News >> സന്ന്യാസ ജീവിതം കാരുണ്യത്തിന്‍റെ പങ്കുവയ്ക്കലാകണം
സന്ന്യാസജീവിതം
കാരുണ്യത്തിന്‍റെ പങ്കുവയ്ക്കലാണെന്ന്, സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള
വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ബ്രാസ് ദെ ആവിസ് പ്രസ്താവിച്ചു.
സമര്‍പ്പണ ജീവിത വര്‍ഷാചരണത്തിന്‍റെ സമാപനത്തോടനുബന്ധിച്ച്, ഫെബ്രുവരി
2-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍റെ ദിനപത്രം 'ലൊസര്‍വത്തോരേ
റൊമാനോ'യ്ക്കു നല്കിയ അഭിമുഖത്തിലാണ് സന്ന്യാസത്തില്‍ കാരുണ്യത്തിനുള്ള
പ്രസക്തിയെക്കുറിച്ച് കര്‍ദ്ദിനാള്‍ ദെ ആവിസ് ഇങ്ങനെ പ്രസ്താവിച്ചത്.
കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷത്തില്‍ സമര്‍പ്പണ ജീവിത വര്‍ഷാചരണത്തിന്‍റെ
സമാപനം കൊണ്ടാടിയതിന് ഏറെ പ്രസക്തിയുണ്ടെന്നും, ക്രിസ്തുവില്‍ ലോകം
ദര്‍ശിച്ച പിതാവിന്‍റെ കാരുണ്യം ഇന്നു ലോകത്തു ലഭ്യമാക്കുകയാണ്
സമര്‍പ്പിതരുടെ ജീവിതദൗത്യമെന്നും കര്‍ദ്ദിനാള്‍ ദെ ആവിസ് ഉദ്ബോധിപ്പിച്ചു.
സകലത്തിന്‍റെയും അതിനാഥനും നീതിനടപ്പാക്കുന്നവനും ദൈവം ആകയാല്‍ സകലരും
ദൈവികകാരുണ്യത്തില്‍ ആശ്രയിക്കേണ്ടിരിക്കുന്നു. ആകയാല്‍ സമര്‍പ്പിതരായവര്‍
ദൈവിക കാരുണ്യത്തിന്‍റെ പ്രായോക്താക്കളാകണമെന്നത്, പാപ്പാ ഫ്രാന്‍സിസ്
പ്രബോധിപ്പിച്ച പ്രസക്തവും കാലികവുമായ ജൂബിലിവര്‍ഷത്തിന്‍റെ നവീകരണ
പാതയാണെന്ന് കര്‍ദ്ദിനാള്‍ ദെ ആവിസ് അഭിമുഖത്തില്‍ വ്യക്തമാക്കി.
'കരുണയുള്ള പിതാവിനെപ്പോലെ... കരുണയുള്ളവരാകുവിന്‍...' (ലൂക്ക 6, 36)
എന്നുള്ള ജൂബിലി സൂക്തം ഏറെ പ്രചോദനാത്മകമാണ്. സഭ പൊതുവെയും,
സന്ന്യസ്തരായവര്‍ പ്രത്യേകിച്ചും വ്യാപൃരായിരിക്കുന്ന വിദ്യാഭ്യാസം,
ആതുരശുശ്രൂഷ, രോഗീപരിചരണം, സമൂഹ്യസേവനം എന്നീ മേഖലകളില്‍ ജാതിയുടെയോ
മതത്തിന്‍റെയോ സംസ്ക്കാരങ്ങളുടെയോ ഭാഷയുടെയോ അതിര്‍വരമ്പുകളില്ലാതെ
ലഭ്യമാക്കേണ്ട ദൈവികകാരുണ്യത്തിന്‍റെ ആനുകാലികമായ നവീകരണാഹ്വാനമാണ്
ജൂബിലിയെന്ന് കര്‍ദ്ദിനാല്‍ ദാവിസ് പ്രസ്താവിച്ചു.
Source: Vatican Radio