News >> പാപ്പായുടെ ത്രികാല പ്രാര്‍ത്ഥനാസന്ദേശം
ഞായറാഴ്ചകളിലെ പതിവനുസരിച്ച് ഫ്രാന്‍സീസ് പാപ്പാ ജനുവരി 31, ഞായറാഴ്ച, വത്തിക്കാനില്‍ നയിച്ച ത്രികാലപ്രാര്‍ത്ഥനയില്‍ വിവിധ രാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരും റോം രൂപതയിലെ കത്തോലിക്കാപ്രവര്‍ത്തന സംഘത്തില്‍പ്പെട്ട ബാലികാബാലന്മാരും പങ്കുകൊണ്ടു. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ നിലയുറപ്പിച്ചിരുന്ന അവരെ പാപ്പാ, ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനു മുമ്പ്, ഉച്ചയ്ക്ക് റോമിലെ സമയം 12 മണിക്ക്, (അപ്പോള്‍ ഇന്ത്യയില്‍ സമയം ഉച്ചതിരിഞ്ഞ് 4.30), അരമനയുടെ ഏറ്റവും മുകളിലുള്ള ജാലകത്തിങ്കല്‍ നിന്നുകൊണ്ട് സംബോധന ചെയ്തു. ഈ ഞായറാഴ്ച ലത്തീന്‍ റീത്തിന്‍റെ ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട വായിക്കപ്പെട്ട സുവിശേഷഭാഗം, അതായത്, പ്രവാചകന്‍ സ്വദേശത്ത് അവഗണിക്കപ്പെടുന്നതിനെക്കുറിച്ച് യേശു സിനഗോഗില്‍വച്ച് പറയുന്ന സംഭവം രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ലൂക്കായുടെ സുവിശേഷം നാലാം അദ്ധ്യായം 21 മുതല്‍ 30 വരെയുള്ള വാക്യങ്ങള്, ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.പാപ്പായുടെ പ്രഭാഷണം താഴെ ചേര്‍ക്കുന്നു: പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം, ഇന്നത്തെ സുവിശേഷഭാഗം, കഴിഞ്ഞ ഞായറാഴ്ചയിലെന്നപോലെ, നസ്രത്തിലെ സിനഗോഗിലേക്ക് നമ്മെ ഒരിക്കല്‍ കൂടി ആനയിക്കുന്നു. ഗലീലിയായിലെ ഗ്രാമമായ നസ്രത്തിലെ ഒരു കുടുംബത്തിലാണ് യേശു വളരുകയും എല്ലാവരാലും അറിയപ്പെടുകയും ചെയ്തത്. പരസ്യജീവിതം ആരംഭിക്കുന്നതിനായി അവിടംവിട്ടുപോയ യേശു കുറച്ചു നാളുകള്‍ക്കു ശേഷം ഇപ്പോള്‍ ആദ്യമായിട്ടാണ് അവിടേക്ക് തിരിച്ചു വരുന്നതും സാബത്തു ദിനത്തില്‍ സിനഗോഗില്‍ സമ്മേളിച്ചിരുന്നവരുടെ മുന്നില്‍ സന്നിഹിതനാകുന്നതും. വരാനിരിക്കുന്ന മിശിഹായെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗം ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് അവിടന്ന് വായിക്കുകയും അവസാനം ഇപ്രകാരം പ്രാഖ്യാപിക്കുകയും ചെയ്യുന്നു:
നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു. (ലൂക്കാ.4 :21). ആദ്യം ആ ഗ്രാമവാസികള്‍ അത്ഭുതപ്പെടുകയും പ്രശംസകള്‍ ചൊരിയുകയും ചെയ്തു. എന്നാല്‍ പിന്നീട് അവര്‍ മുഖം കോട്ടാനും ഇങ്ങനെ പിറുപിറുക്കാനും തുടങ്ങി. "കര്‍ത്താവിന്‍റെ അഭിഷിക്തനെന്ന് അവന്‍ സ്വയം അവകാശപ്പെടുന്നതെന്തുകൊണ്ട്? കഫര്‍ണാമിലും അയല്‍ ഗ്രാമങ്ങളിലും അവന്‍ പ്രവര്‍ത്തിച്ചുവെന്നു പറയുന്ന അത്ഭുതങ്ങള്‍ എന്തുകൊണ്ട് ഇവിടെ പ്രവര്‍ത്തിക്കുന്നില്ല?" അപ്പോള്‍ യേശു പറയുന്നു: "ഒരു പ്രവാചകനും സ്വന്തം നാട്ടില്‍ സ്വീകരിക്കപ്പെടുന്നില്ല". (വാക്യം 24). തുടര്‍ന്ന് അവിടന്ന് ഏലിയാ, ഏലീശാ എന്നീ പ്രവാചകന്മാര്‍ ജനങ്ങളുടെ അവിശ്വാസത്തെ അപലപിക്കുന്നതിനായി വിജാതീയര്‍ക്കനുകൂലമായി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതിനെക്കുറിച്ചു സൂചിപ്പിക്കുന്നു. അപ്പോള്‍ അവിടെ സന്നിഹതരായിരുന്നവര്‍ കോപാകുലരാകുകയും, എഴുന്നേറ്റ് യേശുവിനെ പട്ടണത്തിനു പുറത്താക്കുകയും മലയുടെ മുകളില്‍നിന്ന് താഴേക്ക് തള്ളിയിടാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാല്‍ യേശുവാകട്ടെ അവിടത്തെ സമാധാനത്തിന്‍റെ ശക്തിയാല്‍ അവരുടെ ഇടയിലൂടെ നടന്ന് അവിടം വിട്ടു പോയി. അവിടത്തെ സമയം അപ്പോഴും സമാഗതമായിരുന്നില്ല. അസൂയയുടെയും മാത്സര്യത്തിന്‍റെയുമൊക്കെ ഫലമായി ചിലപ്പോഴൊക്ക നമ്മുടെ പ്രദേശങ്ങളില്‍ സംഭവിക്കാറുള്ളതു പോലുള്ള, നാട്ടുകാര്‍തമ്മിലുള്ളൊരു വഴക്കിന്‍റെ കേവല വിവരണമല്ല ലൂക്കായുടെ ഈ സുവിശേഷഭാഗം. മറിച്ച്, മതാഭിമുഖ്യമുള്ള മനുഷ്യന്, നാമുക്കെല്ലാവര്‍ക്കും, എല്ലായ്പോഴും ഉണ്ടാകാവുന്നതും നാം നിശ്ചയദാര്‍ഢ്യത്തോടെ അകന്നു നില്ക്കേണ്ടതുമായൊരു പ്രലോഭനത്തിലേക്കാണ് ഇത് വെളിച്ചം വീശുന്നത്. ഈ പ്രലോഭനം എന്താണ്? മതത്തെ ഒരു നിക്ഷേപമായി കരുതാനുള്ള പ്രലോഭനമാണിത്. അതിന്‍റെ പരിണിത ഫലമോ, സ്വന്തം താല്പര്യങ്ങള്‍ക്കായി ദൈവവുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നു എന്നതാണ്. എന്നാല്‍ യഥാര്‍ത്ഥ മതമാകട്ടെ, മനുഷ്യരുടെ നയനങ്ങള്‍ക്കുമുന്നില്‍ ഏറ്റം ചെറിയതും നിസ്സാരവുമായതുമുള്‍പ്പടെയുള്ള സകല സൃഷ്ടികളെയും കാത്തുപരിപാലിക്കുന്നവനുമായ ദൈവത്തിന്‍റെ വെളിപാട് സ്വീകരിക്കുന്നതാണ്. മനുഷ്യന്‍റെ അവസ്ഥകള്‍ എന്തായാലും അതൊന്നും അവനെ ദൈവപിതാവിന്‍റെ ഹൃദയത്തില്‍നിന്ന് പുറംന്തള്ളുന്നതിന് കാരണമാകുന്നില്ലയെന്നും, ദൈവത്തിന്‍റെ നയനങ്ങള്‍ക്കു മുന്നില്‍ ഏക സവിശേഷാനുകൂല്യം ആനുകൂല്യങ്ങള്‍ ഇല്ലാതിരിക്കുന്നതാണെന്നും പ്രഖ്യാപിക്കുന്നതില്‍ യേശുവിന്‍റെ പ്രവാചകദൗത്യം അടങ്ങിയിരിക്കുന്നു. ദൈവത്തിന്‍റെ നയനങ്ങള്‍ക്കു മുന്നില്‍ ഏക സവിശേഷാനുഗ്രഹം ആനുകൂല്യങ്ങള്‍ ഇല്ലാതിരിക്കുന്നതും, തലതൊട്ടപ്പന്മാര്‍ ഇല്ലാതിരിക്കുന്നതും, ദൈവകരങ്ങളില്‍ പൂര്‍ണ്ണമായി ഭരമേല്പിക്കുന്നതുമാണ്. "നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തുകള്‍ നിറവേറിയിരിക്കുന്നു". യേശു പ്രഖ്യാപിച്ചതായ ആ 'ഇന്ന്' എല്ലാക്കാലങ്ങളെയും ദ്യോതിപ്പിക്കുന്നു. നലകുലത്തിനായി യേശു കൊണ്ടുവന്ന രക്ഷയുടെ പ്രസക്തിയെയും ആവശ്യകതയെയും കുറിച്ചോര്‍മ്മിപ്പിച്ചുകൊണ്ട് അത് ഇന്ന് ഇവിടെ ഈ ചത്വരത്തിലും മുഴങ്ങുന്നു. ഏക്കാലത്തെയും എല്ലായിടങ്ങളിലെയും സ്ത്രീപുരുഷന്മാര്‍ ആയിരിക്കുന്ന അവസ്ഥയില്‍ അവരുടെ പക്കല്‍ ദൈവം എത്തുന്നു. അവിടന്ന് നമ്മുടെ മുന്നിലും എത്തുന്നു. എന്നും അവിടന്നാണ് ആദ്യ ചുവട് വയ്ക്കുന്നത്. അവിടന്ന് കാരുണ്യത്തോടുകൂടി നമ്മെ സന്ദര്‍ശിക്കാന്‍ എത്തുന്നു. പാപങ്ങളാകുന്ന പൂഴിയില്‍നിന്ന് നമ്മെ എഴുന്നേല്‍പ്പിക്കാന്‍ അവിടന്നാഗതനാകുന്നു. നമ്മുടെ ഔദ്ധത്യം നമ്മെ വീഴ്ത്തിയ അഗാധ ഗര്‍ത്തത്തില്‍നിന്ന് നമ്മെ കൈപിടിച്ചു കയറ്റാനും സുവിശേഷത്തിന്‍റെ സാന്ത്വനദായക സത്യം സ്വീകരിക്കുന്നതിനും നന്മയുടെ വഴികളില്‍ ചരിക്കുന്നതിനും നമ്മെ ക്ഷണിക്കാനും അവിടന്ന് വരുന്നു. എന്നും അവിടന്നാണ് നമ്മെ കാണാന്‍ വരുന്നത്, നമ്മെ തേടിവരുന്നത്. നമുക്ക് സിനഗോഗിലേക്കു മടങ്ങാം. തീര്‍ച്ചയായും അന്ന്, നസ്രത്തിലെ സിനഗോഗില്‍, മാതാവായ മറിയവും ഉണ്ടായിരുന്നു. യേശു, അവിടെ സിനഗോഗില്‍, ആദ്യം ആദരിക്കപ്പെടുകയും പിന്നീട് വെല്ലുവിളിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും വധഭീഷണിക്കിരയാകുകയും ചെയ്യുന്നത് കണ്ടപ്പോള്‍, കുരിശില്‍ സഹിക്കേണ്ടിയിരുന്നവയുടെ ഒരു ചെറിയ മുന്നനുഭവം അവിടെ ഉണ്ടായപ്പോള്‍, അവളുടെ ഹൃദയത്തിന്‍റെ അനുരണനങ്ങള്‍ എന്തായിരുന്നുവെന്ന് നമുക്ക് ചിന്തക്കാന്‍ സാധിക്കും. വിശ്വാസഭരിതമായ സ്വന്തം ഹൃദയത്തില്‍ മറിയം സകലവും സൂക്ഷിച്ചു. അത്ഭുതങ്ങളുടെ ദൈവത്തില്‍നിന്ന് ദൈവത്തിന്‍റെ അത്ഭുതമായ യേശുക്രിസ്തുവിലേക്ക് തിരിയാന്‍ പരിശുദ്ധ മറിയം നമ്മെ സഹായിക്കട്ടെ.Source: Vatican Radio