News >> ക്രൈസ്തവര്‍ ജീവിതത്തില്‍ നേടുകയല്ല നല്‍കുകയാണ് : പാപ്പായുടെ വചനചിന്ത


ജീവിതത്തില്‍ ക്രൈസ്തവര്‍ നേടുകയല്ല, നല്‍കുകയാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

ജനുവരി 28-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. പൗരോഹിത്യത്തിന്‍റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്ന ഏതാനും വൈദികരും പാപ്പായ്ക്കൊപ്പം ദിവ്യബലിയര്‍പ്പിച്ചു. ദൈവിക രഹസ്യം പ്രകാശമാക്കി പ്രബോധിപ്പിച്ച വിശുദ്ധ തോമസ് അക്വിനാസിന്‍റെ അനുസ്മരണ നാളിലാണ് സുവിശേഷത്തെ ആധാരമാക്കി പ്രകാശമാകേണ്ട മനുഷ്യജീവിതങ്ങളെക്കുറിച്ച് പാപ്പാ ചിന്തകള്‍ പങ്കുവച്ചത്.

സകലരെയും ആശ്ലേഷിക്കുന്ന ദൈവത്തിന്‍റെ ഉദാരതയും മഹാമനസ്ക്കതയുമാണ് ക്രൈസ്തവന്‍ ഉള്‍ക്കൊള്ളേണ്ടത്. ദൈവിക ഔദാര്യത്തിന്‍റെ വെളിച്ചമായി തെളിയിക്കേണ്ടവരാണ് ക്രൈസ്തവരെന്ന്, 'വിളക്കു കത്തിച്ച് ആരും പറയുടെ കീഴില്‍ വയ്ക്കാറില്ല,' എന്ന സുവിശേഷ ഭാഗത്തെ ആധാരമാക്കി പാപ്പാ ഉദ്ബോധിപ്പിച്ചു (മര്‍ക്കോസ് 4, 21-25).

വെളിച്ചം സ്വീകരിച്ചവരാകയാല്‍ ക്രൈസ്തവര്‍ വെളിച്ചത്തിന്‍റെ സാക്ഷികളും വെളിച്ചത്തിന്‍റെ മക്കളുമാണെന്ന അവബോധമാണ് ഉള്‍ക്കൊള്ളേണ്ടത്. ക്രൈസ്തവര്‍ ജ്‍ഞാനസ്നാനത്തില്‍ സ്വീകരിച്ചിരിക്കുന്ന വെളിച്ചം ക്രിസ്തുവാണ്, പാപ്പാ അനുസ്മരിപ്പിച്ചു. എന്നാല്‍ ഈ വെളിച്ചം സ്വീകരിക്കാത്തവര്‍ ഇരുട്ടിലായിരിക്കും. അവരുടെ സ്വാര്‍ത്ഥതയുടെ ഇരുട്ടില്‍ അവര്‍ പ്രകാശത്തെ ഭയപ്പെടുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ദൈവപിതാവിന്‍റെ വെളിച്ചമായ ക്രിസ്തുവിനെ സ്വീകരിച്ചവര്‍ ജീവിതത്തില്‍ അവിടുത്തെ സാക്ഷികളായി മാറുന്നു. ജീവിത വിളക്കിന്‍റെ പ്രകാശം ചുറ്റും പരത്തിക്കൊണ്ട് അവര്‍ മുന്നേറുന്നു.   ജീവതത്തില്‍ ഉദാരമതികളാകുന്ന ക്രൈസ്തവര്‍ മറ്റെല്ലാം ഉപേക്ഷിക്കുകയും, ക്രിസ്തുവിനെ സ്വായത്തമാക്കുകയും ചെയ്യുന്നു. 'അളക്കുന്ന അളവുകോല്‍കൊണ്ട് നാമും അളക്കപ്പെടും.' എന്നാല്‍ ഉദാരമതിക്ക് ദൈവം കലവറയില്ലാതെ നല്‍കുമെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

