News >> ബംഗ്ലാദേശില്‍ വേരെടുക്കുന്ന കത്തോലിക്കാസമൂഹം

സഭയുടെ വളര്‍ച്ച ബാംഗ്ലാദേശില്‍ അഭൂതപൂര്‍വ്വകമാണെന്ന് ഡാക്കാ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ലോറന്‍സ് സുബ്രോത്തോ പ്രസ്താവിച്ചു.

ബാംഗ്ലാദേശിന്‍റെ തെക്കന്‍ പ്രവിശ്യയില്‍ ഫെബ്രുവരി 2-ാം തിയതി ചൊവ്വാഴ്ച 'ബരിസാല്‍' എന്ന പുതിയ രൂപതയുടെ സ്ഥാപനകര്‍മ്മങ്ങള്‍ നടക്കുകയുണ്ടായി. ഇതു സംബന്ധിച്ച തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ പ്രസ്താവനയിലാണ് കഴിഞ്ഞ 20-വര്‍ഷമായി രാജ്യത്ത് നിരീക്ഷിക്കുന്ന സഭയുടെ പ്രത്യേക വളര്‍ച്ചയെക്കുറിച്ച് ആര്‍ച്ചുബിഷപ്പ് സുബ്രോത്തോ ഇങ്ങനെ വിശദീകരിച്ചത്.

മുസ്ലിം രാഷ്ട്രമായ ബാംഗ്ലാദേശില്‍ കത്തോലിക്കര്‍ ന്യൂനപക്ഷമാണെങ്കിലും (ജനസംഖ്യയുടെ 0.1ശതമാനം മാത്രം) വളരുന്ന ക്രൈസ്തവ സമൂഹത്തിന്‍റെ പ്രതീകമാണ് ബരിസാല്‍ പുതിയ രൂപതാസ്ഥാപനം. രണ്ടു ദശകമായി  പൊതുവെ കണ്ടുവരുന്ന കത്തോലിക്കരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് കണക്കുകളുടെ അടിസ്ഥാനത്തിലാണ് ആര്‍ച്ചുബിഷപ്പ് സുബ്രോത്തോ വ്യക്തമാക്കിയത്.

ബാംഗ്ലാദേശിലെ എട്ടാമത്തെ സഭാപ്രവിശ്യയാണ് ബരിസാല്‍. പുരാതന ചിറ്റഗോംഗ് രൂപതയുടെ വിപുലീകരണവും വളര്‍ച്ചയുമാണ് ബരിസാല്‍ പുതിയ രൂപത. ജനസംഖ്യയുടെ (1 കോടി 61 ലക്ഷം) 90 ശതമാനം മസ്ലിംങ്ങളും, 9 ശതമാനത്തിലേറെ ഹൈന്ദവരുമുള്ള ബംഗ്ലാദേശില്‍ മതങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന ഐക്യദാര്‍ഢ്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്തുലിതാവസ്ഥയിലാണ് വിശ്വാസത്തിന്‍റെ ക്രമമായ വളര്‍ച്ച ദൃശ്യമായതെന്ന് ആര്‍ച്ചുബിഷപ്പ് സുബ്രാത്തോ പ്രസ്താവനയില്‍ വ്യക്തമാക്കി. തലസ്ഥാന നഗരം ‍ഡാക്കാ കേന്ദ്രീകരിച്ചാണ് സഭയുടെ ആസ്ഥാനമായ ഡാക്കാ അതിരൂപത പ്രവര്‍ത്തിക്കുന്നത്.

പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചിരിക്കുന്ന കാരുണ്യത്തിന്‍റെ ജൂബിലിയും അതുമായി ബന്ധപ്പെട്ട പരിപാടികളും വിശ്വാസികള്‍ ആവേശത്തോടെ സ്വീകരിച്ചതായി അദ്ദേഹം പ്രസ്താവിച്ചു. ഡാക്കായിലെ ഭദ്രാസന ദേവാലയത്തിലും, മറ്റ് ആറു രൂപതകളുടെ പ്രധാന ദേവാലയങ്ങളിലും തുറന്നിരിക്കുന്ന കാരുണ്യ കവാടങ്ങളും ജനങ്ങളില്‍ ദൈവകൃപയുടെയും അനുരജ്ഞനത്തിന്‍റെയും അടയാളമായിട്ടുണ്ടെന്നും ആര്‍ച്ചുബിഷപ്പ് സുബ്രോത്തോ ചൂണ്ടിക്കാട്ടി. 

Source: Vatican Radio