News >> തീരദേശത്തുകൂടി കാരുണ്യ സന്ദേശയാത്ര നാളെ (29-01-2016) തുടങ്ങും

കൊച്ചി: കാരുണ്യവര്‍ഷാചരണത്തിന്റെ ഭാഗമായി കെസിബിസി പ്രൊലൈഫ് സമിതി ഫോര്‍ട്ടുകൊച്ചി മുതല്‍ കൊല്ലം വരെ നടത്തുന്ന കാരുണ്യസന്ദേശ തീരദേശയാത്ര നാളെ ആരംഭിക്കും. രാവിലെ ഒമ്പതിനു ഫോര്‍ട്ടുകൊച്ചി കൊത്തലെംഗോ ചാരിറ്റി സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചി രൂപതാധ്യക്ഷനും കെസിബിസി ജനറല്‍ സെക്രട്ടറിയുമായ ബിഷപ് ഡോ.ജോസഫ് കരിയില്‍ ഫ്ളാഗ് ഓഫ് നിര്‍വഹിക്കും. 

യാത്രയുടെ ക്യാപ്റ്റന്‍ ജോര്‍ജ് എഫ്. സേവ്യറിനും ജനറല്‍ കണ്‍വീനര്‍ ബ്രദര്‍ മാവുരൂസ് മാളിയേക്കലിനും പതാക കൈമാറും. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗീസ് വളളിക്കാട്ട് അധ്യക്ഷത വഹിക്കും. 

വഴിയോരങ്ങളില്‍ കണ്െടത്തുന്ന അനാഥരായ സഹോദരങ്ങളെ കുളിപ്പിച്ചു പുതുവസ്ത്രങ്ങള്‍ ധരിപ്പിച്ചു സംരക്ഷണ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ എം.എക്സ്. ജൂഡ്സണിന്റെ നേതൃത്വത്തില്‍ സെഹിയോന്‍ പ്രേഷിതസംഘത്തിന്റെ മൊബൈല്‍ ബാത്ത് ടീമും, അടിയന്തര സാഹചര്യത്തില്‍ അര്‍ഹതയുള്ളവരെ ചികിത്സാകേന്ദ്രങ്ങളില്‍ എത്തിക്കാന്‍ ഓച്ചംതുരുത്ത് റോസറി ഫെല്ലോഷിപ്പിന്റെ ഡയറക്ടര്‍ കെ.ജെ. പീറ്ററിന്റെ ആംബുലന്‍സ് മെഡിക്കല്‍ ടീമും കാരുണ്യയാത്രാ സംഘത്തോടൊപ്പമുണ്ടാകും. മൂന്നു ദിവസത്തെ തീരദേശ യാത്രയില്‍ അമ്പതോളം കാരുണ്യ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കും. 

ആവശ്യക്കാര്‍ക്കു വിതരണം ചെയ്യാന്‍ ഭക്ഷണം, വസ്ത്രം, കുടിവെള്ളം എന്നിവയും കാരുണ്യവാഹനത്തില്‍ ഉണ്ടാകും. ജാതി-മതഭേദമെന്യേ, ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു പ്രവര്‍ത്തകരെ ആദരിക്കും. 

'ദൈവത്തിന്റെ മുഖം സ്നേഹവും കരം കാരുണ്യവും' എന്നതാണ് കാരുണ്യസന്ദേശ യാത്രയുടെ മുഖ്യസന്ദേശമെന്നു ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു ജോസ് അറിയിച്ചു.

കെസിബിസി പ്രോലൈഫ് സമിതി ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്, ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, പ്രസിഡന്റ് ജോര്‍ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, യാത്ര വൈസ് ക്യാപ്റ്റന്‍ അഡ്വ. ജോസി സേവ്യര്‍, യുഗേഷ് പുളിക്കന്‍, ഫാ ബെര്‍ളി വലിയകം, സാമൂഹ്യ പ്രവര്‍ത്തകനായ ബ്രദര്‍ മാവുരൂസ് മാളിയേക്കല്‍, കോ ഓര്‍ഡിനേറ്റര്‍മാരായ ജൂഡ്സണ്‍ എം.എക്സ്, ഡൊമിനിക് ആശ്വാസാലയം, കെ.ജെ. പീറ്റര്‍, വി. റോണ റിവേര, ഉമ്മച്ചന്‍ ചക്കുപുരക്കല്‍ എന്നിവര്‍ കാരുണ്യസന്ദേശയാത്രയ്ക്കു നേതൃത്വം നല്‍കും. 

തോപ്പുംപടി, പള്ളുരുത്തി, ഇടക്കൊച്ചി, അരൂര്‍, ചേര്‍ത്തല, എന്നീ സ്ഥലങ്ങളില്‍ സ്വീകരണവും സമ്മേളനങ്ങളും ഉണ്ടാകും. 30-ന് ആലപ്പുഴയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ബിഷപ് ഡോ.സ്റീഫന്‍ അത്തിപ്പൊഴിയിലും, 31നു കൊല്ലത്തു പൊതുസമ്മേളനത്തില്‍ ബിഷപ് ഡോ.സ്റാന്‍ലി റോമനും മുഖ്യപ്രഭാഷണം നടത്തും. 

11 ഘട്ടങ്ങളിലായി നടക്കുന്ന കാരുണ്യസന്ദേശ യാത്ര 14 ജില്ലകളിലെ 31 രൂപതാതിര്‍ത്തികള്‍ക്കുള്ളിലെ വിവിധ കാരുണ്യ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കും. കാരുണ്യ സംസ്ക്കാരത്തെ സജീവമാക്കുകയാണു യാത്രയുടെ ലക്ഷ്യമെന്നു ഡയറക്ടര്‍ ഫാ.പോള്‍ മാടശേരി പറഞ്ഞു.
Source: Deepika