News >> മാര്‍ ജോസ് പുളിക്കല്‍ അഭിഷിക്തനായി

റെജി ജോസഫ്

കാഞ്ഞിരപ്പള്ളി:സഭാധ്യക്ഷന്മാരും സന്യസ്തരും വിശ്വാസിസമൂഹവും ഒന്നുചേര്‍ന്ന പ്രാര്‍ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായ മെത്രാനായി മാര്‍ ജോസ് പുളിക്കല്‍ അഭിഷിക്തനായി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലും അങ്കണത്തിലും തിങ്ങിനിറഞ്ഞ അജഗണങ്ങള്‍ സാക്ഷിയായ മെത്രാഭിഷേക ശുശ്രൂഷകളില്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിച്ചു. വത്തിക്കാന്‍ നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിന് കാഞ്ഞിരപ്പള്ളി മഹാജൂബിലി പാരിഷ്ഹാളില്‍ നിന്ന് അമ്പതിലേറെ മെത്രാന്മാരും രൂപതയിലെയും വിവിധ സന്യാസസഭകളിലെയും വൈദികരും ഒന്നുചേര്‍ന്ന പ്രദക്ഷിണത്തില്‍ നിയുക്ത മെത്രാനെ സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലേക്ക് ആനയിച്ചു. കൊടിതോരണങ്ങളും പേപ്പല്‍ പതാകകളുംകൊണ്ടു വര്‍ണാഭമായ അങ്കണവും പന്തലും നിറഞ്ഞുനിന്ന വിശ്വാസികള്‍ നവ ഇടയന് കൂപ്പുകരങ്ങളോടെ പ്രാര്‍ഥനാശംസകള്‍ നേര്‍ന്നു. സെന്റ് ഡൊമിനിക്സ് കത്തീഡ്രലിന്റെ മണിനാവുകള്‍ സ്തുതിയുടെ സങ്കീര്‍ത്തനങ്ങള്‍ ആലപിച്ച ധന്യനിമിഷത്തില്‍ കത്തീഡ്രല്‍ കവാടത്തില്‍ നിയുക്ത മെത്രാനെയും പിതാക്കന്മാരെയും കത്തീഡ്രല്‍ വികാരി ഫാ. ജോര്‍ജ് ആലുങ്കല്‍, വികാരി ജനറാള്‍മാരായ റവ.ഡോ. മാത്യു പായിക്കാട്ട്, ഫാ. ജസ്റിന്‍ പഴേപറമ്പില്‍, ചാന്‍സലര്‍ റവ.ഡോ. കുര്യന്‍ താമരശേരി, വൈസ്ചാന്‍സലര്‍ റവ.ഡോ. മാത്യു കല്ലറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. 

മെത്രാഭിഷേക ശുശ്രൂഷകള്‍ക്കു മുന്നോടിയായി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ആമുഖപ്രഭാഷണം നടത്തി. തുടര്‍ന്നു മാര്‍ പുളിക്കലിനെ കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായമെത്രാനായി നിയമിച്ചുകൊണ്ടുള്ള സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഉത്തരവ് റവ.ഡോ. കുര്യന്‍ താമരശേരി വായിച്ചു. റവ.ഡോ. മാത്യു കല്ലറയ്ക്കല്‍ പരിഭാഷപ്പെടുത്തി. തുടര്‍ന്ന് രക്തംകൊണ്ടു മിശിഹായ്ക്കു സാക്ഷ്യം നല്‍കി കടന്നുപോയ പൂര്‍വികരെ അനുസ്മരിച്ചുകൊണ്ട് നവ ഇടയന്‍ രക്തസാക്ഷികളുടെ തിരുശേഷിപ്പുകളെ വന്ദിച്ചു. സത്യവിശ്വാസം സംരക്ഷിക്കാനും പഠിപ്പിക്കാനും കടപ്പെട്ടവരാണ് അഭിഷിക്തര്‍ എന്ന് അനുസ്മരിച്ചുകൊണ്ട് വിശുദ്ധഗ്രന്ഥം സാക്ഷിയാക്കി അദ്ദേഹം വിശ്വാസ പ്രഖ്യാപനം നടത്തി. 

