News >> ലൂതറന്‍ കത്തോലിക്ക സംഗമം സ്വീഡനില്‍ - പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കും
നവോത്ഥാന പ്രസ്ഥാനം (Reformation) സംബന്ധിച്ച ലൂതറന്‍-കത്തോലിക്ക സംയുക്ത ജൂബിലിയാഘോഷത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കും. 2016 ഒക്ടോബര്‍ 31-ന് സ്വീഡനിലെ ലുന്‍ഡില്‍വച്ച് ലൂതറന്‍ സമൂഹവും അവിടത്തെ കത്തോലി
ക്കാ നേതൃത്വവും സംയുക്തമായി സംഘടിപ്പിക്കുന്ന ജൂബിലി ആഘോഷത്തില്‍ പാപ്പാ പ്രാന്‍സിസ് പങ്കെടുക്കുമെന്ന് ക്രൈസ്തവൈക്യകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ കേര്‍ട് കോഹ് ജനുവരി 27-ാം തിയതി (തിങ്കളാഴ്ച) റോമില്‍ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
മാര്‍ട്ടിന്‍ ലൂതറിന്‍റെ നേതൃത്വത്തില്‍ യൂറോപ്പില്‍ അരങ്ങേറിയ പ്രോട്ടസ്റ്റന്‍റ് നവോത്ഥാന പ്രസ്ഥാനത്തിന്‍റെ 500-ാം വാര്‍ഷികം, കത്തോലിക്കാ-ലൂതറന്‍ സൗഹൃദ ബന്ധത്തിന്‍റെ 50-ാം വാര്‍ഷികം എന്നീ ചരിത്രസംഭവങ്ങള്‍ കൂട്ടിയിണക്കിയാണ് പാപ്പായുടെ ഈ ചരിത്ര സന്ദര്‍ശനം. സ്വീഡനിലെ കത്തോലിക്കാ നേതൃത്വവും ആഗോള ലൂതറന്‍ സഭയും സംയുക്തമായി ലൂന്‍ഡില്‍ സംഘടിപ്പിക്കുന്ന സഭൈക്യ പ്രാര്‍ത്ഥനാ യോഗത്തിലും പൊതുസമ്മേളനത്തിലും പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കുമെന്ന് കര്‍ദ്ദിനാള്‍ കേര്‍ട് കോഹ് വ്യക്തമാക്കി.
കലഹത്തില്‍നിന്നും കൂട്ടായ്മയിലേയ്ക്ക് (from conflict to communion) എന്ന ശീര്‍ഷകത്തില്‍ 2013-ല്‍ ഇരുപക്ഷവും ചേര്‍ന്നു പ്രസിദ്ധപ്പെടുത്തിയ സംവാദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ആധാരരേഖയാണ് പാപ്പായുടെ സന്ദര്‍ശനത്തിന് വഴിതെളിച്ചതെന്നും കര്‍ദ്ദിനാള്‍ കോഹ് അറിയിച്ചു. കഴിഞ്ഞ നൂറ്റാണ്ടുകള്‍ കണ്ട ഇരുസഭകളുടെയുടെ വിഭജനത്തിന്‍റെയും വ്യതിരിക്തതയുടെയും കടുത്ത നിലപാടുകള്‍ വെടിഞ്ഞ്, ക്ഷമയുടെയും അനുരജ്ഞനത്തിന്‍റെയും സംവാദത്തിന്‍റെയും പാതയില്‍ ക്രിസ്തുസാക്ഷ്യത്തില്‍ മുന്നേറുവാനുള്ള തീരുമാനമാണിത്. സ്വീഡനിലെ ലൂന്‍ഡിലുള്ള വിശുദ്ധ ലോറന്‍സിന്‍റെ കത്തീഡ്രല്‍ ദേവാലയത്തിലാണ് സഭൈക്യ പരിശ്രമ പാതയിലെ ഈ അത്യപൂര്‍വ്വ സംഗമം അര
ങ്ങേറുന്നതെന്ന് കര്‍ദ്ദിനാള്‍ കോഹ് വിശദീകരിച്ചു.
ആഗോള ലൂതറന്‍ കൂട്ടായ്മ
(Lutheran World Federation) യുടെ പ്രസിഡന്‍റ്
ബിഷപ്പ് മുനീബ് യൗനാന്‍, ജനറല്‍ സെക്രട്ടറി, ഡോക്ടര്‍ മാര്‍ട്ടിന്‍ ജൂംഗെ എന്നിവര്‍ പാപ്പായുടെ സന്ദര്‍ശനം സംബന്ധിച്ച വാര്‍ത്ത സ്ഥിരീകരിച്ചു. സ്വീഡനിലെ സ്റ്റോക്ഹോം, ലുന്‍ഡ് രൂപതകള്‍ ആഗോള ലൂതറന്‍ ഫെഡറേഷനോട് സഹകരിച്ചുകൊണ്ടാണ് പാപ്പായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്രമീകരിക്കുന്നതെന്ന് സംയുക്ത പരിപാടികള്‍ക്ക് നേതൃത്വം വഹിക്കുന്ന ഡോ. മാര്‍ട്ടിന്‍ ജൂംഗ് സ്റ്റോക്ഹോമില്‍ ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
പത്രോസിന്‍റെ പരമാധികാരത്തെ തള്ളിപ്പറഞ്ഞുകൊണ്ടും വിശുദ്ധഗ്രന്ഥത്തില്‍ മാത്രം അധിഷ്ഠിതമായ വിശ്വാസ ജീവിത രീതി പ്രഖ്യാപിച്ചുകൊണ്ടും ഉയര്‍ന്നതാണ് മദ്ധ്യകാലഘട്ടത്തിലെ നവോത്ഥാന പ്രസ്ഥാനം (Reformation Movement). അക്കാലഘട്ടത്തില്‍ കത്തോലിക്കാ സഭയിലുണ്ടായിരുന്ന ആചാരപരവും വിശ്വാസപരവുമായ ക്രമക്കേടുകളോട് പ്രതിഷേധിച്ചുകൊണ്ടാണ് യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലുമായി പ്രോട്ടസ്റ്റന്‍റ് സഭകള്‍ 500 വര്‍ഷങ്ങള്‍ക്കുമുന്‍പ് ചരിത്രത്തില്‍ ആദ്യമായി മുളയെടുത്തത്. അതില്‍ ഏറെ ശക്തവും ശ്രദ്ധേയവുമായ നീക്കമായിരുന്നു മാര്‍ട്ടിന്‍ ലൂതറിന്‍റെ നേതൃത്വത്തില്‍ വളര്‍ന്ന ലൂതറന്‍ നവോത്ഥാന പ്രസ്ഥാനം
(cf. Luthran Thesis of 1517).
Source: Vatican Radio