News >> പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷനു തുടക്കം
ചാലക്കുടി: വര്‍ഗീയതയും അക്രമവും അഴിമതിയും നിറയുന്ന സമൂഹത്തില്‍ നന്മപ്രവൃത്തികളിലൂടെ തിന്മയെ കീഴടക്കണമെന്നു ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ബോധിപ്പിച്ചു. ദൈവത്തിന്റെ പേരില്‍ സഹജീവികള്‍ക്കു തിന്മയുണ്ടാകാന്‍ പാടില്ല. കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ യേശുവിനു സാക്ഷ്യം വഹിക്കാനും ബിഷപ് ആഹ്വാനം ചെയ്തു. അഞ്ചുദിവസം നീണ്ടുനില്ക്കുന്ന 27-ാമതു പോട്ട ദേശീയ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാം നമ്മോടുതന്നെ കരുണ കാണിക്കാന്‍ തയാറാകുമ്പോള്‍ കുടുംബത്തില്‍ സമാധാനം ഉണ്ടാകും. ദമ്പതികള്‍ പരസ്പരം കരുണ കാണിക്കുമ്പോള്‍ കുടുംബബന്ധങ്ങള്‍ ദൃഢമാകും. മാതാപിതാക്കള്‍ മക്കളോടും കരുണകാണിക്കണമെന്നു പറഞ്ഞ ബിഷപ് ജോലിത്തിരക്കിനിടയില്‍ മക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പലര്‍ക്കും കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവരും ഉദ്യോഗസ്ഥരും അഴിമതി, ചൂഷണം, കൈക്കൂലി എന്നിവ ഒഴിവാക്കി ജനോപകാരപ്രദമായി പ്രവര്‍ത്തിക്കണമെന്നും മാര്‍ കണ്ണൂക്കാടന്‍ കൂട്ടിച്ചേര്‍ത്തു.
മേരിമാത പ്രൊവിന്‍ഷ്യല്‍ ഫാ. പോള്‍ പുതുവ വിസി വചനപ്രതിഷ്ഠ നടത്തി സന്ദേശം നല്കി. ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ. ജോജോ മാരിപ്പാട്ട് എന്നിവര്‍ വചനശുശ്രൂഷ നയിച്ചു. ചാലക്കുടി ഫൊറോന വികാരി ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍, കുറ്റിക്കാട് ഫൊറോന വികാരി ഫാ. ലാസര്‍ കുറ്റിക്കാടന്‍ എന്നിവര്‍ ദിവ്യബലിക്കു കാര്‍മികത്വം വഹിച്ചു.
ഫാ. മാത്യു ഇലവുങ്കല്‍ ആരാധനയ്ക്ക് നേതൃത്വം നല്കി. ആശ്രമം സുപ്പീരിയര്‍ ഫാ. ഫിലിപ്പ് തയ്യില്‍, ഫാ. പോള്‍ പാറേക്കാട്ടില്‍, ഫാ. മാത്യു തടത്തില്‍, ഫാ. ആന്റോ ചിരപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്ന് ഉച്ചക്ക് 12ന് കോഴിക്കോട് രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ദിവ്യബലി അര്‍പ്പിക്കും.
Source: Deepika