അക്കരയമ്മയുടെ സന്നിധിയില്‍ പ്രാര്‍ഥിച്ചൊരുങ്ങി മെത്രാഭിഷേകത്തിലേക്ക്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിപഴയപള്ളിയില്‍ പരിശുദ്ധ കന്യകാമാതാവിന്റെ തിരുരൂപത്തിനു മുന്നിലെത്തി ഇന്നലെ രാവിലെ മാര്‍ ജോസ് പുളിക്കല്‍ പ്രാര്‍ഥിച്ചു. ജീവിതത്തിലെ സുപ്രധാന വഴിത്തിരിവുകളില്‍ പരിശുദ്ധ അമ്മയുടെ മുന്നിലെത്തി പ്രാര്‍ഥനകളും യാചനകളും അര്‍പ്പിച്ചശേഷമാണ് മാര്‍ ജോസ് പുളിക്കല്‍ തീരുമാനങ്ങളെടുത്തിരുന്നത്. പഴയപള്ളിയില്‍ റെക്ടര്‍ ഫാ. ഇമ്മാനുവേല്‍ മങ്കന്താനം സഹായ മെത്രാനെ സ്വീകരിച്ചു.
തുടര്‍ന്ന് ബിഷപ്സ് ഹൌസിലെത്തി രൂപതയുടെ ദ്വിതീയ മെത്രാന്‍ മാര്‍ മാത്യു വട്ടക്കുഴിയെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി. സ്ഥാനിക ചിഹ്നമായ പുതിയ കുരിശുമാല മാര്‍ വട്ടക്കുഴി ആശീര്‍വദിച്ചു നല്‍കി. പുതിയ ചുമതലയില്‍ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഇഞ്ചിയാനി ഹോളിഫാമിലി പള്ളിയില്‍ 25 വര്‍ഷം മുമ്പ് മാര്‍ ജോസ് പുളിക്കലിന് വൈദിക പട്ടം നല്‍കിയതും വട്ടക്കുഴി പിതാവായിരുന്നു. ഉച്ചയോടെ ബിഷപ്സ് ഹൌസിലെത്തി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് പവ്വത്തിലും മാര്‍ പുളിക്കലിന് ആശംസകള്‍ അര്‍പ്പിച്ചു.
കാഞ്ഞിരപ്പള്ളി രൂപത ദൈവകൃപയാല്‍ അനുഗൃഹീതം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
കാഞ്ഞിരപ്പള്ളി: പ്രാഗത്ഭ്യമുള്ള മേലധ്യക്ഷന്‍മാരാല്‍ അനുഗ്രഹീതമായ കാഞ്ഞിരപ്പള്ളി രൂപതയ്ക്കു ലഭിച്ച ദൈവത്തിന്റെ വരദാനമാണ് മാര്‍ ജോസ് പുളിക്കലെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. മാര്‍ ജോസ് പുളിക്കലിന്റെ മെത്രാഭിഷേക ചടങ്ങിനോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാന മധ്യേ തിരുവചനസന്ദേശം നല്‍കുകയായിരുന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട്. സമൂഹത്തിലെ തിന്‍മകള്‍ക്കെതിരേ ദൈവവചനമാകുന്ന പടവാള്‍ ഉയര്‍ത്തിപ്പിടിക്കുന്നവനാണ് മാര്‍ പുളിക്കല്‍.
