News >> സന്ന്യസ്തര്‍ ജീവിതത്തില്‍ ക്രിസ്തുവിനെ കണ്ടടെത്തുന്നവരാകണം
ക്രിസ്തുവിനെ കണ്ടെത്തിയവര്‍ ജീവിതത്തില്‍ ആനന്ദമനുഭവിക്കുമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. കര്‍ത്താവിന്‍റെ സമര്‍പ്പണത്തിരുനാളും സമര്‍പ്പണജീവിത വര്‍ഷാചരണത്തിന്‍റെ സമാപനവും ആചരിച്ചുകൊണ്ട് ഫെബ്രുവരി 2-ാം തിയതി ചൊവ്വാഴ്ച വൈകുന്നേരം വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റ ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.സന്തോഷമുള്ള സന്ന്യസ്തരെ കാണുന്നത് ആനന്ദദായകമാണ്. സമര്‍പ്പണജീവിതത്തില്‍ അവര്‍ അനുഭവിക്കുന്ന ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയുടെ സന്തോഷമാണത്. ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയുടെ ആനന്ദം ജീവിതത്തിലും മുഖത്തും സംതൃപ്തിയും സന്തോഷവുമായി പ്രസരിക്കുമെന്ന് പാപ്പാ പ്രസ്താവിച്ചു.വയോധികരായ ശിമയോനും അന്നയ്ക്കും സമര്‍പ്പണനാളില്‍ രക്ഷകനായ ക്രിസ്തുവുമായുണ്ടായ കൂടിക്കാഴ്ചയുടെ ഫലമായി ലഭിച്ച ആനന്ദമാണ് അവര്‍ ജീവിതത്തില്‍ പ്രതിഫലിപ്പിച്ചതും പ്രഘോഷിച്ചതും പങ്കുവച്ചതും.വിവിധ സഭകളുടെ സ്ഥാപകരിലൂടെ പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയിട്ടുള്ള വൈവിദ്ധ്യമാര്‍ന്ന ആത്മീയ സിദ്ധികള്‍ക്ക് നന്ദിയുളളവരായി അത് സന്തോഷത്തോടെ പ്രേഷിതമേഖലയില്‍ ജീവിച്ചുകൊണ്ടാണ് സന്ന്യാസജീവിതത്തിന്‍റെ മാറ്റുതെളിയിക്കേണ്ടതെന്ന് സമാപന ബലിയര്‍പ്പണത്തില്‍ സന്നിഹിതരായിരുന്ന സന്ന്യസ്തരുടെ വന്‍ കൂട്ടായ്മയോട് പാപ്പാ ആഹ്വാനം ചെയ്തു. ദൈവാരൂപിയുടെ പ്രചോദനത്താല്‍ സഭാസ്ഥാപകര്‍ക്ക് ലഭിച്ച സവിശേഷമായ സിദ്ധികള്‍ സ്ഫടികവത്ക്കരിച്ച് സൂക്ഷിക്കുവാനോ, അടച്ചുപൂട്ടി വയ്ക്കുവാനോ ഉള്ളതല്ല. മറിച്ച് അത് അനുദിനം ജീവിക്കേണ്ടതും സമൂഹത്തിലും ജീവിത പരിസരങ്ങളിലും പങ്കുവയ്ക്കേണ്ടതുമാണ്. പാപ്പാ അനുസ്മരിപ്പിച്ചു.സാധാരണക്കാരും പാവങ്ങളുമായവരുടെ ജീവിത പരിസരങ്ങളിലേയ്ക്ക്‍ ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ചവരാണ് വിശുദ്ധരായ സഭാസ്ഥാപകര്‍. തങ്ങളുടെ അസ്തിത്വത്തിന്‍റെയും സാമൂഹ്യ ചുറ്റുപാടുകളുടെയും അതിരുകളിലേയ്ക്ക് ഇറങ്ങിച്ചെന്ന് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചാല്‍ അഴുക്കുപറ്റുമെന്നോ, പ്രശ്നങ്ങളുണ്ടാകുമെന്നോ ഭയന്ന് അവര്‍ മാറിനില്ക്കാതെ ജീവന്‍ സമര്‍പ്പിപ്പിച്ചവരാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.ക്രിസ്തുവുമായുളള കൂടിക്കാഴ്ചയുടെയും കൃപയുടെയും ആശ്ചര്യാവഹമായ ആദ്ധ്യാത്മിക ഭാവുകത്വമാണ് പുണ്യാത്മാക്കളായ സഭാസ്ഥാപകര്‍ പകര്‍ന്നുതന്നിട്ടുള്ളതെന്നും, അവരുടെ ധീരവും പ്രവാചക ചൈതന്യമൂറുന്നതുമായ സമര്‍പ്പണമാണ് സന്ന്യസ്തര്‍ ഇന്നു ജീവിക്കേണ്ടതെന്നും പാപ്പാ വ്യക്തമാക്കി. വിളിയോടും വിളിച്ച ദൈവത്തോടും നന്ദിയുള്ള സമര്‍പ്പണത്തില്‍ സന്തോഷമുണ്ടെന്നും
(Joy of Gratitude) ആ സന്തോഷപ്രഭയാല്‍ ആകൃഷ്ടരായി ദൈവപിതാവിന്‍റെ കാരുണ്യാതിരേകം മറ്റുള്ളവരും അനുഭവിക്കാന്‍ ഇടയാവട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.Source: Vatican Radio