News >> ഫ്രാന്‍സിസ് ആചാര്യയുടെ സ്മരണാര്‍ഥം വാഗമണ്‍ കുരിശുമലയില്‍ ചാപ്പല്‍

വാഗമണ്‍: ആര്‍ഷഭാരത ദര്‍ശനങ്ങളിലൂടെ ക്രൈസ്തവീയതയ്ക്ക് പുതിയമാനം നല്‍കിയ ആബട്ട് ഫ്രാന്‍സിസ് ആചാര്യയ്ക്ക് ആശ്രമാങ്കണത്തില്‍ സ്മാരകം. ബെല്‍ജിയത്തില്‍ ജനിച്ച് ഭാരതീയ ദര്‍ശനങ്ങളില്‍ ആകൃഷ്ടനായി ഇന്ത്യയിലെത്തിയ ഫ്രാന്‍സിസ് ആചാര്യ 1958-ല്‍ കുരിശുമലയില്‍ ആദ്യമായി ആശ്രമം സ്ഥാപിച്ച അതേ സ്ഥലത്തുതന്നെയാണ് കരിങ്കല്ലില്‍ തീര്‍ത്ത സ്മാരകം നിര്‍മിച്ചിട്ടുള്ളത്. ആചാര്യയുടെ ഭൌതികശരീരം അടക്കം ചെയ്തിരിക്കുന്ന സ്ഥലത്താണ് പരമ്പരാഗത കേരളീയ ശൈലിയില്‍ ചാപ്പല്‍ നിര്‍മിച്ചിരിക്കുന്നത്.

കബറിട ചാപ്പലിന്റെ കൂദാശകര്‍മം ആചാര്യയുടെ 14-ാം ചരമവാര്‍ഷിക ദിനമായ നാളെ രാവിലെ 8.30ന് നടത്തും. കരുണയുടെ വര്‍ഷത്തില്‍ തിരുവല്ല അതിഭദ്രാസനത്തിലെ മൂന്നാമത്തെ കരുണയുടെ വാതിലായി കബറിട ചാപ്പലിന്റെ പ്രധാന കവാടം തുറക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, ധൂപ പ്രാര്‍ഥന എന്നിവയും നടത്തും. തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കുറീലോസ് മുഖ്യകാര്‍മികനായിരിക്കും. ഫീലിപ്പോസ് മാര്‍ സ്തെഫാനോസ്, ഏബ്രഹാം മാര്‍ യൂലിയോസ് എന്നിവര്‍ സഹകാര്‍മികരായിരിക്കും. 

1958 ല്‍ മലങ്കര കത്തോലിക്കാ സഭയുടെ തിരുവല്ല ഭദ്രാസനത്തിനു കീഴില്‍ സ്ഥാപിതമായ കുരുശുമല ആശ്രമം 1998ല്‍ സിസ്റേര്‍ഷ്യന്‍ സഭയുടെ ഔദ്യോഗിക ശാഖാ ഭവനമായി. സിസ്റേര്‍ഷ്യന്‍ ആശ്രമ ജീവിത ശൈലിയെയും സന്യാസ ദര്‍ശനത്തെയും അവയുടെ മൌലികതയില്‍ സുസ്ഥിരമായി നിലനിര്‍ത്തിയാണ് ആശ്രമത്തിന്റെ പ്രവര്‍ത്തനം. എല്ലാ സംസ്കാരങ്ങളിലുമുള്ള ദൈവാന്വേഷികളുടെ സന്യാസ തീര്‍ഥമാണ് ഇന്ന് കുരിശുമല ആശ്രമം. 2002 ജനുവരി 31ന് ഭാരതീയ സന്യാസജീവിതരീതകള്‍ പിന്തുടര്‍ന്നു ഫ്രാന്‍സിസ് ആചാര്യ ദൈവസന്നിധിയിലേയ്ക്ക് യാത്രയായി.
Source: Deepika