സുരക്ഷിതത്വമെന്ന പുറങ്കുപ്പായം വിറ്റ് ദൈവവചനമാകുന്ന വാള്‍ സ്വീകരിച്ച മാര്‍ പുളിക്കല്‍ ദൈവവചനം കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്ന വ്യക്തിയാണെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. വ്യക്തി എല്ലാം സമര്‍പ്പിക്കുമ്പോഴാണ് സഭയുണ്ടാകുന്നത്. സഭയുടെയും സമൂഹത്തിന്റെയും കൂട്ടായ്മയ്ക്ക് അവശ്യം വേണ്ടത് ഇത്തരം നിസ്വാര്‍ഥമായ സമര്‍പ്പണങ്ങളാണ്. ഉറച്ചവിശ്വാസത്തിനുമേല്‍ മാത്രമേ സഭയെ പടുത്തുയര്‍ത്താനാകൂ. വിശുദ്ധ ബൈബിളില്‍ വിധവയുടെ കൊച്ചുകാശ് എന്ന ഭാഗത്ത് പറയുന്നപോലെ വിധവ ചില്ലിക്കാശ് നേര്‍ച്ചയിടുന്നതു കണ്ടപ്പോള്‍ ഈശോ ശിഷ്യന്മാരെ ഒരുമിച്ചുകൂട്ടി. വിധവ തന്റെ ദാരിദ്യ്രത്തില്‍നിന്നു സമര്‍പ്പിച്ചപ്പോഴാണ് കൂട്ടായ്മയുണ്ടായത്. ദൈവവചനത്തോടൊപ്പം യഥാര്‍ഥ വിശ്വാസിയും പ്രയാണം ചെയ്യണം. ഇതിന് പത്രോസ് ശ്ളീഹായുടെ ധൈര്യവും യോഹന്നാന്റെ സ്നേഹവും സമന്വയിക്കണമെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഓര്‍മിപ്പിച്ചു.
മലബാര്‍ സഭയുടെ കിരീടമെന്ന് ബനഡിക്ട് മാര്‍പാപ്പ മുമ്പ് വിശേഷിപ്പ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ നേതൃത്വത്തിലായിരുന്നു കാഞ്ഞിരപ്പള്ളി രൂപതയുടെ ശൈശവഘട്ടം. തുടര്‍ന്നു സാത്വികനും സൌമ്യനുമായ മാര്‍ മാത്യു വട്ടക്കുഴി കാനോന്‍ നിയമത്തിന്റെ കാര്‍ക്കശ്യം കൈവിടാതെ നിയമത്തിന്റെയും സ്നേഹത്തിന്റെയും കൂടിച്ചേരലിലൂടെ രൂപതയെ നയിച്ചു. ദൃഢനിശ്ചയവും സ്നേഹവാത്സ്യല്യങ്ങളും പ്രവര്‍ത്തന ശൈലിയാക്കി ജനങ്ങള്‍ക്കിടയില്‍ ശുശ്രൂഷ ചെയ്യുന്ന മാര്‍ മാത്യു അറയ്ക്കല്‍ രൂപതയെ വികസനത്തിന്റെ മലമുകളിലെത്തിച്ചു. സീറോ മലബാര്‍ സഭയിലെ അല്മായരുടെ ശ്ളീഹാ എന്നു വിശേഷിപ്പിക്കുന്ന മാര്‍ മാത്യു അറയ്ക്കലിന്റെ നേതൃത്വത്തില്‍ രൂപതയെ ആത്മീയവും സാംസ്കാരികവും കാര്‍ഷികപരവും പ്രാധാന്യമുള്ള രൂപതയാക്കി മാറ്റി. തലമുറകള്‍ക്ക് വെളിച്ചം പകര്‍ന്ന ഈ പിതാക്കന്‍മാരുടെ പാത പിന്തുടരാന്‍ മാര്‍ പുളിക്കലിനും സാധിക്കുമെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. സഭാത്മകവും ദൈവാരാധനയില്‍ അധിഷ്ഠിതവുമായ ഒരു നവസുവിശേഷവത്കരണം നടത്തുവാനും ഗ്രാമര്‍ തെറ്റാതെ ആത്മീയത പരിപോഷിപ്പിക്കാനും അദ്ദേഹത്തിനു കഴിയും. മേല്‍പ്പട്ട ശുശ്രൂഷയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹം സ്വീകരിച്ചിച്ച ആപ്ത വാക്യത്തിലേതുപോലെ ലോകത്തിന്റെ പ്രകാശം കാറ്റില്‍പെടാതെ സൂക്ഷിക്കുവാന്‍ മാര്‍ ജോസ് പുളിക്കലിനു കഴിയട്ടെയെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശംസിച്ചു.
