ഈ ബുധനാഴ്ചയും ( 03/02/16) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അതിവിശാലമായ അങ്കണത്തിൽവച്ച് പ്രതിവാര പൊതുദർശനം അനുവദിച്ചു. വിവിധ രാജ്യങ്ങളിൽനിന്നായി മലയാളികളുൾപ്പെടെയുള്ള തീർത്ഥാടകരും സന്ദർശകരുമായിരുന്ന നിരവധിപ്പേർ ചത്വരത്തിൽ സന്നിഹിതരായിരുന്നു. അമേരിക്കൻ സർക്കസ് കലാകാരന്മാരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. റോമിലെ സമയം രാവിലെ 10 മണിക്ക്, (ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30ന്) പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദർശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടു.
നീതിയിൽനിലനില്ക്കുന്നവൻ ജീവിക്കും; തിന്മയെ പിന്തുടരുന്നവൻ മരിക്കും. വികടബുദ്ധികൾ കർത്താവിന് വെറുപ്പുളവാക്കുന്നു; നിഷ്ക്കളങ്കർ അവിടത്തെ സന്തോഷിപ്പിക്കുന്നു. തിന്മ ചെയ്യുന്നവനു തീർച്ചായായും ശിക്ഷ ലഭിക്കും; നീതിമാന് മോചനവും.(സുഭാഷിതങ്ങൾ 11:19-21) ഈ വാക്യങ്ങൾ പാരായണം ചെയ്യപ്പെട്ടതിനെ തുടർന്ന് പാപ്പാ ചത്വരത്തിൽ സന്നിഹിതരായിരുന്നവരെ ഇറ്റാലിയൻ ഭാഷയിൽ സംബോധന ചെയ്തു. കരുണയും നീതിയും തമ്മിലുള്ള ബന്ധം ആയിരുന്നു പാപ്പായുടെ വിചിന്തനത്തിന്‍റെ കാതൽ.
പാപ്പായുടെ പ്രഭാഷണത്തിന്‍റെ സംഗ്രഹം:
വിശുദ്ധ ഗ്രന്ഥം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത് അനന്ത കാരുണ്യവും ഒപ്പം സമ്പൂർണ്ണ നീതിയും ആയ ദൈവത്തെയാണ്. ഈ രണ്ടുകാര്യങ്ങളെ തമ്മിൽ എങ്ങനെ ഇണക്കിച്ചേർക്കാൻ സാധിക്കും? അവ പരസ്പര വിരുദ്ധങ്ങളായ രണ്ടു യാഥാർത്ഥ്യങ്ങളാണെന്നു തോന്നാം. എന്നാൽ വാസ്തവത്തിൽ അങ്ങനെയല്ല; കാരണം ദൈവത്തിന്‍റെ കാരുണ്യമാണ് യഥാർത്ഥ നീതിക്ക് പൂർത്തികരണമേകുന്നത്. ഏതു നീതിയാണ് ഇവിടെ വിവക്ഷ?
നീതിന്യായ വ്യവഹാരത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, നാം കാണുക, അധികാരദുർവിനിയോഗത്തിനിരയായ ഒരുവൻ കോടതിയിൽ ന്യായാധിപനോട് നീതി നടപ്പാക്കാൻ അപേക്ഷിക്കുന്നതാണ്. ഒരുവന് അവനർഹിക്കുന്നത് നല്കപ്പെടണം എന്ന തത്ത്വത്തിനനുസൃതം കുറ്റവാളിക്ക് തക്കതായ ശിക്ഷയേകുന്ന നീതിയാണിത്. നീതിയിൽ നിലനില്ക്കുന്നവൻ ജീവിക്കും; തിന്മയെ പിന്തുടരുന്നവൻ മരിക്കും എന്ന് സുഭാഷിതങ്ങളുടെ പുസ്തകം പറയുന്നു. (പതിനൊന്നാം അദ്ധ്യായം, വാക്യം 19). എന്‍റെ എതിരാളിക്കെതിരെ നീതി നടപ്പാക്കിത്തരണമേ എന്ന് ഒരു വിധവ ന്യായാധിപനോട് ആവർത്തിച്ചാവശ്യപ്പെട്ടിരുന്നതിനെക്കുറിച്ചു പരാമർശിക്കുന്ന ലൂക്കായുടെ സുവിശേഷം പതിനെട്ടാം അദ്ധ്യായത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ഉപമയിലൂടെ യേശുവും ഇതേക്കുറിച്ചു പറയുന്നു.
എന്നിരുന്നാലും ഈ വഴി യഥാർത്ഥ നീതിയിലേക്കാനയിക്കുന്നില്ല. കാരണം, വാസ്തവത്തിൽ ഇവിടെ തിന്മയെ ജയിക്കുന്നില്ല; അതിനെ തടയുക മാത്രമെ ചെയ്യുന്നുള്ളു. മറിച്ച് തിന്മയോട് നന്മ കൊണ്ട് പ്രത്യുത്തരിക്കുമ്പോൾ തിന്മയെ സത്യത്തിൽ ജയിക്കാൻ സാധിക്കും.
