News >> റവ.ഡോ. ജോസ് പുളിക്കലിന്റെ മെത്രാഭിഷേകം നാളെ (04-02-2016)
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ സഹായമെത്രാന്‍ റവ.ഡോ. ജോസ് പുളിക്കലിന്റെ മെത്രാഭിഷേകം നാളെ ഉച്ചകഴിഞ്ഞു രണ്ടിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍ നടക്കും. വത്തിക്കാന്‍ ന്യുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ ഉള്‍പ്പെടെ എഴുപതിലേറെ ക്രൈസ്തവ മേലധ്യക്ഷന്മാരും സാമൂഹിക രാഷ്ട്രീയ സാംസ്കാരികരംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും.
ഉച്ചയ്ക്ക് 1.30ന് മെത്രാന്മാരെയും വിശിഷ്ടാതിഥികളെയും കത്തീഡ്രലില്‍ സ്വീകരിക്കും. രണ്ടിനു മെത്രാഭിഷേകത്തിനു മുന്നോടിയായുള്ള പ്രദക്ഷിണം. മെത്രാഭിഷേകച്ചടങ്ങുകളില്‍ ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരാകും. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വചനസന്ദേശം നല്‍കും. പ്രാട്ടോസിഞ്ചെല്ലൂസും മെത്രാഭിഷേക കമ്മിറ്റി ചെയര്‍മാനുമായ റവ.ഡോ. മാത്യു പായിക്കാട്ട് ആര്‍ച്ചുഡീക്കനായിരിക്കും. നിയുക്തമെത്രാന്റെ നിയമന ഉത്തരവ് രൂപതാ ചാന്‍സലര്‍ റവ.ഡോ. കുര്യന്‍ താമരശേരിയും മലയാളപരിഭാഷ വൈസ്ചാന്‍സലര്‍ റവ.ഡോ. മാത്യു കല്ലറയ്ക്കലും വായിക്കും. കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികരും സന്യസ്തരും വിശ്വാസികളും മറ്റ് രൂപതകളില്‍നിന്നുള്ള വൈദികരും വൈദികപ്രതിനിധികളും അല്മായപ്രതിനിധികളുമുള്‍പ്പെടെ ഏഴായിരത്തോളംപേര്‍ പങ്കെടുക്കും. 701 വോളന്റിയേഴ്സ് നേതൃത്വം നല്‍കും.
കത്തീഡ്രല്‍ അങ്കണത്തിലെ വിപുലമായ പന്തലില്‍ ക്ളോസ് സര്‍ക്യൂട്ട് ടിവികളിലൂടെ തിരുക്കര്‍മങ്ങള്‍ വീക്ഷിക്കാനാകും. ഇന്റര്‍നെറ്റിലൂടെ അഭിഷേകകര്‍മങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യും. വു://സമിഷശൃമുമഹഹ്യറശീരലലെ.രീാ/ എന്ന ലിങ്കില്‍ ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ദൃശ്യങ്ങള്‍ ലഭ്യമാകും. 39വര്‍ഷം പൂര്‍ത്തിയാക്കുന്ന കാഞ്ഞിരപ്പള്ളി രൂപതയെ പ്രതിനിധീകരിച്ച് 39 ഗായകര്‍ മലയാളം, സുറിയാനി ഭാഷകളില്‍ ഗാനങ്ങളാലപിക്കും.
പത്രസമ്മേളനത്തില്‍ റവ.ഡോ. മാത്യു പായിക്കാട്ട് പരിപാടികള്‍ വിശദീകരിച്ചു. വികാരി ജനറാള്‍ ഫാ. ജസ്റിന്‍ പഴേപറമ്പില്‍, പിആര്‍ഒ റവ.ഡോ. സെബാസ്റ്യന്‍ കൊല്ലംകുന്നേല്‍, കോ-ഓര്‍ഡിനേറ്റര്‍മാരായ ഷെവ. അഡ്വ. വി.സി. സെബാസ്റ്യന്‍, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി ഏബ്രഹാം മാത്യു പന്തിരുവേലില്‍, പബ്ളിസിറ്റി കണ്‍വീനര്‍ ഡോ. ബിന്‍സ് എം. മാത്യു എന്നിവരും പങ്കെടുത്തു.
Source: Deepika