News >> മാർ ജോസ് പുളിക്കലിന്റെ മെത്രാഭിഷേകം ഇന്ന് (04-01-2014)

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ നിയുക്ത സഹായമെത്രാൻ മാർ ജോസ് പുളിക്കലിന്റെ മെത്രാഭിഷേകം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കാഞ്ഞിരപ്പള്ളി കത്തീഡ്രലിൽ നടക്കും.


അഭിഷേകകർമങ്ങൾക്കു ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികത്വം വഹിക്കും. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. സാൽവത്തോരെ പെനാക്കിയോ, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ എന്നിവർ സഹകാർമികരാകും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വചന സന്ദേശം നല്‍കും. കാഞ്ഞിരപ്പള്ളി രൂപതാ പ്രോട്ടോസിഞ്ചെല്ലൂസും മെത്രാഭിഷേക കമ്മിറ്റി ചെയർമാനുമായ റവ.ഡോ. മാത്യു പായിക്കാട്ട് ആർച്ച് ഡീക്കനാകും.


ചടങ്ങുകൾക്കു മുന്നോടിയായി നടക്കുന്ന പ്രദക്ഷിണത്തിൽ എൺപതോളം മെത്രാപ്പോലീത്തമാരും മെത്രാന്മാരും ഇരുനൂറ്റമ്പതിലധികം വൈദികരും പങ്കെടുക്കും. പ്രദക്ഷിണ പാതയുടെ ഇരുവശങ്ങളിലായി രൂപതയിലെ 143 ഇടവകകളെ പ്രതിനിധീകരിച്ച് പ്രത്യേക വേഷത്തിൽ 143 മാതാക്കൾ കൊടികളും, 143 പുരുഷന്മാർ മുത്തുക്കുടകളും വഹിക്കും. Source: Deepika