പരം സംസാരിക്കാത്തവരുമായ നിരവധിയായ സഹോദരങ്ങളെ ഞാന്‍ ഓര്‍ക്കുകയാണ്.  ​കണ്ടുമുട്ടാനും ആശ്ലേഷിക്കാനും പൊറുക്കാനും അതുപൊലെതന്നെ മോശമായ കാര്യങ്ങള്‍ മറക്കാനുമുള്ള നല്ലൊരവസരമാണ് ഈ കരുണാവര്‍ഷം.

ഈജിപ്തില്‍  ജനങ്ങളുടെ ജീവിതം കഠിനതരം ആയിരുന്നുവെന്ന് നമുക്കറിയാം. ഇസ്രായോല്‍ ജനത തകര്‍ന്നുപോകുമെന്നു വരുന്ന വേളയില്‍ കര്‍ത്താവ് ഇടപെടുകയും രക്ഷിക്കുകയും ചെയ്യുന്നു.

പുറപ്പാ‌ടിന്‍റെ പുസ്തകത്തില്‍ നാം വായിക്കുന്നു: 

കുറേക്കാലം കഴിഞ്ഞ് ഈജിപ്തിലെ രാജാവു മരിച്ചു. അടിമകളായിക്കഴിഞ്ഞിരുന്ന ഇസ്രായേല്‍ മക്കള്‍ നെടുവീര്‍പ്പിട്ടു നിലവിളിച്ചു. അവരുടെ നിലവിളി ദൈവസന്നിധിയിലെത്തി. ദൈവം അവരുടെ ദീനരോദനം ശ്രവിക്കുകയും അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ചെയ്ത ഉടമ്പടി ഓര്‍മ്മിക്കുകയും ചെയ്തു. അവിടന്ന് അവരെ കടാക്ഷിച്ചു. അവരുടെ ദയനീയാവസ്ഥ ഗ്രഹിച്ചു. (പുറ.2: 23-25). അടിച്ചമര്‍ത്തപ്പെട്ടവരുടെ സഹനത്തിനു മുന്നില്‍, അക്രമത്തിനിരകളാകുന്നവരുടെയും അടിമകളാക്കപ്പെട്ടവരുടെയും മരണത്തിനു വിധിക്കപ്പെട്ടവരുടെയും  രോദനത്തിനുമുന്നില്‍, കാരുണ്യത്തിന് നഷ്ക്രിയമായിരിക്കാനാകില്ല. എന്നാല്‍ ഈ സഹനങ്ങള്‍ നമ്മുടെതുള്‍പ്പടെയുള്ള എല്ലാ കാലഘട്ടങ്ങളിലേയും വേദനാപുര്‍ണ്ണമായ ഒരു യാഥാര്‍ത്ഥ്യമാണ്. അവയ്ക്ക്മുന്നില്‍ നമ്മള്‍ പലപ്പോഴും ഹൃദയങ്ങളെ കഠിനമാക്കാനും മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കാനും പ്രലോഭിതരായി ഒന്നും ചെയ്യാതെ നില്ക്കുന്നു. എന്നാല്‍ ദൈവം ഉദാസീനനല്ല. അവിടന്ന് മനുഷ്യന്‍റെ വേദനകളില്‍നിന്നൊരിക്കലും കണ്ണെടുക്കുന്നില്ല. കാരുണ്യവാനായ ദൈവം സദാ ഉത്തരമരുളുകയും നിര്‍ദ്ധനരെയും നിരാശയാല്‍ കേഴുന്നവരെയും  പരിപാലിക്കുകയും ചെയ്യുന്നു. ദൈവം ശ്രവിക്കുകയും, സഹനത്താലുള്ള വിലാപം കേള്‍ക്കാനും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കാനും കഴിവുറ്റ മനുഷ്യരെ ഉണര്‍ത്തിക്കൊണ്ട് രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നു.

അങ്ങനെയാണ് ഇസ്രായേല്‍ ജനതയുടെ വിമോചനത്തിന്‍റെ മദ്ധ്യവര്‍ത്തിയെന്ന നിലയിലുള്ള മോശയുടെ ചരിത്രം ആരംഭിക്കുന്നത്. ഇസ്രായേല്‍ ജനതയെ വിട്ടയക്കണമെന്ന് ഫറവോനെ ബോധ്യപ്പെടുത്താന്‍  മോശ അദ്ദേഹത്തെ നേരിടുകയും, പിന്നീട് ഇസ്രായേല്‍ ജനതയെ ചെങ്കടലിലൂടെയും മരുഭൂവിലൂടെയും സ്വാതന്ത്ര്യത്തിലേക്കു നയിക്കുകയും ചെയ്യുന്നു.