ആകയാൽ ഇതാ, ബൈബിൾ നീതി നടപ്പാക്കുനുള്ള മറ്റൊരു വഴി, സഞ്ചരിക്കേണ്ട മുഖ്യ വീഥി, അവതരിപ്പിക്കുന്നു. കോടതിനടപടികളെ ഒഴിവാക്കുന്ന ഒരു പ്രക്രിയയാണത്. ഇരയായ വ്യക്തി കുറ്റക്കാരനെ നേരിട്ടു സമീപിക്കുകയും അയാൾ തിന്മ പ്രവര്‍ത്തിക്കുകയാണെന്ന അവബോധം പുലർത്താന്‍ അയാളെ സഹായിച്ചുകൊണ്ട് അയാളെ മാനസ്സാന്തരത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. അങ്ങനെ അവസാനം, കുറ്റവാളി തെറ്റു മനസ്സിലാക്കി പശ്ചാത്തപിക്കുകയും ദ്രോഹിക്കപ്പെട്ട വ്യക്തിയേകുന്ന മാപ്പ് സ്വീകരിക്കാൻ സ്വയം തുറക്കുകയും ചെയ്യും.
അനുനയിക്കുക എന്നത് മനോഹരമായ ഒരു കാര്യമാണ്. നല്കപ്പെടുന്ന മാപ്പു സ്വീകരിക്കാനായി ഹൃദയം തുറക്കപ്പെടുന്നു. കുടുംബങ്ങള്‍ക്കുള്ളിൽ, ഭാര്യാഭർത്താക്കന്മാർ തമ്മിൽ, മാതാപിതാക്കളും മക്കളും തമ്മിൽ ഉള്ള വൈരുദ്ധ്യങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗ്ഗമിതാണ്. ഇവിടെ ദ്രോഹമേറ്റവൻ ദ്രോഹിയെ സ്നേഹിക്കുകയും അയാളുമായുള്ള ബന്ധത്തെ സംരക്ഷിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ആ ബന്ധം മുറിക്കാതിരിക്കാൻ അഭിലഷിക്കുന്നു.
തീർച്ചയായും ഇത് ആയാസകരമായ ഒരു പ്രക്രിയയാണ്. അപരന്‍റെ തെറ്റിന് ഇരയായ വ്യക്തി പൊറുക്കാൻ സന്നദ്ധനാകുകയും തന്നെ ദ്രോഹിച്ചവന്‍റെ രക്ഷയും നന്മയും ആഗ്രഹിക്കുകയും വേണം. അപ്രകാരം മാത്രമെ നീതിക്ക് വിജയിക്കാൻ സാധിക്കുകയുള്ളു. കാരണം തെറ്റുചെയ്തവൻ അതു തിരിച്ചറിയുകയും മേലിൽ തെറ്റു ചെയ്യാതിരിക്കുകയും ചെയ്യുമ്പോൾ, ഇതാ, ഇനി തിന്മയില്ല. അനീതി പ്രവർത്തിച്ചിരുന്നവൻ, ഇതാ, നീതിമാനായിത്തീരുന്നു. എന്തെന്നാൽ അവന് മാപ്പും നന്മയുടെ വഴി കണ്ടെത്താൻ സഹായവും ലഭിച്ചു. ഇവിടെയാണ് മാപ്പിന്‍റെയും കാരുണ്യത്തിന്‍റെയും പ്രാധാന്യം പ്രകടമാകുന്നത്.
