പാപ്പാ ഫ്രാൻസിസ് സിനിമയിൽ അഭിനയിക്കുമെന്ന വാർത്ത വത്തിക്കാൻ നിഷേധിച്ചു.
എൻവി പ്രൊഡക്‍ഷൻസിന്‍റെ 'സൂര്യനുമപ്പുറത്ത്...' (Film, 'Beyond the Sun' by ENVI Production Company, USA) എന്ന ചലച്ചിത്രത്തിൽ പാപ്പാ ഫ്രാൻസിസ് അഭിനയിക്കുന്നു എന്ന് ഫെബ്രുവരി ഒന്നിന് യൂറോപ്പിൽ മാധ്യമങ്ങൾ പുറത്തുവിട്ട വാർത്തയാണ് വത്തിക്കാൻ ടെലിവിഷൻ കേന്ദ്രത്തിന്‍റെ ഡയറക്ടർ, മോൺസീഞ്ഞോർ ഡാരിയോ വിഗനോ നിഷേധിച്ചത്.
പാപ്പാ ഫ്രാൻസിസ് ഒരു നടനല്ലെന്നും, പാപ്പായുടെ യഥാർത്ഥമായ ജീവിത രംഗങ്ങളുടെയോ, അപ്പസ്തോലിക യാത്രകളുടെയോ ദൃശ്യശകലങ്ങൾ സിനിമയിൽ ചേര്‍ക്കാനുള്ള സാധ്യതയാണ് അഭിനയമായി മാധ്യമങ്ങൾ ഈയിടെ വ്യാഖ്യാനിച്ചതെന്നും ഫെബ്രുവരി 2-ാം തീയതി ചൊവ്വാഴ്ച റോമിൽ ഇറക്കിയ പ്രസ്താവനയിലൂടെ മോൺസീഞ്ഞോർ വിഗനോ വ്യക്തമാക്കി. പാപ്പായുടെ ജീവിതരംഗങ്ങൾ മാധ്യമങ്ങൾക്കു നല്കുന്നതിൽനിന്നും ലഭിക്കുന്ന വരുമാനം പാപ്പായുടെതന്നെ ഉപവിപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയാണ് പതിവെന്ന് മാധ്യമവിദഗ്ദ്ധനായ മോൺസീഞ്ഞോര്‍ വിഗനോ വിശദീകരിച്ചു.
എൻവി ചലച്ചിത്ര നിർമ്മാണ കമ്പനിക്കു പാപ്പായുടെ യഥാർത്ഥ ജീവിതരംഗ ചിത്രീകരണത്തിന്‍റെ ഏതാനും ഭാഗം (footage) വില്ക്കുന്നതിനെക്കുറിച്ച് വത്തിക്കാനുമായി ആലോചനയുണ്ട്.എന്നാൽ അതിൽനിന്ന് ലഭിക്കുന്ന പ്രതിഫലം ജന്മനാടായ അർജന്‍റീനയിലെ പാവങ്ങളും അനാഥരുമായ കുട്ടികളുടെ ക്ഷേമത്തിനായി നല്കുവാൻ പാപ്പാ ഫ്രാൻസിസ്തന്നെ നിർദ്ദേശിച്ചിട്ടുണ്ട്.
Source: Vatican RadioCopyright © 2017 - All Rights Reserved to the Eparchy of Kothamangalam
Powered by SMCIM