പരിശുദ്ധാത്മാവിന്റെ കൃപയ്ക്കായി വിശ്വാസീസമൂഹം ഒന്നാകെ തീക്ഷ്ണമായി പ്രാര്‍ഥിച്ചുകൊണ്ടിരിക്കെ മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ കൈവയ്പു ശുശ്രൂഷയിലൂടെ മാര്‍ ജോസ് പുളിക്കലിനെ സഹായ മെത്രാനായി അഭിഷേകം ചെയ്തു. സഹകാര്‍മികരും സന്നിഹിതരായിരുന്ന മറ്റു ബിഷപ്പുമാരും കൈവയ്പു ശുശ്രൂഷയില്‍ പങ്കുചേര്‍ന്നു. 

തുടര്‍ന്നു സഭയില്‍ അധികാരത്തിന്റെയും ശുശ്രൂഷയുടെയും സമര്‍പ്പണത്തിന്റെയും അടയാളങ്ങളായി മെത്രാനെ സ്ഥാന ചിഹ്നങ്ങളായ മുടിയും (തൊപ്പി) അംശവടിയും കൈസ്ളീവായും നല്‍കി. മേല്‍പ്പട്ടക്കാരന്റെ ചുമതലയിലേക്ക് ഉയര്‍ത്തപ്പെട്ട നവമെത്രാനെ സന്നിഹിതരായിരുന്ന മറ്റു മെത്രാന്മാര്‍ സഹവര്‍ത്തിത്വത്തിന്റെ അടയാളമായി ആശ്ളേഷിച്ചു. സഹായ മെത്രാനായി ചുമതലയേറ്റെടുത്തതായുള്ള സീറോ മലബാര്‍ എപ്പിസ്കോപ്പല്‍ കൂരിയയില്‍ നിന്നുള്ള രേഖകളില്‍ മാര്‍ ജോസ് പുളിക്കലും കാര്‍മികരും ഒപ്പുവച്ചു. 

പൌരസ്ത്യ തിരുസംഘത്തിന്റെ പ്രിഫെക്ട് കര്‍ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രിയുടെ ആശംസകള്‍ വത്തിക്കാന്‍ നുണ്‍ഷ്യോയുടെ ഓഫീസില്‍ നിന്നുളള പ്രതിനിധി മോണ്‍. പൌമോപ്പ് വിംപാരി വായിച്ചു. നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് സാല്‍വത്തോരെ പെനാക്കിയോ സഭയുടെ ഔദ്യോഗിക അനുമോദനം മാര്‍ ജോസ് പുളിക്കലിനു നേര്‍ന്നു. 

മെത്രാഭിഷേക ശുശ്രൂഷകളുടെ തുടര്‍ച്ചയായി മാര്‍ ജോസ് പുളിക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വചനപ്രഘോഷണം നടത്തി. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ റവ.ഡോ. മാത്യു പായിക്കാട്ട് ചടങ്ങില്‍ ആര്‍ച്ച് ഡീക്കനായിരുന്നു. മൈനര്‍ സെമിനാരി റെക്ടര്‍ റവ.ഡോ. തോമസ് പൂവത്താനിക്കുന്നേല്‍ തിരുക്കര്‍മങ്ങള്‍ സംബന്ധിച്ച തത്സമയ വിവരണങ്ങള്‍ നല്‍കി.

പ്രതിനിധികളായി വികാരി ജനറാള്‍ ഫാ. ജസ്റിന്‍ പഴേപറമ്പില്‍, സെന്റ് ജോണ്‍ ഓഫ് ഗോഡ് സുപ്പീരിയര്‍ ജനറാള്‍ സിസ്റര്‍ വിമല, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി ഏബ്രഹാം മാത്യു പന്തിരുവേലില്‍ എന്നിവര്‍ നവ ഇടയന് ബൊക്കെ സമ്മാനിച്ചു. മാര്‍ ജോസ് പുളിക്കല്‍ നന്ദി പ്രസംഗം നടത്തി. Source: Deepika