News >> റവ. ഡോ. ജോസ് ചിറമേല്‍ പോസ്റുലേറ്റര്‍ ജനറല്‍

കൊച്ചി: സീറോ മലബാര്‍ സഭയില്‍ വിശുദ്ധരുടെ നാമകരണ നടപടിക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന പോസ്റുലേറ്റര്‍ ജനറലായി റവ. ഡോ. ജോസ് ചിറമേലിനെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിയമിച്ചു. 

സഭയില്‍ വിശുദ്ധരുടെ നാമകരണ നടപടിക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുകയും വിദഗ്ധ ഉപദേശം നല്കുകയുമാണ് പോസ്റുലേറ്റര്‍ ജനറലിന്റെ മുഖ്യ ചുമതല. സീറോ മലബാര്‍ സഭയില്‍ വിശുദ്ധ പദവിയിലേക്കുള്ളവരുടെ നാമകരണ നടപടിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണു പുതിയ നിയമനം. 

കാനന്‍ നിയമത്തില്‍ ഡോക്ടര്‍ ബിരുദവും നിയമശാസ്ത്രത്തില്‍ പോസ്റ് ഡോക്ടറല്‍ ഡിപ്ളോമയും നേടിയിട്ടുള്ള ഫാ. ജോസ് ഇന്ത്യയിലെ വിവിധ മേജര്‍ സെമിനാരികളില്‍ കാനന്‍ നിയമത്തിന്റെ പ്രഫസറാണ്. സഭാനിയമങ്ങളെ സംബന്ധിച്ച് അദ്ദേഹം എഴുതിയിട്ടുള്ള നിരവധി ലേഖനങ്ങളും പുസ്തകങ്ങളും സഭാനിയമങ്ങള്‍ എന്തെന്ന് സാധാരണക്കാര്‍ക്ക് മനസിലാക്കാന്‍ സഹായകമാണ്.

എറണാകുളം-അങ്കമാലി അതിരൂപതയിലെ മഞ്ഞപ്ര ഇടവകയില്‍ പരേതരായ പൊറിഞ്ചുവിന്റെയും തങ്കമ്മയുടെയും മകനായ ഡോ. ജോസ് ചിറമേല്‍ കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റും സീറോ മലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ കോടതിയുടെ അധ്യക്ഷനുമാണ്. Source: Deepika