കരുണാര്‍ദ്രനും സ്നേഹസമ്പന്നനുമായ  പിതാവില്‍നിന്നും ലഭിക്കുന്നതാണ് ക്രൈസ്തവരുടെ ഈ ഉദാരത. പാപ്പാ വിശദീകരിച്ചു. ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ ഹൃദയം ഉദാരമാകുന്നത് ദൈവവുമായുള്ള അവരുടെ ബന്ധത്തിലും ഐക്യത്തിലുമാണ്. ക്രിസ്തുവില്‍ പ്രകാശിതരായ ക്രൈസ്തവര്‍ ദൈവിക സ്നേഹത്തില്‍ വസിക്കുന്നു. പരിശുദ്ധാത്മാവ് അവരെ നയിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ നന്മയുടെയും സ്നേഹത്തിന്‍റെയും തുറവുള്ളതായി മാറുന്നു. അവ വിശാലവും ഉദാരവുമാകുന്നു. ക്രൈസ്തവര്‍ ജീവിതത്തില്‍ നേടുന്നവരല്ല, നല്കുന്നവരും പങ്കുവയ്ക്കുന്നവരുമായി മാറുന്നു. എന്നാല്‍ ഉദാരമായി നല്കുമ്പോള്‍ അവര്‍ക്ക് ലഭിക്കും. 'നല്കുമ്പോഴാണ് ലഭിക്കുന്നത്'. പാപ്പാ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെ ഉദ്ധരിച്ചു. ഇതുവഴി ക്രൈസ്തവര്‍ ക്രിസ്തുവിനെ നേടുന്നു! പിന്നെ അവര്‍ നല്‍കുവാനും, ജീവിതംകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുവാനും തുടങ്ങുന്നു.

തന്‍റെ കൂടെ സഹകാര്‍മ്മികരായിരുന്ന, പൗരോഹിത്യത്തിന്‍റെ 50-ാം വര്‍ഷികത്തില്‍ എത്തിയ വൈദികരെ പാപ്പാ അഭിനന്ദിച്ചു. നീണ്ട അജപാലന യാത്രയില്‍ അവരുടെ വിശ്വാസത്തിന്‍റെ നാളം അണയാതെയും, വീഴ്ചകളുണ്ടായപ്പോള്‍ തളരാതെയും മുന്നേറിയതിനും, ജ്ഞാനസ്നാനത്തില്‍ സ്വീകരിച്ച വിശ്വാസവെളിച്ചം പൊലിയാതെ കാത്തുസൂക്ഷിക്കുവാന്‍ സാധിച്ചതിനും ദൈവത്തിന് നന്ദി പറയാമെന്നു പാപ്പാ ആശംസിച്ചു. പൗരോഹിത്യത്തില്‍ പ്രോജ്ജ്വലിപ്പിച്ച ക്രൈസ്തവ വിശ്വാസത്തിന്‍റെ ദീപനാളം ചുറ്റും പരത്തിക്കൊണ്ടും പങ്കുവച്ചുകൊണ്ടും ഇനിയും മുന്നേറാമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ക്രിസ്തുവിന്‍റെ പ്രകാശം പങ്കുവയ്ക്കാനുള്ള ഔദാര്യവും മഹാമനസ്ക്കതയുമാണ് പൗരോഹിത്യത്തിന്‍റെയും ക്രൈസ്തവ ജീവിതത്തിന്‍റെയും നീണ്ട യാത്രയില്‍ അവര്‍ക്ക് പ്രചോദനമായതെന്നു പാപ്പാ കൂട്ടിച്ചേര്‍ത്തു. അജപാലന സമര്‍പ്പണത്തിന്‍റെ പ്രകാശംകൊണ്ട് അനേകരെ നയിക്കുകയും, സഭയെ പ്രബുദ്ധമാക്കുകയും ചെയ്ത വൈദിക സഹോദരങ്ങളെ അഭിനന്ദിച്ചുകൊണ്ടും, അവരുടെ സ്നേഹസമര്‍പ്പണത്തിന് നന്ദി പറഞ്ഞുകൊണ്ടുമാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.

Source: Vatican Radio