 അടുപ്പിക്കാനും ആശ്വസിപ്പിക്കാനും ഐക്യം സംജാതമാക്കാനുമുള്ള കാരുണ്യപ്രവര്‍ത്തികള്‍ വഴി കരുണയുടെ ഇടനിലക്കാരാകാന്‍ നമുക്കും ഈ കരുണാവര്‍ഷത്തില്‍ സാധിക്കും. ഏറെ നല്ല കാര്യങ്ങള്‍  ചെയ്യാന്‍ നമുക്കു സാധിക്കും.

ദൈവത്തിന്‍റെ കാരുണ്യം പ്രവര്‍ത്തനനിരതമാകുന്നത്, എല്ലായ്പ്പോഴും, രക്ഷിക്കുന്നതിനാണ്. കൊല്ലാന്‍ ശ്രമിക്കുന്നവരുടെ, ഉദാഹരണമായി യുദ്ധംചെയ്യന്നവരുടെ, പ്രവര്‍ത്തനങ്ങള്‍ക്ക് കടകവിരുദ്ധമാണത്. കര്‍ത്താവ്, അവിടത്തെ ദാസനായ മോശ വഴി ഇസ്രായേലിനെ ഒരു പുത്രനെ എന്നപോലെ മരുഭൂമിയിലൂടെ നയിക്കുകയും വിശ്വാസ പരിശീലനമേകുകയും  പിതൃ-പുത്രബന്ധത്തിലും ഭാര്യാ-ഭര്‍ത്തൃബന്ധത്തിലും ഉള്ളതുപോലുള്ള അതിശക്തമായ സ്നേഹബന്ധം ഉളവാക്കിക്കൊണ്ട് ആ ജനതയുമായി ഒരുടമ്പടി ഉണ്ടാക്കുകയും ചെയ്യുന്നു. ഈ ഉടമ്പടിയെ സംബന്ധിച്ച് മോശയ്ക്ക് നിര്‍ദ്ദേശങ്ങള്‍ നൽകുമ്പോൾ ദൈവം അരുളിചെയ്യുന്നു :

അതുകൊണ്ട് നിങ്ങള്‍ എന്‍റെ വാക്കുകള്‍ കേള്‍ക്കുകയും എന്‍റെ ഉടമ്പടി പാലിക്കുകയും ചെയ്താല്‍ നിങ്ങള്‍ എല്ലാ ജനങ്ങളിലുംവച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്‍റെ സ്വന്തം ജനമായിരിക്കും. കാരണം ഭൂമി മുഴുവന്‍ എന്‍റേതാണ്. നിങ്ങള്‍ എനിക്ക് പുരോഹിതരാജ്യവും വിശുദ്ധജനവുമായിരിക്കും. (പുറപ്പാട് 19: 5-6) 

ആകയാല്‍, അവിടത്തെ ഉടമ്പടി സ്വീകരിച്ചുകൊണ്ട്, അവിടുന്നിനാല്‍ രക്ഷിക്കപ്പെടാന്‍ നമ്മെത്തന്നെ വിട്ടുകൊടുത്താല്‍ നാം അപ്രകാരമുള്ള ജനതയായി ഭവിക്കും. കര്‍ത്താവിന്‍റെ കാരുണ്യം മനുഷ്യനെ അനര്‍ഘനാക്കുന്നു.

  ദൈവിക കാരുണ്യത്തിന്‍റെ വിസ്മയങ്ങള്‍ പൂര്‍ത്തിയാക്കപ്പെടുന്നത് യേശുക്രിസ്തുവിലാണ്; അവിടത്തെ രക്തത്താലുള്ള നൂതനവും സനാതനവുമായ ഉടമ്പടിയിലാണ്. അവിടന്ന് പൊറുത്തുകൊണ്ട് നമ്മു‌ടെ പാപങ്ങളെ ഇല്ലായ്മചെയ്യുകയും, നമ്മെ നിയതമായി ദൈവപുത്രരാക്കിത്തീര്‍ക്കുകയും ചെയ്തു.    കാരുണ്യപ്രവര്‍ത്തികള്‍ വഴി സകലരുടെയും പക്കല്‍ എത്തിച്ചേരാന്‍ കഴിയുന്നതിനുവേണ്ടി നമ്മുടെ  ഹൃദയം തുറന്നിടാം. നന്ദി.

Source: Vatican Radio