അനുഗ്രഹം നേരാന്‍ സഭാധ്യക്ഷന്മാരും ജനനായകരും
കാഞ്ഞിരപ്പള്ളി: മാര്‍ ജോസ് പുളിക്കലിന്റെ മെത്രാഭിഷേകത്തില്‍ പങ്കുചേരാനും പ്രാര്‍ഥനാശംസകള്‍ നേരാനും സഭാപിതാക്കന്മാര്‍ ഒന്നാകെ കാഞ്ഞിരപ്പള്ളിയില്‍ എത്തി.
ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ജോസഫ് പവ്വത്തില്‍, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജേക്കബ് തൂങ്കുഴി, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, ഡോ. സൂസപാക്യം, തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ മാര്‍ മാത്യു വട്ടക്കുഴി, മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, മാര്‍ ലോറന്‍സ് മുക്കുഴി, മാര്‍ ജോസഫ് അരുമച്ചാടത്ത്, മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ആന്റണി കരിയില്‍, മാര്‍ ജോസഫ് പണ്ടാരശേരി, മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോസ് പൊരുന്നേടം, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, മാര്‍ റാഫേല്‍ തട്ടില്‍, വിന്‍സെന്റ് മാര്‍ പൌലോസ്, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ഏബ്രഹാം മാര്‍ യൂലിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ഫിലിപ്പോസ് മാര്‍ സ്തേഫാനോസ്, സാമുവേല്‍ മാര്‍ ഐറേനിയോസ്, ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, ഡോ. ജോസഫ് കാരിക്കശേരി, മാര്‍ ജോസഫ് കരിയില്‍, മാര്‍ തോമസ് ചക്യത്ത്, ഡോ. വിന്‍സെന്റ് സാമുവല്‍, ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, മാര്‍ ഗ്രിഗറി കരോട്ടെമ്പ്രയില്‍, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, മാര്‍ ബോസ്കോ പുത്തൂര്‍, മാര്‍ ജോയി ആലപ്പാട്ട്. ഡോ. സ്റ്റാന്‍ലി റോമന്‍, റവ.ഡോ. തോമസ് കെ. ഉമ്മന്‍, ഇവാനിയോസ് മാര്‍ കുര്യാക്കോസ്, ജോഷ്വാ മാര്‍ നിക്കോദെമോസ് എന്നിവര്‍ തിരുക്കര്‍മങ്ങളില്‍ സംബന്ധിച്ച് നവ സഹായ മെത്രാനുവേണ്ടി പ്രാര്‍ഥിച്ച് ആശംസകളര്‍പ്പിച്ചു.
മന്ത്രിമാരായ പി.ജെ. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ റവ.ഡോ. മാണി പുതിയിടം, ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ളാക്കല്‍, എംപിമാരായ ആന്റോ ആന്റണി, ജോസ് കെ. മാണി, ജോയിസ് ജോര്‍ജ്, എംഎല്‍എമാരായ കെ.എം. മാണി, ഡോ. എന്‍. ജയരാജ്, രാജു എബ്രഹാം, റോഷി അഗസ്റ്റിന്‍, ജോസഫ് വാഴയ്ക്കന്‍ എന്നിവരും ജോര്‍ജ് ജെ. മാത്യു, പി.സി. ജോര്‍ജ്, കെ. ഫ്രാന്‍സീസ് ജോര്‍ജ്, പി.സി. തോമസ്, അല്‍ഫോന്‍സ് കണ്ണന്താനം, പി.