പാപികളായ നമ്മോടു ദൈവം പ്രവർത്തിക്കുന്നത് അങ്ങനെയാണ്. ആരെയും ശിക്ഷിക്കാൻ അവിടന്നാഗ്രഹിക്കുന്നില്ല... സകലരേയും രക്ഷിക്കാൻ ആഗ്രഹിക്കുന്ന കരുണയുടെ കർത്താവാണ് അവിടന്ന്. സ്നേഹിക്കുകയും തന്‍റെ മക്കളെല്ലാം നന്മയിലും നീതിയിലും ജീവിക്കണമെന്ന്, പൂർണ്ണതയിൽ ജീവിക്കണമെന്ന്, സന്തോഷമുള്ളവരായിരിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു പിതാവിന്‍റെ ഹൃദയമാണ് അവിടത്തേക്കുള്ളത്. തന്‍റെ കാരുണ്യത്തിന്‍റെ അനന്ത ചക്രവാളങ്ങളിലേക്ക് നമ്മെ തുറക്കുന്നതിനായി, നീതിയെക്കുറിച്ചുള്ള നമ്മുടെ അല്പാശയത്തിനപ്പുറം കടക്കുന്നതാണ് ആ ഹൃദയം. നമ്മുടെ പാപങ്ങളുടെ അടിസ്ഥാനത്തിൽ നമ്മോടു പെരുമാറുന്നതും നമ്മുടെ തെറ്റുകൾക്കനുസരിച്ച് നമുക്ക് പ്രതിഫലം നല്കുന്നതുമല്ല ആ ഹൃദയം. നാം കുമ്പസാരക്കൂടിനടുത്തെത്തുമ്പോൾ നാം കാണാൻ ആഗ്രഹിക്കുന്ന പിതാവിന്‍റ ഹൃദയമാണത്. ഒരു പക്ഷേ, തെറ്റിനെക്കുറിച്ചു കൂടുതല്‍ അവബോധം ജനിപ്പിക്കുന്നതിന് നമ്മോട് എന്തെങ്കിലും പറയുമായിരിക്കും. എന്നിരുന്നാലും നമ്മൾ കുമ്പസാരക്കൂട്ടിൽ എത്തുന്നത് ഒരു പിതാവിനെ കാണാനാണ്; നമ്മുടെ ജീവിതത്തെ മാറ്റാൻ നമ്മെ സഹായിക്കുന്നവനായ പിതാവിനെ, മുന്നേറാൻ കരുത്തു പകരുന്ന ഒരു പിതാവിനെ, നമ്മോട് ദൈവനാമത്തിൽ പൊറുക്കുന്ന ഒരു പിതാവിനെ. അതുകൊണ്ടുതന്നെ കുമ്പസാരക്കാരനാകുകയെന്നത് വലിയൊരു ഉത്തരവാദിത്ത്വമാണ്. കാരണം ഒരു മകൾ അല്ലെങ്കിൽ മകൻ നിന്‍റെ പക്കൽ വരുന്നത് ഒരു പിതാവിനെ മാത്രം കാണാനാണ്. ആകയാൽ, കുമ്പസാരക്കൂട്ടിലിരിക്കുന്ന പുരോഹതാ, സ്വന്തം കാരുണ്യത്താൽ നീതി നടപ്പാക്കുന്ന ഒരു പിതാവിന്‍റെ സ്ഥാനത്താണ് നീ ഇരിക്കുന്നത്. നന്ദി.
പാപ്പായുടെ ഇറ്റാലിയൻ ഭാഷയിലായിരുന്ന പ്രഭാഷണം അവസാനിച്ചതിനെ തുടർന്ന് അതിന്‍റെ സംഗ്രഹം അറബിയും ഇംഗ്ലീഷുമുൾപ്പടെ വിവിധ ഭാഷകളിൽ വായിക്കപ്പെട്ടു.
പതിവുപോലെ യുവജനങ്ങളെയും രോഗികളയും നവദമ്പതികളെയും പ്രത്യേകം സംബോധന ചെയ്ത പാപ്പാ അർമേനിയായിലെ രക്തസാക്ഷിയായ വിശുദ്ധ ബ്യാജ്യോയുടെ തിരുന്നാൾ അനുവർഷം ഫെബ്രുവരി 3-ന് ആചരിക്കപ്പെടുന്നത് അനുസ്മരിക്കുകയും ദുഷ്ക്കരങ്ങളായ അവസ്ഥകളിലും സുവിശേഷം പ്രഘോഷിക്കാൻ നാം പരിശ്രമിക്കണമെന്ന് വിശുദ്ധനായ ഈ മെത്രാൻ നമ്മെ ഓർമ്മിപ്പിക്കുന്നുവെന്ന് പ്രസ്താവിക്കുകയും ചെയ്തു. വിശ്വാസത്തിന്‍റെ ധീരസാക്ഷികളാകാൻ പാപ്പാ യുവജനത്തെയും, ക്രിസ്തുവിന്‍റെ വെളിച്ചത്തിൽനിന്ന് അകലെ ആയിരിക്കുന്നവരുടെ മാനസ്സാന്തരത്തിനായി തങ്ങളുടെ സഹനങ്ങൾ സമർപ്പിക്കാൻ രോഗികളെയും, സ്വന്തം കുടുംബത്തിൽനിന്നു തുടങ്ങി എല്ലാവരോടും കർത്താവിന്‍റെ സ്നേഹം പ്രഘോഷിക്കാൻ നവദമ്പതികളെയും ആഹ്വാനം ചെയ്തു.
പൊതുദർശന പരിപാടിയുടെ അവസാന ഭാഗത്ത് കർത്തൃപ്രാർത്ഥന ലത്തീൻ ഭാഷയിൽ ആലപിക്കപ്പെട്ടതിനെ തുടർന്ന്, പാപ്പാ എല്ലാവർക്കും തന്‍റെ അപ്പസ്തോലികാശീർവ്വാദം നല്കുകയും ചെയ്തു.Source: Vatican RadioCopyright © 2017 - All Rights Reserved to the Eparchy of Kothamangalam
Powered by SMCIM