News >> ലോകത്തെ വിശുദ്ധീകരിക്കാന്‍ സമര്‍പ്പിതര്‍ക്ക് കരുത്തുണ്ടെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍


സന്ന്യാസ സമര്‍പ്പണത്തിന് ലോകത്തെ വിശുദ്ധീകരിക്കാന്‍ കരുത്തുണ്ടെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍.

ഫെബ്രുവരി 2-ാം തിയതി ചൊവ്വാഴ്ച  സമര്‍പ്പണ ജീവിത വര്‍ഷാചരണത്തിന്‍റെ സമാപനവും, ക്രിസ്തുവിന്‍റെ സമര്‍പ്പണത്തിരുനാളും സംയുക്തമായി ആചരിച്ചുകൊണ്ട്, സ്ലൊവേനിയയുടെ തലസ്ഥാനമായ ജൂബ്ലിയേനയിലുള്ള വിശുദ്ധ നിക്കോളസിന്‍റെ ഭദ്രാസന ദേവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലിയിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

വയോധികരും സാധാരണക്കാരുമായിരുന്ന ജരൂസലേമിലെ അന്നയ്ക്കും ശിമയോനും ലഭിച്ച രക്ഷകനായ ക്രിസ്തുവിന്‍റെ ദര്‍ശനവും കൂടിക്കാഴ്ചയുമാണ് കാലം കാതോര്‍ത്തിരുന്ന ദിവ്യരക്ഷകനെ ലോകത്തോടു പ്രഘോഷിക്കുവാന്‍ അവര്‍ക്ക് പ്രചോദനവും കരുത്തും നല്കിയതെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ സുവിശേഷത്തിന്‍റെ പശ്ചാത്തലത്തില്‍ ചൂണ്ടിക്കാട്ടി.

ജനതകള്‍ക്കായി ദൈവം ഒരുക്കിയ രക്ഷയും, വിജാതീയര്‍ക്കു പ്രകാശമായ വെളിപാടും, ഇസ്രായേലിന്‍റെ മഹത്വവും സകല ലോകത്തോടും ജനതകളോടും ഏറെ പ്രായാധിക്യത്തില്‍ എത്തിയവര്‍ ബോധ്യത്തോടെ പ്രഘോഷിച്ചുവെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ പ്രസ്താവിച്ചു.  സമര്‍പ്പണത്തിലൂടെ ദൈവികബന്ധം മനുഷ്യര്‍ക്കു ലഭിക്കുമ്പോള്‍ വ്യക്തികളുടെ ബലഹീനതകള്‍ ലോകത്തിന് രക്ഷയുടെയും ആത്മീയതയുടെയും കരുത്തും വെളിച്ചവുമായി പരിണമിക്കുമെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ ഉദ്ബോധിപ്പിച്ചു.

സാമ്പത്തിക മാന്ദ്യവും, ദൈവവിളിയുടെ കുറവും അനുഭവിക്കുന്ന ആഗോളവത്കൃത ലോകത്ത് ഇക്കാലഘട്ടത്തില്‍ സന്ന്യസ്തരുടെ എണ്ണമോ പ്രായമോ പ്രശ്നമാക്കേണ്ടതില്ല. തങ്ങളുടെ സമര്‍പ്പണത്തിന്‍റെ മേന്മയും വിശ്വസ്തതയുംകൊണ്ട് ക്രിസ്തുവിന്‍റെ സ്നേഹവും കാരുണ്യവും മനുഷ്യര്‍ക്ക്, വിശിഷ്യാ പാവങ്ങളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമായവര്‍ക്ക്, ലഭ്യമാക്കാനാണ് സമര്‍പ്പിതര്‍ പരിശ്രമിക്കേണ്ടതെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ ഉദ്ബോധിപ്പിച്ചു.

Source: Vatican Radio