News >> റവ.ഡോ. ആര്‍. ക്രിസ്തുദാസ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ സഹായമെത്രാന്‍

തിരുവനന്തപുരം: റവ. ഡോ. ആര്‍. ക്രിസ്തുദാസിനെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ സഹായമെത്രാനായി ഫ്രാന്‍സീസ് മാര്‍പാപ്പ നിയമിച്ചു. ഇന്നലെ റോമില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയ അതേ സമയം പാളയം സെന്റ് ജോസഫ്സ് കത്തീഡ്രല്‍ പള്ളിയില്‍ ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം നിയമനം സംബന്ധിച്ച പ്രഖ്യാപനം നടത്തി. ആഗോള സമര്‍പ്പിത വര്‍ഷാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് പാളയം പള്ളിയില്‍ നടന്ന ദിവ്യബലിക്കിടെയാണ് പുതിയ സഹായമെത്രാന്റെ നിയമനം പ്രഖ്യാപിക്കുന്നത്. ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യത്തിന്റെ മെത്രാഭിഷേകത്തിന്റെ ഇരുപത്തിയാറാം വാര്‍ഷിക ദിനത്തിലാണ് പുതിയ സഹായമെത്രാന്റെ നിയമനം ഉ|ാകുന്നത്. നിയുക്ത ബിഷപ്പിനെ ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു. നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍ സന്നിഹിതനായിരുന്നു. കൊച്ചുതുറ സെന്റ് തോമസ് അക്വീനാസ് പള്ളി വികാരിയായി സേവനമനുഷ്ഠിച്ചു വരുന്ന നാല്പത്തിനാലുകാരനായ ഫാ. ക്രിസ്തുദാസ് തിരുവനന്തപുരം ജില്ലയിലെ തീരദേശഗ്രാമമായ അടിമലത്തുറ സ്വദേശിയാണ്. അടിമലത്തുറ അഞ്ജലിഭവനില്‍ രാജപ്പന്റെയും ആഞ്ജലീനയുടെയും ആറു മക്കളില്‍ മൂത്തയാളായ ഫാ. ക്രിസ്തുദാസ് 1971 നവംബര്‍ 25 നാണു ജനിച്ചത്. 1998 നവംബര്‍ 25 നാണ് പൌരോഹിത്യം സ്വീകരിച്ചത്. വില്‍ഫ്രഡ്, ബില്ലറ്റ് (ഇറ്റലി), ജോയി, ഡോറസ് (ജര്‍മനി), ലോര്‍ദോന്‍ (ഓസ്ട്രേലിയ) എന്നിവര്‍ സഹോദരങ്ങളാണ്. Source: Deepika