News >> സമര്‍പ്പിതര്‍ ദൈവസാമീപ്യത്തിന്റെ പ്രവാചകര്‍: മാര്‍പാപ്പ

ഫാ. ജോസഫ് സ്രാമ്പിക്കല്‍ 

വത്തിക്കാന്‍സിറ്റി: സമര്‍പ്പിതര്‍ ദൈവസാമീപ്യത്തിന്റെ പ്രവാചകരാണെന്നും അവര്‍ ധീരതയോടെ ആ ദൌത്യം നിര്‍വഹിക്കണമെന്നും ഫ്രാന്‍സീസ് മാര്‍പാപ്പ. ചൊവ്വാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ സമര്‍പ്പണവര്‍ഷസമാപനത്തോടനുബന്ധിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച ആറായിരത്തോളം വരുന്ന സമര്‍പ്പിതരുടെ പ്രതിനിധികള്‍ക്ക് അദ്ദേഹം പ്രത്യേക സന്ദേശം നല്‍കിയിരുന്നു.

സമര്‍പ്പണജീവിതത്തിലേക്കുള്ള ദൈവവിളികളെ സഭ ഗൌരവമായി വിവേചിക്കുകയും ആ ജീവിതത്തിലേക്കുള്ള വിളിയുള്ളവരെ അതില്‍ വളരാന്‍ സഹായിക്കുകയും ചെയ്യണം. വരുക! എന്നെ അനുഗമിക്കുക എന്ന ഈശോയുടെ വിളിക്കു സമ്മതം നല്‍കുന്നവരാണ് സമര്‍പ്പിതര്‍. സമര്‍പ്പിതരെ ഈശോ പിതാവുമായുള്ള തന്റെ അതേ ബന്ധത്തിലേക്കാണ് ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. 

ഈശോയെ അനുഗമിക്കുക എന്നു പറഞ്ഞാല്‍ ഈശോ പോയിടത്തു പോകുകയും അവിടുന്നു ചെയ്തതെല്ലാം ചെയ്യുകയും എന്നതാണ്. അതുപോലെ പാപികളെയും ദരിദ്രരെയും സ്നേഹിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്‍നിന്നും മനുഷ്യരില്‍നിന്നും അകന്ന് ജീവിക്കുമ്പോള്‍ സമര്‍പ്പണജീവിതം ഫലം പുറപ്പെടുവിക്കുകയില്ല. ഈശോയുടെ വിളിക്ക് അനുദിനം മരണം വരെ ഉത്തരം കൊടുക്കുന്ന സമര്‍പ്പിതരുടെ ജീവിതം സന്തോഷകരമാണ്. ഈ സന്തോഷമാണ് ഈശോയെ അനുഗമിക്കുന്നവരെ പ്രത്യേകിച്ചു സമര്‍പ്പിതരെ വ്യതിരിക്തമാക്കുന്ന അടയാളം. സന്തോഷം ഉള്ള സമര്‍പ്പിതര്‍ക്കു മാത്രമേ ദൈവത്തെ മഹത്വപ്പെടുത്താനും സഭയെ സൌന്ദര്യമുള്ളതാക്കിത്തീര്‍ക്കാനും സാധിക്കുകയുള്ളു. സമര്‍പ്പിതരുടെ സന്തോഷത്താല്‍ ദൈവപിതാവിന്റെ കരുണ സ്വീകരിക്കുവാന്‍ മനുഷ്യര്‍ ഈശോയിലേക്ക് ആകര്‍ഷിക്കപ്പെടണം. ആധ്യാത്മികജീവിതത്തിന്റെ അഗ്നിനാളങ്ങളാണു സമര്‍പ്പിതരുടെ കണ്ണുകള്‍ക്കു തിളക്കം നല്‍കുന്നത്. സമര്‍പ്പിതരില്‍ ചിലര്‍ ദൈവത്തിന്റെ മുഖത്തെക്കാള്‍ തങ്ങളുടെ മുഖം ഉയര്‍ത്തികാണിക്കുന്നതുകൊണ്ടാണു ലോകത്തില്‍ അനേകം മനുഷ്യര്‍ ദൈവത്തെ അവഗണിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നത്. നിശബ്ദതയില്‍ ദൈവത്തെ ആരാധിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുമ്പോഴാണ് ദൈവവുമായുള്ള സ്നേഹബന്ധത്തില്‍ വളരുന്നതും മറ്റുള്ളവര്‍ക്ക് ദൈവത്തെ കാണിച്ചുകൊടുക്കാന്‍ സാധിക്കുന്നതെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. കര്‍ദിനാള്‍മാരും മെത്രാന്‍മാരും വൈദികരും അടക്കം 1500 പേര്‍ വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികരായിരുന്നു. സമര്‍പ്പിതരെയും വിശ്വാസികളെയും കൊണ്ടു പത്രോസിന്റെ ബസിലിക്കയും ചത്വരവും നിറഞ്ഞു കവിഞ്ഞിരുന്നു.  Source: Deepika