സി. ജോസഫ്, മാത്യു സ്റീഫന്‍, കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി, ലോപ്പസ് മാത്യു, വി.വി. അഗസ്റ്റിന്‍, ഡീന്‍ കുര്യാക്കോസ്, അഡ്വ. ജോസ് വിതയത്തില്‍, സെബാസ്റ്യന്‍ കുളത്തുങ്കല്‍, പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി. മോഹന്‍രാജ്, ഇടുക്കി ഡിസിസി പ്രസിഡന്റ് റോയി കെ. പൌലോസ്, നിര്‍മല ജിമ്മി, ഫിലിപ്പ് ജോസഫ്, ഡിജോ കാപ്പന്‍, ഇടുക്കി ജില്ലാ പോലീസ് ചീഫ് ജോര്‍ജ് വര്‍ഗീസ്, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വി.യു. കുര്യാക്കോസ്, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് മുണ്ടകത്തില്‍, മോണ്‍. ജെയിംസ് പാലയ്ക്കല്‍, പാലാ രൂപത വികാരി ജനറാള്‍ മോണ്‍. എബ്രഹാം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, വിജയപുരം രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്യന്‍ പൂവത്തുങ്കല്‍, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് ഓലിയപ്പുറം, കുട്ടനാട് വികസനസമിതി എക്സിക്യൂട്ടീവ് ഡയറക്്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍, റവ.ഡോ. സേവ്യര്‍ കൂടപ്പുഴ, ഫാ. ജോര്‍ജ് കുറ്റിക്കല്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവും പ്രസക്തമായ ആപ്തവാക്യം: ആര്‍ച്ച്ബിഷപ് പെനാക്കിയോ
കാഞ്ഞിരപ്പള്ളി: സഭാ ശുശ്രൂഷയില്‍ ആപ്ത വാക്യമാക്കി ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവും എന്ന തിരുവചനം മാര്‍ ജോസ് പുളിക്കല്‍ സ്വീകരിച്ചത് ഇക്കാലത്ത് ഏറെ പ്രസക്തമാണെന്ന് വത്തിക്കാന്‍ നൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വോത്തോരെ പെനാക്കിയോ. ഉപ്പ് രുചി നല്‍കുന്നതും മുറിവ് ഉണക്കുന്നതും ഫലം നല്‍കുന്നതുമാണ്.
ഉപ്പിന്റെ ഗുണവിശേഷങ്ങള്‍ ചരിത്രകാലത്തോളം പ്രസിദ്ധമാണ്. തിരുവചനങ്ങളില്‍ നിരവധി ഉപമകളില്‍ ഉപ്പിനേക്കുറിച്ച് പരാമര്‍ശമുണ്ട്. ലോകത്തിനു പ്രകാശം നല്‍കുക എന്നത് ഇടയന്റെ വലിയ ദൌത്യമാണ്. ഇരുളില്‍ നിന്നു വെളിച്ചത്തിലേക്ക് സമൂഹത്തെ നയിക്കുക എന്നതാണ് ഇടയന്റെ ദൌത്യം. പുതിയ നൂറ്റാണ്ടില്‍ പുതിയ തലമുറയെ വചനത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായി വളര്‍ത്തുവാനും നയിക്കുവാനുമുള്ള ദൌത്യമാണ് മാര്‍ ജോസ് പുളിക്കല്‍ ഏറ്റെടുക്കുന്നത്.
ഈ ദൈവ നിയോഗത്തില്‍ നവ ഇടയന് എല്ലാവിധ ആശംസകളും നേരുന്നു. അഭിവന്ദ്യ മാര്‍ അറയ്ക്കല്‍ പിതാവിനൊപ്പം കാഞ്ഞിരപ്പള്ളി രൂപതയെ കൂടുതല്‍ വളര്‍ച്ചയിലേക്ക് നയിക്കുവാന്‍ ഈ കൂട്ടായ്മയ്ക്ക് സാധിക്കട്ടെ. ആര്‍ച്ച് ബിഷപ് ഡോ. പെനാക്കിയോ ഉദ്ബോധിപ്പിച്ചു.
