News >> ഭവനരഹിതര്‍ക്ക് ഏഴുവീട്; ഇരട്ടയാര്‍ സെന്റ് തോമസ് സ്കൂളിലെ എന്‍സിസി കേഡറ്റുകള്‍ ചരിത്രമെഴുതി
ഇരട്ടയാര്‍: ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍സിസി യൂണിറ്റിന്റെ വമ്പന്‍ കൈയൊപ്പ്. തലചായ്ക്കാനിടമില്ലാത്ത ഏഴു സഹജീവികള്‍ക്കു ഭവനം നിര്‍മിച്ചുനല്‍കിയാണ് എന്‍സിസി വോളണ്ടിയര്‍മാര്‍ മഹാമനസ്കതയുടെ ചരിത്രം രചിച്ചത്.
ഏഴു വീടുകള്‍ നിര്‍മിച്ചുനല്‍കിയതില്‍ മാത്രം ഒതുങ്ങുന്നില്ല ഈ ചരിത്ര സാക്ഷ്യം. ഒരുവര്‍ഷംകൊണ്ട് ഏഴുവീടുകള്‍ ഒരുപോലെ നിര്‍മിച്ച് ഒരുമിച്ച് താക്കോല്‍ നല്‍കുകയാണ് നന്മയുടെ കുരുന്നുകള്‍. 2015 ഫെബ്രുവരി നാലിന് ഇടുക്കി രൂപതാധ്യക്ഷന്‍ ശിലാസ്ഥാപനം നടത്തി റോഷി അഗസ്റിന്‍ എംഎല്‍എ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച ഏഴുവീടുകളും ഇന്ന് ഒരുവര്‍ഷം തികയാന്‍ ഒരുദിവസം കൂടി ബാക്കിനില്‍ക്കുമ്പോള്‍ ഏഴു കുടുബങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെടുകയാണ്.
രോഗവും കെടുതികളും നിര്‍ധനരാക്കിയ കുടിലുകള്‍പോലും അന്യമായിപോയ ഏഴു കുടുംബങ്ങളെ കണ്െടത്തി വീടുകള്‍ നിര്‍മിച്ചുനല്‍കുകയായിരുന്നു. നിര്‍ധനരെ സഹായിക്കാന്‍ സ്കൂള്‍ ആവിഷ്്കരിച്ച് കെയര്‍ ആന്‍ഡ് ഷെയര്‍ പദ്ധതിയനുസരിച്ചു സ്കൂളിലെ എന്‍സിസി ഓഫീസര്‍ ലഫ്. റെജി ജോസഫ്, കോ-ഓര്‍ഡിനേറ്റര്‍ റോബര്‍ട്ട് മാടവന, സീനിയര്‍ അണ്ടര്‍ ഓഫീസര്‍ കോളിന്‍സ് ബാബു, അണ്ടര്‍ ഓഫീസര്‍ സാന്ദ്ര കെ. സജി എന്നിവരുടെ നേതൃത്വത്തിലാണ് ഏഴു ഭവനങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയാക്കിയത്.
1,100 ചതുരശ്രയടി വിസ്താരത്തില്‍ പൂര്‍ണമായും കോണ്‍ക്രീറ്റ് റൂഫിംഗില്‍ കട്ടിളയും ജനലും കതകുകളും സ്ഥാപിച്ച് പെയിന്റിംഗ് നടത്തി മനോഹരമാക്കിയാണ് വീടു കൈമാറുന്നത്.
മൂന്ന് ബെഡ്റൂമുകളും ലിവിംഗ് റൂമും അടുക്കളയും വര്‍ക്ക് ഏരിയായും സിറ്റൌട്ടും ടോയ്ലറ്റും ഒക്കെയുള്ള മോഡേണ്‍ ഭവനമാണ് ഇന്നു കൈമാറുന്നത്. ഏഴുവീടുകള്‍ക്കുമായി 65 ലക്ഷം രൂപയാണു ചെലവു വന്നത്.
വ്യക്തികള്‍, ട്രസ്റുകള്‍, സന്യാസിനി സമൂഹങ്ങള്‍, ക്ളബുകള്‍ തുടങ്ങിയവരുടെ സൌമനസ്യംകൊണ്ടാണ് സ്വപ്ന ഭവനങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നതെങ്കിലും ആരില്‍നിന്നും സംഭാവനകള്‍ പണമായി സ്വീകരിച്ചിട്ടില്ലെന്ന പ്രത്യേകതയും ഈ വലിയ സംരംഭത്തിനുണ്ട്. സംഭാവനകള്‍ അത്രയും കെട്ടിട നിര്‍മാണ സാമഗ്രികളായാണ് നിര്‍മാണ കമ്മിറ്റി സ്വീകരിച്ചിട്ടുള്ളത്. സാധന സാമഗ്രികള്‍ എത്തിക്കാന്‍ വഴി സൌകര്യങ്ങള്‍ അപര്യാപതമായിരുന്ന സ്ഥലങ്ങളില്‍ എന്‍സിസി കേഡറ്റുകളും ഓരോ പ്രദേശത്തേയും അയല്‍ക്കൂട്ടം വോളണ്ടിയര്‍മാരും ചേര്‍ന്ന് തലച്ചുമടായും മറ്റുമാണ് പണി സൈറ്റില്‍ എത്തിച്ചത്.
വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ ഓരോ ഘട്ടത്തിലും ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കലിന്റെയും സ്കൂള്‍ മാനേജര്‍ ഫാ. ഫ്രാന്‍സിസ് ഇടവക്കണ്ടത്തിന്റെയും പ്രിന്‍സിപ്പല്‍ സിസ്റര്‍ റോസിന്‍ എഫ്സിസി യുടെയും ഹെഡ്മാസ്റര്‍ പി.ജെ. ജോസഫിന്റെയും മേല്‍നോട്ടവും നിര്‍ദേശവും ഉണ്ടായിരുന്നു. ഭവനങ്ങളുടെ താക്കോല്‍ദാനവും വെഞ്ചിരിപ്പും ഇന്ന് രാവിലെ 8.30-ന് നടക്കും.
ജോയ്സ് ജോര്‍ജ് എംപി സമ്മേളനം ഉദ്ഘാടനംചെയ്യും. രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍ അധ്യക്ഷത വഹിക്കും. ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അനുഗ്രഹപ്രഭാഷണവും താക്കോല്‍ ദാനവും നടത്തും. എംഎല്‍എമാരായ കെ.കെ. ജയചന്ദ്രന്‍, റോഷി അഗസ്റിന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
Source: Deepika