News >> യുവജനങ്ങളെ പിന്‍തുണയ്ക്കുന്ന സാമൂഹിക സ്നേഹശൃംഖല : "സ്കോളാസ് ഒക്കുരേന്തസ്"
വിദ്യാഭ്യാസത്തിലൂടെ കൂട്ടായ്മ വളര്‍ത്താം. ഫെബ്രുവരി 3-ാം തിയതി ബുധനാഴ്ച വൈകുന്നേരം വത്തിക്കാനിലെ 'കസീനോ പിയോ' മന്ദിരത്തില്‍ സംഗമിച്ച പാപ്പാ ഫ്രാന്‍സിസിന്‍റെ രക്ഷാധികാരത്തിലുള്ള 'സ്കോളാസ് ഒക്കുരേന്തസ്' (
Scholas occurentes) രാജ്യാന്തര വിദ്യാഭ്യാസ കൂട്ടായ്മയുടെ സമ്മേളനത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. (സ്ക്കൂളുകളുടെ കൂട്ടായ്മ അല്ലെങ്കില്‍ സൗഹൃദ ശൃംഖലയെന്നാണ് പ്രസ്ഥാനത്തിന്‍റെ ലത്തീന്‍, സ്പാനിഷ് പേര് അര്‍ത്ഥമാക്കുന്നത്).വിദ്യാഭ്യാസം ഏതു മേഖലയിലായിരുന്നാലും അറിവിനോടൊപ്പം യുവജനങ്ങളില്‍ കൂട്ടായ്മയുടെയും സാഹോദര്യത്തിന്‍റെയും മൂല്യം വളര്‍ത്തണം. കളിയിലായാലും കലയിലായാലും പാരസ്പര്യവും കൂട്ടായ്മയുമാണ് വിജയത്തിലേയ്ക്ക് നയിക്കുന്നതെന്ന് പ്രസ്ഥാനത്തിന്‍റെ ലക്ഷ്യവും അടിസ്ഥാന ബലതന്ത്രവും വിശദീകരിച്ചുകൊണ്ട് പാപ്പാ പ്രസ്താവിച്ചു.കളിക്കുന്നവര്‍ എത്ര കരുത്തുള്ളവരായിരുന്നാലും പങ്കുവച്ചും പരസ്പരം പിന്‍തുണച്ചുമാണ് മുന്നേറുന്നതെന്ന് സമ്മേളനവേദിയില്‍ തന്‍റെ അടുത്തിരുന്ന ബ്രസീലിയന്‍ താരം റൊണാള്‍ഡീനോയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പാപ്പാ നേതൃസമ്മേളനത്തെ ഉദ്ബോധിപ്പിച്ചു. അതുപോലെ ഒരു സംഗീത സഖ്യത്തില്‍ പ്രഗത്ഭരായ താരങ്ങളാണ് അവതരണ വേദിയിലുള്ളതെങ്കിലും കൂട്ടായ്മയുടെ പാരസ്പര്യത്തിലാണ്
(ensemble) നല്ല സംഗീതം സൃഷ്ടിക്കാന്‍ സാധിക്കുന്നതെന്ന് പാപ്പാ വിശദമാക്കി.സ്വാര്‍ത്ഥതയുടെയും ഒറ്റപ്പെടുത്തലിന്‍റെയും ലോകത്ത് തുറവോടെ സമൂഹത്തില്‍ കൂട്ടായ്മയും സമാധാനവും വളര്‍ത്താന്‍ ഇറങ്ങിപ്പുറപ്പെടേണ്ട കാലമാണിത്. അതിനായി ആദ്യം വിവിധ മേഖലകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ യുവജനങ്ങളെ കരുപ്പിടിപ്പിക്കുന്ന 'സ്കോളാസി'ന്‍റെ തന്ത്രം ഇനിയും ബലപ്പെടുത്തിയെടുക്കുയും വളര്‍ത്തുകയുംവേണമെന്ന് പാപ്പാ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.പ്രസ്ഥാനത്തിന്‍റെ റോം സമ്മേളനത്തെ പിന്‍തുണയ്ക്കാനെത്തിയ കലാകാരന്മാര്‍ക്കും കായികതാരങ്ങള്‍ക്കും സാംസ്ക്കാരിക പ്രമുഖര്‍ക്കും, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും പാപ്പാ നന്ദിപറഞ്ഞു.സ്ക്കോളയുടെ ധനശേഖരാര്‍ത്ഥം അത് ജനകീയമാക്കുന്നതിനുമായി ഈ വര്‍ഷം സംഘടിപ്പിക്കുവാന്‍ പോകുന്ന രണ്ടു പദ്ധതികള്‍ സംഘാടകര്‍ക്കുവേണ്ടി സമ്മേളനത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിക്കുകയുണ്ടായി. മെയ് 7-ാം തിയതി അമേരിക്കയിലെ ലാസ് വെഗാസില്‍ അരങ്ങേറുന്ന മതരമ്യതയുടെ മുസ്ലി കാത്തലിക്ക് ബോക്സിങാണ് ആദ്യ പരിപാടി. മെയ് 29-ന് റോമിലെ ഒളിംപിക്സ് സ്റ്റേഡിയത്തില്‍ നടക്കുവാന്‍ പോകുന്ന സമാധാനത്തിനായുള്ള രാജ്യാന്തര ഫുഡ്ബോള്‍ മത്സരം രണ്ടാമത്തേതും.ബ്യൂനസ് ഐരസിലെ മെത്രാനായിരിക്കെ യുവാക്കളെ, വിശിഷ്യാ പാവങ്ങളായവരെ തുണയ്ക്കുന്നതിനും അവരില്‍ ഐക്യദാര്‍ഢ്യത്തിന്‍റെയും കൂട്ടായ്മയുടെ ചൈതന്യം വളര്‍ത്തുന്നതിനുമായി പാപ്പാ ഫ്രാന്‍സിസ് സ്ഥാപിച്ച സംഘടയാണ് ഇന്ന് ആഗോള പ്രസ്ഥാനമായി വളര്‍ന്നിരിക്കുന്ന 'സ്കോളാസ് ഒക്കുരേന്തസ്' (
Scholas Occurentes)! സ്പോര്‍ട്സ്, ശാസ്ത്രം, സാങ്കിതവിദ്യ, കല എന്നീ മേഖലകളില്‍നിന്നുമുള്ള നാലു ലക്ഷത്തിലേറെ അംഗങ്ങളുള്ള പ്രസ്ഥാനത്തിന് ഇപ്പോള്‍ ഇറ്റലിയില്‍ 20,000-ത്തോളം അംഗങ്ങളുണ്ടെന്നും പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ്, ഹൊസെ ഡെല്‍ കൊറാല്‍ ഫെബ്രുവരി 3-ന് റോമില്‍ നടന്ന സമ്മേളനത്തില്‍ വെളിപ്പെടുത്തി.Source: Vatican Radio