സ്നേഹദീപത്തിന്റെ ഉപഹാരമായി തിരുവസ്ത്രങ്ങള്‍
കാഞ്ഞിരപ്പള്ളി: ഇഞ്ചിയാനി സ്നേഹദീപത്തിലെ കുഞ്ഞുമക്കളും അവരുടെ പ്രിയപ്പെട്ട സിസ്റേഴ്സും മാര്‍ ജോസ് പുളിക്കലിന് ഇന്നലെ അവിസ്മരണീയമായ ഒരു ഉപഹാരം നല്‍കി. മെത്രാഭിഷേകത്തിനുള്ള തിരുവസ്ത്രങ്ങള്‍ അവരുടെ സമ്മാനമായിരുന്നു. പുളിക്കല്‍ വീടും രണ്ടരയേക്കര്‍ സ്ഥലവും മാര്‍ ജോസ് പുളിക്കല്‍ സിസ്റേഴ്സ് ഓഫ് ഹോളി സ്പിരിറ്റ് സന്യാസ സമൂഹത്തിന് സംഭാവനയായി നല്‍കിയിരുന്നു. അനാഥരായ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനാണ് ഈ ഭവനം നല്‍കിയത്. രണ്ടു പതിറ്റാണ്ടിനുള്ളില്‍ മുന്നൂറിലേറെ കുട്ടികള്‍ സ്നേഹദീപം ഭവനത്തി പഠനവും പരിശീലനവും നേടി മടങ്ങിയിട്ടുണ്ട് ഭൌതിക സ്വത്ത് പൂര്‍ണമായും തങ്ങള്‍ക്കു സമ്മാനം നല്‍കിയ ഇടയനോടുള്ള നന്ദി അറിയിച്ചുകൊണ്ടാണ് ഇന്നലെ സ്നേഹദീപം അംഗങ്ങള്‍ തിരുക്കര്‍മത്തിനെത്തിയത്.
സഹായ മെത്രാന് സ്ഥാനിക മുദ്രയായുള്ള അംശവടിയും കൈസ്ളീവായും നല്‍കിയത് ചങ്ങനാശേരി അതിരൂപതയില്‍നിന്നാണ്. കുമ്പിള്‍ തടിയില്‍ കൊത്തുപണികളോടെ തീര്‍ത്ത അംശവടി മുഖ്യ കാര്‍മികന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മാര്‍ ജോസ് പുളിക്കലിന് നല്‍കി.
കാപ്പയും മുടിയും തീര്‍ന്നത് ഇവരുടെ കരവിരുതില്‍
കാഞ്ഞിരപ്പള്ളി: മെത്രാഭിഷേക തിരുക്കര്‍മത്തില്‍ മാര്‍ ജോസ് പുളിക്കലിനുള്ള കാപ്പയും സ്ഥാനിക ചിഹ്നമായ മുടിയും ഡിസൈന്‍ ചെയ്തത് പൊന്‍കുന്നം ഫാബ് ഡിസൈനിലെ ജെയിംസും ഭാര്യ റാണിയും. രൂപതയില്‍ നിന്നു നല്‍കിയ നിര്‍ദേശമനുസരിച്ച് കംപ്യൂട്ടറില്‍ ഡിസൈന്‍ തയാറാക്കി ചങ്ങനാശേരി കോപ്ടെക്കിലാണ് തുന്നിയത്.
പൌരാണിക മാര്‍ത്തോമ്മ കല്‍ക്കുരിശ് ആലേഖനം ചെയ്ത് അതിനു താഴെ 'മാര്‍ വാലാഹ്' (എന്റെ കര്‍ത്താവേ, എന്റെ ദൈവമേ) എന്ന് സുറിയാനിയില്‍ എഴുതി ഒട്ടേറെ ചിത്രപ്പണികളോടെ തയാറാക്കിയ വെള്ളി നിറമുള്ള കാപ്പ നാലു ദിവസംകൊണ്ടാണ് ഡിസൈന്‍ ചെയ്തത്.
പൌരസ്ത്യ സഭാ പാരമ്പര്യത്തെ വിളിച്ചറിയിക്കുന്നതായിരുന്നു അണിയിച്ച മുടി (തൊപ്പി). സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളിലേക്ക് മെത്രാന്മാര്‍ക്ക് സ്ഥാനിക തൊപ്പിയും കാപ്പയും ഇവര്‍ ഡിസൈന്‍ ചെയ്തു നല്‍കിയിട്ടുണ്ട്. സിഎംഐ സഭയുടെ നിര്‍ദേശപ്രകാരം വിശുദ്ധ ചാവറയച്ചന്റെ റോമിലെ നാമകരണ ചടങ്ങില്‍ സീറോ മലബാര്‍ സഭാംഗങ്ങള്‍ക്കാവശ്യമായ കാപ്പ ഡിസൈന്‍ ചെയ്തതും ഈ ദമ്പതികളാണ്.
|
| Source: Deepika
|
|